യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒറ്റവാക്കിനായി കാത്തിരിക്കുകയാണെന്നും ഇറാനിൽ ‘ഖമനയി പരമ്പര’യെ തുടച്ചുനീക്കാനുള്ള ആക്രമണത്തിനായി ഇസ്രയേൽ പൂർണസജ്ജമാണെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ്. ട്രംപിന്റെ അനുമതി ലഭിച്ചശേഷം മാത്രം ഇറാനെ ആക്രമിക്കുകയെന്ന ഉദ്ദേശ്യമാണ് ഇസ്രയേലിനുള്ളത്.
അതേസമയം, തലസ്ഥാനമായ ടെഹ്റാനിന്റെ ആകാശത്ത് ‘എതിരാളിയുടെ സാന്നിധ്യം’ സംശയിച്ചതിനെ തുടർന്ന് വ്യോമപ്രതിരോധ സംവിധാനങ്ങൾ വീണ്ടും ‘ആക്ടിവേറ്റ്’ ചെയ്തതായി ഇറാൻ അറിയിച്ചു.
എന്നാൽ, ഇസ്രയേലിൽ നിന്ന് ആക്രമണ നീക്കങ്ങളൊന്നുമുണ്ടായില്ലെന്ന് ഇസ്രയേൽ പ്രതികരിച്ചു.
നേരത്തേ, ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയെ വധിച്ചത് ഇസ്രയേൽ ആയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനയി പരമോന്ന നേതാവായി.
മുജ്തബ പക്ഷേ, പിന്നീട് പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിനും ഗുരുതരമായി പരുക്കേറ്റെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഹോർമുസിൽ നിന്ന് പണം വാരേണ്ട
ഇതിനിടെ, ഹോർമുസ് അടച്ചത് താനാണെന്നും ഇറാനുമായി ഡീലിന് തനിക്ക് ധൃതിയില്ലെന്നും യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു.
‘‘മെച്ചപ്പെട്ട ഡീലിനായാണ് ശ്രമിക്കുന്നത്.
എനിക്ക് ധൃതിയില്ല. ഞാനാണ് ഹോർമുസ് അടച്ചത്.
അതു തുറന്നിട്ടാൽ ഇറാന് ദിവസേന 500 മില്യൻ വീതം കിട്ടും. അവർ അങ്ങനെ പണമുണ്ടാക്കേണ്ട.
അതുകൊണ്ടാണ് അടച്ചത്’’ – ട്രംപ് പറഞ്ഞു.
കുതിച്ച് ക്രൂഡ് ഓയിൽ, ഇടിഞ്ഞ് സ്വർണം, ഓഹരി
ഇറാനെ വീണ്ടും ആക്രമിക്കുമെന്ന ഭീഷണി ഇസ്രയേൽ മുഴക്കുകയും ഹോർമുസ് തുറക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ ക്രൂഡ് ഓയിൽ വില കൂടുതൽ മുന്നേറി. രാജ്യാന്തര സ്വർണവില കൂടുതൽ ഇടിഞ്ഞു.
ഓഹരി വിപണികളും ആശങ്കക്കയത്തിലായി.
ഹോർമുസിൽ ഇറാനും യുഎസും കപ്പലുകൾ പിടിച്ചെടുക്കുന്നതിൽ മത്സരിക്കുന്നതും എണ്ണവിപണിയുടെ കുതിപ്പിന് വളംവച്ചു. ഇതിനിടെ ഇസ്രയേലും-ലെബനനും 3 ആഴ്ചത്തേക്ക് വെടിനിർത്തൽ ധാരണയിലെത്തിയെന്ന് ട്രംപ് പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ വൈകാതെ വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനിലെ 75% ലക്ഷ്യവും കണ്ടു, അണു ബോംബ് ഇടില്ല!
ഇറാനിലെ 75% ആക്രമണ ലക്ഷ്യങ്ങളും കൈവരിച്ചെന്നും അണു ബോംബ് ഇടേണ്ട ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാനിൽ ആണവാക്രമണ പദ്ധതി ഉണ്ടായിരുന്നോ എന്ന ചില മാധ്യമങ്ങളുടെ ചോദ്യത്തോട് ട്രംപ് പൊട്ടിത്തെറിച്ചു.‘‘എന്തൊരു വിഡ്ഢി ചോദ്യമാണത്. എന്താണ് അണുബോംബിന്റെ ആവശ്യം? അല്ലാതെതന്നെ ഇറാന്റെ നട്ടെല്ല് ഒടിച്ചു.
