ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലെ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് കപ്പലുകൾക്ക് ബാലികേറാമല ആയതോടെ കോണ്ടം വിലയും കൂടുന്നു. പ്രമുഖ കോണ്ടം നിർമാതാക്കളും മലേഷ്യൻ കമ്പനിയുമായ കാരെക്സ്, വില 20-30% കൂട്ടാൻ തീരുമാനിച്ചു.
കോണ്ടം നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞെന്നും ഇത് ഉൽപാദനച്ചെലവിനെ ബാധിച്ചെന്നും ചൂണ്ടിക്കാട്ടിയാണിത്.
വർഷം 500 കോടി കോണ്ടം
പ്രതിവർഷം 500 കോടിയിലധികം കോണ്ടം നിർമിക്കുന്ന കമ്പനിയാണ് കാരെക്സ്. ഡ്യൂറെക്സ്, ട്രോജൻ തുടങ്ങിയ മുൻനിര കോണ്ടം വിതരണക്കമ്പനികൾക്ക് ഉൽപന്നം നിർമിച്ച് നൽകുന്നതും കാരെക്സ് ആണ്.
യുഎന്നിന്റെയും വിവിധ രാജ്യങ്ങളുടെയും എച്ച്ഐവി പ്രതിരോധവുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഭാഗമായി കോണ്ടം വിതരണം ചെയ്യുന്നതും ഈ കമ്പനിയാണെന്നിരിക്കേ, വില കൂടുന്നത് ആഗോളതലത്തിൽ തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ലോകത്തെ മൊത്തം കോണ്ടം ഉൽപാദത്തിന്റെ അഞ്ചിലൊന്ന് വിഹിതവും കാരെക്സിനാണ്.
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് ഉൽപാദനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന സൂചന കമ്പനി നൽകുന്നു. ‘‘ചില അസംസ്കൃത വസ്തുക്കളുടെ വില 100 ശതമാനത്തിലധികമാണ് ഉയർന്നത്.
ഈ സാഹചര്യത്തിൽ വിലവർധനയുടെ ഭാരം ഉപഭോക്താക്കൾക്ക് കൈമാറാതെ നിവൃത്തിയില്ല’’ – എന്നാണ് കമ്പനി സിഇഒ ഗോ മിയാ കിയാത് ഒരു മാധ്യമത്തോട് പ്രതികരിച്ചത്.
അപ്രതീക്ഷിതമായി ആഞ്ഞടിച്ച ‘ഹോർമുസ്’
കോണ്ടം നിർമിക്കാനാവശ്യമായ സിന്തറ്റിക് റബർ, നൈട്രൈൽ, പാക്കേജിങ്ങിനുവേണ്ട അലുമിനിയം ഫോയിൽ, സിലിക്കൺ ഓയിൽ തുടങ്ങിയവയുടെ ലഭ്യതയാണ് കുറഞ്ഞതും വില കൂടിയതും.
കോണ്ടത്തിന് ഈ വർഷം 30% വരെ ആഗോള ഡിമാൻഡ് കൂടുമെന്ന് പ്രതീക്ഷിച്ചിരിക്കേയായിരുന്നു അപ്രതീക്ഷിതമായി സംഘർഷവും ഹോർമുസ് പ്രതിസന്ധിയും ആഞ്ഞടിച്ചത്. കപ്പൽ, വ്യോമഗതാഗത മേഖലകളിലുണ്ടായ തടസ്സങ്ങൾ വിതരണശൃംഖലയുടെ താളംതെറ്റിച്ചു.
എന്തുചെയ്യും കെനിയാ….
എച്ച്ഐവി പ്രതിരോധത്തിന് യുഎസിന്റെയടക്കം സഹായത്തോടെ പദ്ധതികൾ നടപ്പാക്കുന്ന കെനിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും കോണ്ടം പ്രതിസന്ധി തിരിച്ചടിയായേക്കും.
പ്രതിവർഷം 40 കോടി കോണ്ടമാണ് കെനിയയ്ക്കു വേണ്ടത്. ഇതിൽ 20 കോടി സർക്കാർ ലഭ്യമാക്കുകയും ബാക്കി ചില വികസിത രാജ്യങ്ങളുടെ സഹായത്തോടെ ഉറപ്പാക്കുകയുമാണ് ചെയ്തിരുന്നത്.
ഇത്തരം പദ്ധതികളുടെ ഫണ്ടിങ്ങിൽ നിന്ന് പല രാജ്യങ്ങളും പിന്മാറി.
വടക്കേ ‘അമേരിക്കൻ’ ആശ്വാസം
ഇറാൻ-യുഎസ് ഭിന്നത നീണ്ടാൽ കോണ്ടം ഉൽപാദനം കുറയാനിടയാക്കുമെന്ന മുന്നറിയിപ്പാണ് കാരെക്സ് നൽകുന്നത്. അതേസമയം, അസംസ്കൃത വസ്തുക്കൾക്ക് പശ്ചിമേഷ്യൻ നാഫ്തയ്ക്കും മറ്റും പകരം പ്രകൃതിവാതകത്തിൽ നിന്നുള്ള ഈഥേൻ ഉപയോഗിക്കുന്ന വടക്കേ അമേരിക്കൻ രാജ്യങ്ങളിലെ കമ്പനികളെ പ്രതിസന്ധി ബാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

