മുക്കം∙ കരയിൽ പാമ്പുകൾ, തെരുവ് നായ്ക്കൾ, കാട്ടു പന്നികൾ, പുഴകളിൽ നീർ നായ്ക്കൾ..പൊറുതി മുട്ടിയ ജനം ഭീതിയിൽ. കൊടിയത്തൂർ പഞ്ചായത്തിലെ മാട്ടുമുറി അങ്കണവാടിക്ക് സമീപത്തെ വീട്ടു പറമ്പിൽ നിന്നാണ് വനം വകുപ്പിന്റെ സ്നേക്ക് റെസ്ക്യു അംഗങ്ങൾ കഴിഞ്ഞ ദിവസം മൂർഖൻ പാമ്പിനെ പിടികൂടിയത്.
കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ വീട്ടിൽ കിണറിന്റെ വെള്ളം കോരുന്ന കപ്പിയിൽ നിന്നാണ് ശംഖുവരയൻ പാമ്പിനെ പിടികൂടിയത്. വെള്ളം കോരുന്നതിനിടയിൽ തലനാരിഴയ്ക്കാണ് കടിയേൽക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്.
ഇരുവഞ്ഞിപ്പുഴയുടെ തുമ്പോണ കടവിൽ കഴിഞ്ഞ ദിവസം 3 പേർക്കാണ് നീർനായ്ക്കളുടെ കടിയേറ്റത്.
കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ പരിധിയിലെ ഇരുവഞ്ഞിപ്പുഴ, ചാലിയാർ പുഴ, ചെറുപുഴ കടവുകളിൽ ഇത് സ്ഥിരമായി മാറി. കടുത്ത വേനലിൽ കുളിക്കാനും അലയ്ക്കാനും പുഴകളെ ആശ്രയിച്ചിരുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ പുഴയിലിറങ്ങാൻ പറ്റാത്ത വിധം നീർനായ്ക്കളുടെ വിളയാട്ടമാണ്.
കരിമ്പ് കോളനിയിലെ കദീജ, കാഞ്ഞിരമൂഴി സ്വദേശി ആദി ദേവ്, എടലമ്പാട്ട് സ്വദേശി ഫിദിൽ അഹമ്മദ് എന്നിവർക്കാണ് തുമ്പോണ കടവിൽ നീർ നായ്ക്കളുടെ കടിയേറ്റത്.
ചില കടവുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. കടവിൽ നീ നായ ശല്യം ഉണ്ട് പുഴയിൽ കുളിക്കാൻ ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, കഴിഞ്ഞ ദിവസങ്ങളിൽ 3 പേർക്ക് കടിയേറ്റിട്ടുണ്ട്.
ഇങ്ങിനെയാണ് തുമ്പോണ കടവിൽ നാട്ടുകാർ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. കാട്ടുപന്നികളുടെ ശല്യത്തിലും കർഷകർ ഉൾപ്പെടെ വലയുകയാണ്.
കൃഷി നാശത്തിനൊപ്പം ജീവനും വൻ ഭീഷണിയാണ്. തെരുവ് നായ്ക്കളുടെ വിഹാരവും വർധിച്ചിട്ടുണ്ട്.
മാർക്കറ്റിലും ബസ് സ്റ്റാൻഡുകളിലും തെരുവ് നായ്ക്കൾ കൂട്ടം കൂട്ടമായി വിഹരിക്കുന്നു. ഇഎംഎസ് ഓഡിറ്റോറിയത്തിന്റെ പരിസരങ്ങളിലും അകത്തും വരെ തെരുവ് നായ്ക്കൾ കയറിയിറങ്ങുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

