കൊല്ലം∙ ഒഴിഞ്ഞു കിടക്കുന്ന നഗരവീഥികൾ, ചെറിയ തണലുകളിൽ കൂടിയിരിക്കുന്ന മനുഷ്യർ, വെറുതെയിരിക്കുന്ന തെരുവോര കച്ചവടക്കാർ, യാത്രക്കാർ കുറഞ്ഞ ബസുകൾ, ജൂസ് കടകൾക്കു മുന്നിലുള്ള വലിയ ക്യൂ… കടുത്ത ചൂടിൽ നാടിന്റെ പകൽചിത്രം മാറിമറിയുകയാണ്. രാവിലെ 11 മുതൽ വൈകിട്ട് 4 വരെയെങ്കിലും മിനി ലോക്ഡൗൺ രീതിയിലേക്കു മാറിയിരിക്കുകയാണ് ജില്ല.
പാലക്കാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലയായി കൊല്ലം മാറിയതോടെ ജീവിതരീതികൾ തന്നെ മാറ്റി ചൂടിനെ നേരിടുകയാണ് ജനം.
പതിവിൽ നിന്നു വ്യത്യസ്തമായി അതിരാവിലെകളിൽ റോഡുകളിലെ തിരക്ക് വർധിച്ചിട്ടുണ്ട്. വെയിൽ ശക്തമാകുന്നതിനു മുൻപ് തന്നെ ജോലിസ്ഥലങ്ങളിലേക്കും മറ്റും എത്തുന്നതിനായി ആളുകൾ നേരത്തേ പുറത്തിറങ്ങിത്തുടങ്ങി.
10 മണിയോടെ ഈ തിരക്കിനു കുറവു വരും. 12 ആകുമ്പോഴേക്കും ചൂടു ശക്തമാകുന്നതോടെ പതിയെ റോഡുകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ആളുകൾ ഇല്ലാതാകുന്നതു കാണാം.
ഈ സമയത്തു കച്ചവടവും കുത്തനെ കുറഞ്ഞതിനാൽ കട പൂട്ടി വിശ്രമിക്കുന്നവരും കുറവല്ല.
കിഴക്കൻ മേഖലയിലാണ് ഈ പ്രവണത കൂടുതൽ.
ഉച്ച സമയങ്ങളിൽ റോഡിലൂടെ നടക്കുന്നവരെല്ലാം ഒന്നുകിൽ കുട ഉപയോഗിക്കുകയോ അല്ലെങ്കിൽ വസ്ത്രം ഉപയോഗിച്ചു തലയും മുഖവും മറയ്ക്കുകയോ ചെയ്തിട്ടുണ്ടാവും.
ചെറുമരത്തിന്റെ തണലെങ്കിലുമുള്ള ഇടങ്ങളിലാണ് മിക്കവരും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. കൊല്ലം ബീച്ച് അടക്കമുള്ള മേഖലകൾ ഉച്ചയ്ക്കു വിജനമാണ്.
ഇവിടെയും ചെറുതണലുകളിൽ കൂട്ടത്തോടെ ആളുകൾ വിശ്രമിക്കുന്നുണ്ടാകും.
ചൂട് കനത്തതോടെ നിർമാണ മേഖലയിൽ ഉച്ച സമയങ്ങളിൽ വിശ്രമം അനുവദിക്കുന്നുണ്ട്. ഉച്ചയോടെ നിർമാണ പ്രവർത്തനങ്ങൾ അവസാനിക്കും.
അതേസമയം മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർ ഈ സമയങ്ങളിലും അവരുടെ ജോലി തുടരുന്നുണ്ട്. മത്സ്യം വിൽക്കുന്നവർ ഉച്ച സമയങ്ങളിലും ആളുകളെ കാത്തു നിൽക്കുന്നുണ്ടെങ്കിലും വാങ്ങാനെത്തുന്നവർ ചുരുക്കമാണ്.