ആരെങ്കിലും ആർക്കെതിരെയും അണുബോംബ് ഉപയോഗിക്കേണ്ട ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല’’ – ട്രംപ് പറഞ്ഞു.
അതേസമയം, ഹോർമുസിൽ കപ്പൽപ്പാതയിൽ മൈനുകൾ വിതറുന്ന ഇറാനിയൻ ബോട്ടുകൾക്കുനേരെ ട്രംപ് ‘ഷൂട്ട് ആൻഡ് കിൽ’ ഓർഡറിട്ടു.
യുഎസുമായി ധാരണയിലെത്തുംവരെ ഹോർമുസ് കടന്ന് ഒരു കപ്പലും പോകില്ലെന്ന് ട്രംപ് വ്യക്തമാക്കി.
എണ്ണവില 105 നോട്ട് ഔട്ട്! സ്വർണവില 4700ന് താഴെ
വെടിനിർത്തൽ കാലാവധി നീട്ടിയെങ്കിലും സമാധാന, സമവായ നീക്കങ്ങളുടെ സാധ്യത അകന്നുനിൽക്കുന്നതും ഇസ്രയേലും ട്രംപും ഇറാനെതിരെ സമ്മർദം കടുപ്പിച്ചതും എണ്ണവിലയെ മുന്നോട്ട് നയിച്ചു.
∙ യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് 1.22% വർധിച്ച് 97.02 ഡോളറിൽ എത്തി.
ബ്രെന്റ് വില 3.10% മുന്നേറി 105.1 ഡോളറും. ∙ എണ്ണവില വർധന പണപ്പെരുപ്പപ്പേടിക്കും യുഎസ് ഡോളറിന്റെ മുന്നേറ്റത്തിനും വഴിവച്ചത് സ്വർണത്തിന് ക്ഷീണമായി.
∙ രാജ്യാന്തര സ്വർണവില ഔൺസിന് 37 ഡോളർ താഴ്ന്ന് 4697 ഡോളറിലെത്തി.
ഇതാണ് ട്രെൻഡ് എങ്കിൽ കേരളത്തിൽ ഇന്ന് രാവിലെ വില കുറയും. ∙ യുഎസ് ഡോളർ ഇൻഡക്സ് അഥവാ യൂറോ, യെൻ, പൗണ്ട് തുടങ്ങി 6 പ്രധാന കറൻസികൾക്ക് എതിരായ ഡോളർ സൂചിക 0.21% ഉയർന്ന് 98.80ൽ എത്തി.
ഓഹരികളിൽ വീഴ്ച
യുഎസ്-ഇസ്രയേലി സഖ്യവും ഇറാനും തമ്മിൽ വീണ്ടും യുദ്ധമുണ്ടാകുന്ന സാധ്യത നിഴലിക്കുന്നതും ഹോർമുസ് പ്രതിസന്ധിയും എണ്ണവില വർധനയും ഓഹരി വിപണികളെ പിടിച്ചുലയ്ക്കുന്നു.
യുഎസിൽ ഡൗ ജോൺസ് ഓഹരി സൂചിക 0.36%, നാസ്ഡാക് 0.89%, എസ് ആൻഡ് പി500 സൂചിക 0.41% എന്നിങ്ങനെ താഴ്ന്നു.
∙ ഐടി ഓഹരികളുടെ വീഴ്ചയും തിരിച്ചടിയായി. ഐബിഎം, സർവീസസ്നൗ കമ്പനികളുടെ ഓഹരികൾ 18% വരെ ഇടിഞ്ഞു.
മോശം മാർച്ചുപാദ പ്രവർത്തനഫലമാണ് തിരിച്ചടി. ∙ പ്രവർത്തന ചരിത്രത്തിൽ ആദ്യമായി ജീവനക്കാർക്ക് ‘സ്വയം വിരമിക്കൽ പദ്ധതി’ (വിആർഎസ്) പ്രഖ്യാപിച്ച മൈക്രോസോഫ്റ്റിന്റെ ഓഹരി 4% ഇടിഞ്ഞിരുന്നു.
മൊത്തം 2.28 ലക്ഷം ജീവനക്കാർ മൈസ്രോസോഫ്റ്റിലുണ്ട്. ഇതിൽ 7% പേർക്കാണ് വിആർഎസ് ബാധകം.
Updating… …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

