നെടുങ്കണ്ടം ∙ നാട്ടുകാരിൽ ഉണ്ടായ സംശയമാണു മൃതദേഹങ്ങൾ കണ്ടെത്താൻ പൊലീസിനു സഹായമായത്. അവശയായിരുന്നെങ്കിലും മേരിയെ പ്രദേശവാസികൾ ഇടയ്ക്കു കാണാറുണ്ടായിരുന്നു.
കുറച്ചു നാളായി കാണാതായതോടെയാണു നാട്ടുകാർ സജിയോട് അന്വേഷിച്ചത്. ഓരോരുത്തരുടെ അടുത്തും ഓരോ കാരണമാണു സജി പറഞ്ഞിരുന്നത്.
ഇതോടെയാണു സംശയം തോന്നിയത്. ഇക്കാര്യം ആദ്യം മേരിയുടെ മകൾ സിനിയെയും പിന്നീടു പൊലീസിനെയും നാട്ടുകാർ അറിയിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച സജി സ്വന്തം വിവാഹം ക്ഷണിക്കാൻ നാട്ടിലെ പല വീടുകളിലും എത്തിയിരുന്നു. 23നു വിവാഹമാണെന്നു പറഞ്ഞ് ആദ്യം ക്ഷണിച്ചെങ്കിലും വിവാഹം മുടങ്ങിയെന്നും വരുന്ന 30നു വിവാഹം നടത്തുമെന്നറിയിച്ച് വീണ്ടും ക്ഷണം നടത്തി.
ഇതും സംശയത്തിനു കാരണമായി.
മാത്യുവിന് എന്ത് സംഭവിച്ചു? അന്വേഷണം ഊർജിതം
നെടുങ്കണ്ടം ∙ മേരിയുടെ ഭർത്താവും സുവിശേഷകനുമായിരുന്ന പൊന്നിട്ടയിൽ മാത്യുവിനെ 2018 മേയ് 5 മുതലാണു കാണാതായത്. അന്നു റെജി നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
മാത്യു തന്റെയൊപ്പമുള്ളതായി കരുതി ഏതാനും ദിവസം ആരും അന്വേഷിച്ചില്ലെന്നും പിന്നീടു പിതാവ് തന്റെയൊപ്പമില്ലെന്നറിഞ്ഞ ശേഷമാണു സഹോദരൻ പൊലീസിൽ പരാതി നൽകിയതെന്നും മേരിയുടെ മകൾ സിനി പറയുന്നു. സുവിശേഷവേലയ്ക്കായി മാറിനിൽക്കാറുണ്ടായിരുന്നു മാത്യു.
അതിനാൽ ദിവസങ്ങളായി കാണാതായതിൽ അസ്വാഭാവികതയുണ്ടായില്ല. മാത്യു നെടുങ്കണ്ടത്തുനിന്നു ബസിൽ പോകുന്നതു കണ്ടതായി ബന്ധു പറഞ്ഞിരുന്നു.
ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത പൊലീസ് സംശയിക്കുന്നുണ്ട്. അന്വേഷണം ഊർജിതമാക്കാൻ പൊലീസ് അധികൃതർ ഉത്തരവിട്ടു.
∙ഇന്നലെ വൈകിട്ട് അഞ്ചോടെ എത്തിയ ജില്ലാ ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്നു നൂറ്റൻപതോളം മീറ്റർ അകലെ കൃഷിയിടത്തിൽനിന്നു സജിയുടെ ബാഗ് കണ്ടെത്തി.
വാഴപ്പഴവും വസ്ത്രങ്ങൾക്ക് ഉപയോഗിക്കുന്ന പശയും മാത്രമാണ് ബാഗിൽ ഉണ്ടായിരുന്നത്.
അമ്മയുടെയും മൂത്തമകന്റെയും മൃതദേഹം വീട്ടുവളപ്പിൽ കണ്ടെത്തി; ഇളയമകൻ കൊന്നെന്ന് പൊലീസ് നിഗമനം
നെടുങ്കണ്ടം ∙ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.
പച്ചടി പൊന്നിട്ടയിൽ മേരി (71), മൂത്ത മകൻ റെജി (54) എന്നിവരുടെ മൃതദേഹങ്ങളാണെന്നു പൊലീസ് കരുതുന്നു. ഇവരെ കൊല ചെയ്തെന്നു പൊലീസ് സംശയിക്കുന്ന ഇളയ മകൻ സജി (43) ഒളിവിലാണ്.
