ഗുരുഗ്രാം: സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ബിഹാർ സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വയസ്സ് തികയാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള പെൺകുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയ ശേഷം ഫരീദാബാദിലെ ‘ബുധിയ നാല’ എന്ന അഴുക്കുചാലിൽ തള്ളിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ അഴുക്കുചാലിന് മുകളിലൂടെയുള്ള താത്കാലിക പാതയിലൂടെ പോയ രണ്ട് സ്കൂൾ കുട്ടികളാണ് അഴുക്കുചാലിലെ ഇരുമ്പ് വലയിൽ കുടുങ്ങിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കുട്ടികൾ ഉടൻ തന്നെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു.
പല്ല പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് സിവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആദ്യം കുഞ്ഞിനെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.
മൃതദേഹം എവിടെ നിന്നെങ്കിലും ഒഴുകി വന്നതാകാമെന്നാണ് പോലീസ് കരുതിയത്. എന്നാൽ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ വഴി നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ അമ്മ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി.
ബിഹാറിലെ മധുബനി സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ 10 വർഷമായി ഫരീദാബാദിലാണ് താമസം. യുവതി വസ്ത്രനിർമ്മാണ ശാലയിലും ഭർത്താവ് വെൽഡറായും ജോലി ചെയ്യുകയാണ്.
ഇവർക്ക് നാല് ആൺമക്കളുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്ന് യുവതി പോലീസിന് മൊഴി നൽകി.
യുവതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും കൃത്യം നടന്ന രീതിയെക്കുറിച്ചും പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