തൊഴിൽ സമയം പുനഃക്രമീകരിച്ചെങ്കിലും മാർക്കറ്റുകളിലും മറ്റും ചുമട്ടുതൊഴിലാളികൾ തങ്ങളുടെ ജോലി ഈ കടുത്ത വെയിലിനിടയിലും തുടരുന്നുണ്ട്. ഇടയ്ക്കിടക്കു വെള്ളം കുടിച്ചും തണലിലേക്കു മാറി നിന്നുമാണ് ചൂടിനെ പ്രതിരോധിക്കുന്നത്.
നഗരങ്ങളിലും ജംക്ഷനുകളിലും ഇരുചക്ര വാഹനങ്ങൾ വലിയ ബുദ്ധിമുട്ടാണ് ചൂടിൽ നേരിടുന്നത്.
ട്രാഫിക് ജംക്ഷനുകളിൽ കുറച്ചു സമയം കാത്തുനിൽക്കുമ്പോഴേക്കും പലരും വിയർത്തു കുളിക്കുന്നു. ട്രാഫിക് ജംക്ഷനു തൊട്ടുപിറകിലുള്ള മരത്തിന്റെയോ മറ്റോ മറവിൽ നിന്ന ശേഷം പച്ച ലൈറ്റ് കത്തുമ്പോൾ മാത്രമാണ് പലരും മുന്നോട്ടുപോകുന്നത്.
ചൂടിൽ വീണ്ടും കാത്തിരിക്കാൻ സാധിക്കാത്തതിനാൽ വാഹനങ്ങൾ ട്രാഫിക് കടക്കാൻ വേഗത്തിൽ ശ്രമിക്കുന്നത് അപകടം വരുത്തുമെന്നുള്ള ആശങ്കയുമുണ്ട്. മുൻപത്തെ പോലെ ജംക്ഷനുകളിൽ വെയിലത്തു നിന്നു ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് വാർഡന്മാർക്കോ പൊലീസിനോ ഇപ്പോൾ സാധിക്കുകയുമില്ല.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ചൂടുള്ള പകൽസമയം സെൽഫ് ലോക്ഡൗണായി പരിഗണിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.
കടുത്ത ചൂടിൽ ആരോഗ്യ പ്രശ്നങ്ങളും തളർച്ചയും ക്ഷീണവുമെല്ലാം പതിവായി മാറിയതോടെ ജനങ്ങൾ പരമാവധി പൊതുഇടങ്ങളിൽ നിന്നും റോഡുകളിൽ നിന്നും പുറംജോലികളിൽ നിന്നു രാവിലെ 10 മുതൽ വൈകിട്ട് 4 വരെ മാറിനിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ ജില്ലയിൽ കാണാൻ സാധിക്കുന്നത്. ഒറ്റപ്പെട്ട
മഴയ്ക്കു സാധ്യതകൾ പ്രവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും വേനൽമഴ ഇനിയും ജില്ലയെ കടാക്ഷിച്ചിട്ടില്ല.
വിപണി കീഴടക്കി പാനീയങ്ങൾ
കൊല്ലം ∙ ചൂട് കൂടുംതോറും കുടിക്കുന്ന വെള്ളത്തിന്റെ തോതും കൂടും. കടുത്ത ചൂടിൽ നിന്നു രക്ഷ നേടാൻ ആളുകൾ വിവിധയിനം പാനീയങ്ങളെ ആശ്രയിക്കുന്നതിനാൽ വിപണിയിൽ ഇപ്പോൾ പാനീയങ്ങളാണ് താരം.
ജൂസുകൾ, സംഭാരം, സർബത്ത്, സോഡകൾ തുടങ്ങി വിവിധ ഇനങ്ങൾ വിൽക്കുന്ന കടകൾക്കു മുൻപിൽ വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. വഴിയോരങ്ങളിൽ ഇത്തരം കച്ചവടങ്ങൾ നടത്തുന്നവരും ഏറെയാണ്.
അവധിക്കാലമായതിനാൽ പല പ്രദേശങ്ങളിലും ജ്യൂസുകളും സംഭാരങ്ങളുമായി കുട്ടി കച്ചവടക്കാരും രംഗത്തുണ്ട്. ജൂസുകൾ വീടുകളിൽ നിന്നു കുപ്പികളിലാക്കി പ്രധാന റോഡുകളിൽ കൊണ്ടുവന്നു വിൽക്കുന്നത് യുവാക്കളാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