മേരിയുടെ മകൾ സിനിയുടെ പരാതിയിലാണു പൊലീസ് അന്വേഷണം നടത്തിയതും വീട്ടുവളപ്പിൽ മണ്ണിളകിക്കിടക്കുന്നതു കണ്ടെത്തിയതും. ഏകദേശം 17 ദിവസമായി മേരിയെയും റെജിയെയും കാണാനില്ലായിരുന്നു.
മൃതദേഹങ്ങൾ ഇവരുടേതു തന്നെയാണോയെന്നു തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു. മേരിയുടെ ഭർത്താവ് പൊന്നിട്ടയിൽ മാത്യുവിനെ 8 വർഷം മുൻപു കാണാതായതു സംബന്ധിച്ച അന്വേഷണം നടക്കുമ്പോഴാണു ദുരൂഹനിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തിയത്.
പച്ചടി തോട്ടുവാക്കടവിലെ പുരയിടത്തിലാണു രണ്ടാഴ്ചയിലധികം പഴക്കം തോന്നുന്ന മൃതദേഹങ്ങൾ.
അവിവാഹിതരായ റെജിയോടും സജിയോടുമൊപ്പം ഈ വീട്ടിലായിരുന്നു മേരിയുടെ താമസം. രണ്ടു മക്കൾക്കും കൂലിപ്പണിയാണ്.
റെജി നെടുങ്കണ്ടത്തെ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിലും ജോലി ചെയ്യുന്നുണ്ട്. ഈ മാസം 9നു ശേഷം റെജിയെ ആരും കണ്ടിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.
മേരിയെയും റെജിയെയും പറ്റി നാട്ടുകാർ സജിയോടു ചോദിച്ചെങ്കിലും തേനിയിൽ ചികിത്സയ്ക്കായി പോയിരിക്കുകയാണെന്നും ബന്ധുവീട്ടിലാണെന്നും പല മറുപടികളാണു നൽകിയത്. മൂന്നുവർഷം മുൻപുണ്ടായ പക്ഷാഘാതത്തെത്തുടർന്നു മേരി അവശനിലയിൽ ആയിരുന്നതിനാൽ നാട്ടുകാർക്കും ആദ്യം സംശയം തോന്നിയില്ല.
സജി പറയുന്ന കാര്യങ്ങളിൽ പിന്നീടു സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.
ഞായറാഴ്ച വൈകിട്ട് സമീപത്തുള്ള പൊലീസ് ഉദ്യോഗസ്ഥൻ സജിയുടെ വീട്ടിലെത്തി സംസാരിച്ചെങ്കിലും പരസ്പരവിരുദ്ധമായ കാര്യങ്ങളാണു പറഞ്ഞത്. ഇതിൽ സംശയം തോന്നിയ ഉദ്യോഗസ്ഥൻ നെടുങ്കണ്ടം സ്റ്റേഷനിൽ വിവരമറിയിച്ചു.
പൊലീസ് വരുന്നെന്നു മനസ്സിലാക്കിയ സജി തൊട്ടടുത്ത കൃഷിസ്ഥലത്തിലൂടെ ഓടിപ്പോയെന്നു നാട്ടുകാർ പറയുന്നു. എന്നാൽ, ഇതു പൊലീസ് സ്ഥിരീകരിക്കുന്നില്ല.
ഇക്കാര്യം കൂടി അറിഞ്ഞതോടെയാണു മേരിയുടെ മകൾ സിനി പരാതി നൽകിയത്. തുടർന്നാണ് ഇന്നലെ വീട്ടുവളപ്പിൽ പൊലീസ് പരിശോധന നടത്തിയത്.
ഇളകിയ മണ്ണിനടിയിൽനിന്ന് ആദ്യം പാന്റ്സും അതിനുള്ളിൽനിന്ന് അസ്ഥിയും പിന്നീടു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങളും കണ്ടെത്തി.
മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി. സജിയെ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്ര ത്യേക സംഘം തിരച്ചിൽ തുടങ്ങി.
ഇവരുടെ വീട്ടിൽനിന്ന് ഇടയ്ക്കു ചില വഴക്കുകൾ കേൾക്കാറുണ്ടെന്ന് അയൽക്കാർ പറയുന്നു. മേരിയുടെ മറ്റൊരു മകൾ, മാനസികവെല്ലുവിളി നേരിടുന്ന ജിജി ചെറുതോണിയിലെ ഒരു സ്ഥാപനത്തിലാണുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

