ഇറാനെ കൈയയച്ച് സഹായിച്ചിട്ടും യുഎസുമായുള്ള സംഘർഷം ഒഴിവാക്കാൻ മധ്യസ്ഥത വഹിച്ചിട്ടും യുദ്ധക്കെടുതിയിൽ വെട്ടിലായി പാക്കിസ്ഥാൻ. ഇന്ധനവില കത്തിക്കയറിയതും ഹോർമുസ് കടന്ന് ഇന്ധനം എത്തിക്കാൻ പറ്റാത്തതുംമൂലം പാക്കിസ്ഥാൻ നട്ടംതിരിയുകയാണെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തന്നെ സമ്മതിച്ചു.
എണ്ണ ഇറക്കുമതി ചെലവ് യുദ്ധത്തിന് മുമ്പ് 30 കോടി ഡോളറായിരുന്നത് (ഏകദേശം 2800 കോടി രൂപ) ഇപ്പോൾ 80 കോടി ഡോളറായി (7600 കോടി രൂപ) വർധിച്ചെന്ന് ഷെഹബാസ് ഷെരീഫ് മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു.
166 ശതമാനമാണ് വർധന. രണ്ടു വർഷമായി പാക്കിസ്ഥാൻ കൈവരിച്ച സാമ്പത്തിക നേട്ടം യുദ്ധത്തോടെ ഇല്ലാതായെന്നും പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഷെഹബാസ് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിനെ (പിഐഎ) സ്വകാര്യവൽകരിക്കാനുള്ള ശ്രമങ്ങൾ ഇതിനിടെ പൊളിഞ്ഞതും പാക്ക് സർക്കാരിന് ആഘാതമായി.
ഹോർമുസിലെ ചരക്കുനീക്കം നിലച്ചതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിലാണ്. ഇന്ത്യയിലേത് പോലെ കരുതൽ ക്രൂഡ് ഓയിൽ ശേഖരമുള്ള രാജ്യമല്ല പാക്കിസ്ഥാൻ.
അതുകൊണ്ടു തന്നെ വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നത് രാജ്യത്തിന്റെ ഇറക്കുമതി ചെലവിനെ ഗുരുതരമായി ബാധിക്കും. ഇന്ത്യയ്ക്ക് 60-70 ദിവസം വരെ കരുതൽ ക്രൂഡ് ഓയിൽ ശേഖരമുള്ളപ്പോൾ പാക്കിസ്ഥാന് അതില്ലാത്തത് വലിയ തിരിച്ചടിയാണെന്ന് കഴിഞ്ഞ ദിവസം പാക്ക് പെട്രോളിയം മന്ത്രി അലി മാലിക്ക് പറഞ്ഞിരുന്നു.
‘‘പാക്കിസ്ഥാന് കരുതൽ (സ്ട്രാറ്റജിക്) ക്രൂഡ് ഓയിൽ ശേഖരമില്ല. ആകെയുള്ളത് 5-7 ദിവസത്തേക്കുള്ള വാണിജ്യ (കൊമേഴ്സ്യൽ) ക്രൂഡ് ശേഖരം മാത്രം.
റിഫൈനറികളിൽ സ്റ്റോക്ക് 20-21 ദിവസത്തേക്ക് മാത്രമേയുള്ളൂ. രണ്ടുമാസത്തിന് മുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ക്രൂഡ് ഓയിൽ ശേഖരമുള്ള ഇന്ത്യയുടെ സ്ഥിതിയല്ല പാക്കിസ്ഥാന്റേത്’’ – മാലിക് പറഞ്ഞു.
ജനത്തിന് പലിശ ഷോക്ക്
ഇന്ധനവില വർധനകൊണ്ട് പൊറുതിമുട്ടിയ പാക്കിസ്ഥാനിലെ ജനങ്ങൾക്ക് പലിശയിലും ഷോക്ക്. പാക്കിസ്ഥാൻ കേന്ദ്രബാങ്ക് അടിസ്ഥാന പലിശ നിരക്ക് 11.5 ശതമാനമായാണ് ഉയർത്തിയത്.
ക്രൂഡ് ഓയിൽ വില ഉയർന്നതോടെ പാക്കിസ്ഥാൻ ലക്ഷ്യംവെച്ചിരുന്ന പണപ്പെരുപ്പ പരിധി പിടിവിട്ടു കുതിച്ചതാണ് കാരണം. കുറച്ചു കാലത്തേക്ക് കൂടി പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുമെന്നും ബാങ്ക് പറയുന്നു.
തിരിച്ചടികളുടെ പശ്ചാത്തലത്തിൽ തുടർച്ചയായ മൂന്നാം ദിവസവും പാക് ഓഹരി വിപണി നഷ്ടത്തിലാണ്.
വിമാനക്കമ്പനിയും തുലാസിൽ
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) സഹായത്തോടെയാണ് പാക്കിസ്ഥാൻ ദൈനംദിന ചെലവുകൾ ഉൾപ്പെടെ കണ്ടെത്തുന്നത്. നഷ്ടത്തിലായ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിനെ സ്വകാര്യവൽക്കരിക്കണമെന്നത് അടക്കമുള്ള നിബന്ധനയോടെയാണ് ഐഎംഎഫ് സഹായം നൽകിയത്.
ഇതും സാമ്പത്തിക പ്രതിസന്ധി കനത്തതോടെ തുലാസിലാണ്. കമ്പനിയെ ഏറ്റെടുക്കാൻ ഒരു കൺസോർഷ്യത്തെ മാസങ്ങൾക്ക് മുമ്പ് തിരഞ്ഞെടുത്തിരുന്നു.
എന്നാൽ നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും ഈ കൺസോർഷ്യത്തിന് പണം കെട്ടിവെക്കാൻ കഴിഞ്ഞിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

