കോട്ടയം ∙ 5 മണിക്കൂർ കൊണ്ട് നിറയേണ്ട ജലസംഭരണി ഇപ്പോൾ നിറയുന്നത് 14 മണിക്കൂർ കൊണ്ട്.
കാത്തിരുന്ന് മടുത്ത ജീവനക്കാർ പലപ്പോഴും വെള്ളം നിറയ്ക്കുന്നത് ഭാഗികമായി മാത്രം. ജലഅതോറിറ്റിയുടെ തളിയിൽക്കോട്ട
സംഭരണിയാണ് ‘ഇഴഞ്ഞ്’ നിറയുന്നത്. അതിനൊപ്പം വിതരണ പൈപ്പ് ലൈനുകളിൽ ചോർച്ച കൂടെയായതോടെ പല വീടുകളിലും വെള്ളമെത്തുന്നത് വല്ലപ്പോഴും മാത്രം.
50 ലക്ഷം ലീറ്റർ; നാട്ടിലെങ്ങും ചോർച്ച
ഇടക്കാട്ടുപടി, ഉപ്പൂട്ടിക്കവല, താഴത്തേടത്തുവളവ്, താഴത്തങ്ങാടി പള്ളിപ്പറമ്പ് ഭാഗത്തെ 600 കുടുംബങ്ങളാണ് ഈ സംഭരണിയെ ആശ്രയിക്കുന്നത്.
രാത്രി 12 മുതലാണ് പമ്പിങ്. വാൽവ് ഓപ്പറേറ്റർമാർ വിളിച്ച് അറിയിക്കുന്നതിന് അനുസരിച്ച് പേരൂരിലെ പമ്പിങ് സ്റ്റേഷനിൽ നിന്ന് ടാങ്കിലേക്ക് വെള്ളമെത്തും.
50 ലക്ഷം ലീറ്ററാണ് സംഭരണശേഷിയെന്ന് ഇതിനെ ആശ്രയിക്കുന്നവർ പറയുന്നു. 6 മാസം മുൻപുവരെ 5 മണിക്കൂർ കൊണ്ട് നിറഞ്ഞിരുന്നു.
കാലഹരണപ്പെട്ട
പൈപ്പുകൾ മാറ്റി വ്യാസം കൂടുതലുള്ള പൈപ്പിട്ടാലേ സംഭരണി പെട്ടെന്നു നിറയൂ. വിതരണം തടസ്സപ്പെടുമ്പോഴെല്ലാം ജനങ്ങൾ വിലയ്ക്ക് വെള്ളം വാങ്ങേണ്ട
സ്ഥിതിയാണ്.
ഉനൈസ് പാലപ്പറമ്പിൽ, നഗരസഭാ കൗൺസിലർ, 42–ാം വാർഡ്
മണ്ണിനടിയിലെ പ്രധാന പൈപ്പുലൈനിൽ ചോർച്ചകളുണ്ടാകാമെന്നും ജലസംഭരണി നിറയാൻ വൈകുന്നതിന്റെ കാരണം അതാകാമെന്നുമാണ് നിഗമനം. പേരൂരിൽനിന്നു ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് ശ്രീനിവാസ അയ്യർ റോഡിൽ 15 ദിവസത്തിനിടെ മൂന്നിടത്തായി പൊട്ടി.
നിറയാൻ വൈകുന്നതിനാൽ പല ദിവസങ്ങളിലും സംഭരണശേഷിയുടെ പകുതി മാത്രമാണ് വെള്ളം നിറയ്ക്കുന്നത്. ഇതു വീടുകളിലേക്കുള്ള ജലവിതരണം കുറയാൻ കാരണമാകുന്നു.
വെള്ളം ഇന്നെത്തുമോ ?
തളിയിൽക്കോട്ട
സംഭരണിയുടെ പരിധിയിലെ ഉയർന്ന പ്രദേശങ്ങളിലെ 82 വീടുകളിൽ ഇപ്പോൾ വെള്ളമെത്തുന്നില്ല. വെള്ളമെത്തുന്ന വീടുകളിലാണെങ്കിൽ സ്ഥിരമായി കിട്ടുന്നുമില്ല.
സംഭരണിയിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് പൊട്ടിയിട്ട് 2 ദിവസമായി. ചോർച്ച പരിഹരിക്കാത്തതിനാൽ ഇന്നലെ രാത്രി വരെ പമ്പിങ് നടന്നിട്ടില്ല.
ഇന്നു വെള്ളമെത്തിക്കുമെന്നാണ് ജലഅതോറിറ്റി അധികൃതർ പറഞ്ഞത്. ഈ ദിവസങ്ങളിലെല്ലാം ടാങ്കർ ലോറികളാണ് പ്രദേശത്ത് ജല വിതരണം നടത്തുന്നത്.
ജല അതോറിറ്റി മിണ്ടുന്നില്ല
നഗരസഭാ പരിധിയിൽ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടിയാൽ ജനങ്ങളെ വിവരം അറിയിക്കാൻ കൗൺസിലർമാർ, ജലഅതോറിറ്റി, കെഎസ്ഇബി, ഉദ്യോഗസ്ഥർ അംഗങ്ങളായ വാട്സാപ് കൂട്ടായ്മ തുടങ്ങിയിരുന്നു.
നഗരസഭ ജലഅതോറിറ്റിയുമായി ചേർന്നു നടത്തിയ യോഗത്തെത്തുടർന്നാണ് കൂട്ടായ്മയ്ക്കു രൂപം നൽകിയത്. ആദ്യം കൂട്ടായ്മയിൽ ജലഅതോറിറ്റി അധികൃതർ വിവരങ്ങൾ പങ്കുവച്ചിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി കൂട്ടായ്മയിൽ അറിയിപ്പുകളിടുന്നത് ജല അതോറിറ്റി നിർത്തി. ഇതോടെ കൗൺസിലർമാർക്ക് ജലവിതരണം തടസ്സപ്പെടുന്നത് ജനത്തെ അറിയിക്കാനും പറ്റാതായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

