കൊടകര ∙ ഉറക്കത്തിൽ പാമ്പുകടിയേറ്റു മരിച്ച അൽജോയുടെ വീട്ടിൽ തുടർച്ചായി നാല് പാമ്പുകളെ കണ്ടെത്തിയതോടെ തറ പൊളിച്ച് പരിശോധന നടത്തി. എന്നാൽ, പാമ്പുകളെയോ അവയുടെ മുട്ടകളോ കണ്ടെത്താൻ കഴിഞ്ഞില്ല.
വനംവകുപ്പിന്റെ കീഴിലുള്ള ‘സർപ്പ’ ടീമിന്റെയും വെള്ളിക്കുളങ്ങര വനംവകുപ്പ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. കിടപ്പുമുറിയിലെ ശുചിമുറിയോട് ചേർന്നുള്ള ഭാഗമാണ് പൊളിച്ചത്.
ഈ ഭാഗം വഴിയാണ് പാമ്പ് വീടിനുള്ളിൽ കയറിയതെന്ന വിശ്വാസത്തിലാണ് സർപ്പ ടീം.
ഈ ഭാഗത്ത് മുറ്റത്തുനിന്ന് തറയ്ക്ക് ഉള്ളിലേക്കു കടക്കാൻ സുഷിരം കണ്ടെത്തി. തറയ്ക്ക് അകത്ത് കല്ലുകൾ തമ്മിൽ വലിയ അകലമുള്ളതിനാൽ ഇതിൽ പാമ്പുകൾക്ക് സുരക്ഷിതമായി നീങ്ങാൻ കഴിയും.
കൂടാതെ ശുചിമുറിയിലെ ഡ്രെയ്നേജ് പൈപ്പിന്റെ വശങ്ങളിൽ ചെറിയ പൊട്ടലുകൾ ഉള്ളതിനാൽ ഇതുവഴി മുറിക്കുള്ളിലേക്ക് കയറാനും കഴിയും. ഈ വഴി തന്നെയാണ് പാമ്പിൻകുഞ്ഞുങ്ങൾ അകത്ത് കടന്നതെന്ന് കരുതുന്നു.
കാരണം, ആകെ കണ്ടെത്തിയ 5 പാമ്പുകളിൽ 4 എണ്ണത്തെയും വീടിനുള്ളിലും ഒരെണ്ണത്തെ വീടിന് സമീപവുമാണ് കണ്ടെത്തിയത്.
വീടിനുള്ളിൽ കണ്ടെത്തിയ മൂന്നെണ്ണവും ഈ ശുചിമുറിയോട് ചേർന്നാണ് കിടന്നിരുന്നത്. അതിനാൽ ഈ വഴിതന്നെ എത്തിയതാകുമെന്ന് ഉറപ്പാണ്.
വെള്ളിക്കെട്ടൻ ഇനത്തിലുള്ള പാമ്പുകൾ രാത്രികാലങ്ങളിലാണ് കൂടുതലും സഞ്ചരിക്കുക. അതിനാലാണ് വൈകിട്ട് സമയങ്ങളിൽ പാമ്പിനെ വീടിനുള്ളിൽ കണ്ടെത്തിയത്.
പാമ്പ് കടക്കാൻ സാധ്യതയുള്ള എല്ലാ സുഷിരങ്ങളും സിമന്റ് ഉപയോഗിച്ച് അടയ്ക്കാൻ വനംവകുപ്പ് നിർദേശിച്ചു.സീനിയർ ഫോറസ്റ്റ് ഓഫിസർ ജോബി ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ. ഹരിപ്രസാദ്, ഡ്രൈവർ ടി.കെ.
അഭിലാഷ്്, വാച്ചർമാരായ സത്യൻ, റിജോയ്, പ്രണവ്, സർപ്പ ടീം അംഗങ്ങളായ ജോജു, ബിബീഷ്, ദീപു, അനീഷ്, മുഹമ്മദ് ഹക്കിം, ദിനേഷ്, നിധീഷ്, ഷിൻസൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.
അനോഷിനെ വീട്ടിലേക്ക് കൊണ്ടുവരാൻ ധൈര്യമില്ലെന്ന് മാതാപിതാക്കൾ
കൊടകര ∙ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന മൂത്ത മകൻ അനോഷിനെ ആശുപത്രി വിട്ടാൽ ഇപ്പോഴത്തെ വീട്ടിലേക്ക് കൊണ്ടുവരാൻ ധൈര്യമില്ലെന്ന് പറയുകയാണ് മാതാപിതാക്കളായ സിൽജോയും ജോൺസിയും. ഇപ്പോഴും ഉള്ളിൽ പേടിയുണ്ട്, അത് മാറുന്നില്ല.
സംഭവിച്ചതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഒരു കുട്ടിയെ വിധി തട്ടിയെടുത്തു.
ആകെയുള്ള സമാധാനം ആശുപത്രിയിലുള്ള മകൻ രക്ഷപ്പെട്ടുവരുന്നു എന്നതാണ്. അപ്പോഴാണ് വീണ്ടും വീണ്ടും പാമ്പിനെ കാണുന്നത്.
ഇവിടെ സുരക്ഷിതമാണെന്ന് ഉറപ്പാകാതെ അവനെ കൊണ്ടുവരില്ല. എവിടേലും വാടകയ്ക്ക് വീടെടുക്കാൻ ശ്രമിക്കണം.
കുറച്ചുകുറച്ചായി പണിത് നാല് വർഷംകൊണ്ടാണ് ഈ വീട് നിർമിച്ചത്. പണി പൂർത്തിയാക്കിയിട്ട് രണ്ടുവർഷമേ ആയിട്ടുള്ളൂ.
മക്കൾ നല്ലരീതിയിൽ കിടക്കണം എന്ന ആഗ്രഹത്തിൽ ചെയ്തതാണ്. എന്നാൽ, ഇപ്പോൾ അതൊരു ദുരന്തമായി മാറിയെന്നും വിഷമത്തോടെ അവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

