ബേപ്പൂർ ∙ സബ്സിഡി മണ്ണെണ്ണ വിതരണം ഭാഗികമായതോടെ പരമ്പരാഗത മത്സ്യബന്ധനമേഖല കടുത്ത പ്രതിസന്ധിയിൽ. കുറച്ചെങ്കിലും കിട്ടിക്കൊണ്ടിരുന്ന മണ്ണെണ്ണ വിതരണം തടസ്സപ്പെട്ടതോടെ കടലിൽ പോകാനാകാതെ പ്രയാസപ്പെടുകയാണ് തൊഴിലാളികൾ.
കൊടുംചൂടിനെ തുടർന്നുള്ള മത്സ്യക്ഷാമം മൂലം പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികളെ ഇതു കടക്കെണിയിലേക്കു തള്ളിവിടുന്നു.
പെർമിറ്റ് പ്രകാരം അനുവദിച്ച മണ്ണെണ്ണയുടെ പകുതി പോലും ഇപ്പോൾ ലഭിക്കുന്നില്ല. കടലോര മേഖലയിലെ മണ്ണെണ്ണ ക്ഷാമം കാരണം മിക്ക തോണികളും കരയ്ക്കു കയറ്റി.
കാലാകാലങ്ങളിൽ ഇന്ധനവില വർധനയിൽ നിന്നു മത്സ്യബന്ധനമേഖലയെ സംരക്ഷിച്ചത് സബ്സിഡി മണ്ണെണ്ണയാണ്. ഇതു കൃത്യമായി കിട്ടാതായതോടെ കരിഞ്ചന്തയെ ആശ്രയിക്കേണ്ടി വരുന്നു.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഔട്ട് ബോർഡ് എൻജിനുകൾക്കു ഫിഷറീസ് വകുപ്പ് അനുവദിച്ച പെർമിറ്റ് പ്രകാരം സിവിൽ സപ്ലൈ വകുപ്പ് മുഖേനയാണ് സബ്സിഡി മണ്ണെണ്ണ വിതരണം.
ലീറ്ററിന് 103 രൂപയ്ക്കു നൽകിയിരുന്ന മണ്ണെണ്ണവില രണ്ടാഴ്ച മുൻപ് ഒറ്റയടിക്ക് 53 രൂപ കൂട്ടി. ഇപ്പോൾ ലീറ്ററിന് 156 രൂപയായി വില.
ഒരു ഔട്ട് ബോർഡ് എൻജിൻ വള്ളം കടലിൽ പോകാൻ ദിവസം കുറഞ്ഞത് 70 ലീറ്റർ മണ്ണെണ്ണ വേണം.
മത്സ്യഫെഡ് തുടങ്ങിയ ഇന്ധന ബങ്ക് വഴി എൻജിനുകളുടെ പ്രവർത്തനശക്തിക്ക് അനുസരിച്ച് ഒരു മാസം 140 മുതൽ 180 ലീറ്റർ വരെ മണ്ണെണ്ണയാണ് അനുവദിക്കുന്നത്. ഇതു പലപ്പോഴും കൃത്യമായി കിട്ടുന്നുമില്ല.
ഇന്ധനവിതരണം നിജപ്പെടുത്തിയതിനാൽ മത്സ്യത്തൊഴിലാളികൾ കരിഞ്ചന്തയെ ആശ്രയിച്ചാണു മീൻപിടിത്തത്തിനു പോകുന്നത്. വലിയ തുക നൽകി മണ്ണെണ്ണ വാങ്ങി കടലിൽ പോകുന്നവർക്കാകട്ടെ വേണ്ടത്ര മീൻ കിട്ടുന്നുമില്ല.
കടം കയറി പലരും കടുത്ത ദുരിതത്തിലാണ്. മുന്നൂറോളം വള്ളങ്ങൾ കടലിൽ പോകുന്ന ചാലിയത്ത് പകുതി തോണികൾ പോലും പണിക്കു പോകുന്നില്ല.
ഫിഷറീസ് വകുപ്പിന്റെ അലംഭാവം മൂലമാണ് മത്സ്യമേഖല കരിഞ്ചന്തയെ ആശ്രയിക്കേണ്ടി വരുന്നതെന്നു കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
മത്സ്യമേഖലയിൽ വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെയും ഡീസലിന്റെയും ജിഎസ്ടി പിൻവലിച്ച് പരമ്പരാഗത തൊഴിൽ മേഖല സംരക്ഷിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിലും ജനറൽ സെക്രട്ടറി എം.പി.അബ്ദുൽ റാസികും പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

