ദക്ഷിണേന്ത്യയിൽ 1.5 ഗിഗാവാട്ട് ശേഷിയുള്ള ഡേറ്റ സെന്റർ സ്ഥാപിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. 1.6 ലക്ഷം കോടി രൂപയാണ് റിലയൻസ് നിക്ഷേപിക്കുക.
സോളർ ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളുള്ള ഡേറ്റ സെന്റർ ക്ലസ്റ്ററായിരിക്കും ഇത്. നിർമാണം പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ സെന്റർ എന്ന പദവിയും ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥാപിക്കുന്ന കേന്ദ്രം സ്വന്തമാക്കും.
പദ്ധതിക്ക് ആന്ധ്ര സർക്കാർ അനുമതി നൽകിയെന്നും റിപ്പോർട്ടുകൾ പറയുന്നു. വിശാഖപട്ടണത്ത് ഒരു ഗിഗാവാട്ട് ശേഷിയുള്ള ഡേറ്റ സെന്റർ സ്ഥാപിക്കാനുള്ള പദ്ധതി ഗൂഗിളും പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനായി 935 ഏക്കർ ഭൂമി ഏറ്റെടുക്കും. ആദ്യഘട്ടത്തിൽ 300 ഏക്കറിൽ 500 മെഗാവാട്ട് ശേഷിയുള്ള ഡേറ്റ സെന്റർ സ്ഥാപിക്കും.
2028 അവസാനത്തോടെ ഈ കേന്ദ്രത്തിൽ നിന്ന് വാണിജ്യ ഉൽപാദനം ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. രണ്ടാം ഘട്ടത്തിൽ ഒരു ഗിഗാവാട്ട് ശേഷി കൂട്ടിച്ചേർക്കും.
600 ഏക്കർ സ്ഥലത്തായിരിക്കും ഇതിന്റെ നിർമാണം. വിശാഖപട്ടണത്തെ പുതിയ ബോഗപുരം വിമാനത്താവളത്തിന് സമീപത്താണ് ഡേറ്റ സെന്റർ.
ഇക്കാര്യത്തിൽ റിലയൻസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഡേറ്റ സെന്റർ നഗരം
റിലയൻസിനു പുറമെ നിരവധി കമ്പനികളാണ് വിശാഖപട്ടണത്ത് ഡേറ്റ സെന്ററുകൾ സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. 1500 കോടി ഡോളർ (1.4 ലക്ഷം കോടി രൂപ) മുടക്കി ഗൂഗിൾ സ്ഥാപിക്കുന്ന ഡേറ്റ സെന്റും ഉടൻ പ്രവർത്തനം ആരംഭിക്കും.
ഇതിനു പുറമെ സിഫി എന്ന കമ്പനി 500 മെഗാവാട്ടിന്റെയും ഡിജിറ്റൽ കണക്ഷൻ ഒരു ഗിഗാവാട്ടിന്റെയും ആനന്ദ് രാജ് ക്ലൗഡ് 300 മെഗാവാട്ടിന്റെയും ഡേറ്റ സെന്ററുകൾ ഇവിടെ സ്ഥാപിക്കും. രണ്ട് ഡേറ്റ സെന്ററുകൾ കൂടി സ്ഥാപിക്കാനുള്ള ധാരണപത്രത്തിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
6 ഗിഗാവാട്ട് ശേഷിയുള്ള ഡേറ്റ സെന്ററുകൾ സംസ്ഥാനത്ത് തുടങ്ങുകയാണ് ആന്ധ്രയുടെ ലക്ഷ്യം.
ഇതിനായി കമ്പനികൾക്ക് നിരവധി ആനുകൂല്യങ്ങളും ഇളവുകളും ആന്ധ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഡേറ്റ സെന്റർ സ്ഥാപിക്കുന്ന കമ്പനികൾക്ക് കേന്ദ്രസർക്കാരും വമ്പൻ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.
ഓഹരിക്ക് കുതിപ്പ്
ഡേറ്റ സെന്റർ സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ മുന്നേറി.
നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരികൾ രണ്ട് ശതമാനം നേട്ടത്തിൽ ഓഹരിയൊന്നിന് 1,393 രൂപയെന്ന നിലയിലാണ് ക്ലോസ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

