പെരിയ ∙ ഇതൊരു സിനിമാക്കഥയല്ല, സംഭവമാണ്. എന്നാൽ സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ഈ കഥയ്ക്കുണ്ട്.
പള്ളിക്കര പഞ്ചായത്ത് 14–ാം വാർഡിലെ ഹരിത കർമസേനാംഗങ്ങളായ പാക്കം വെളുത്തോളിയിലെ സുജയും സുനിയുമാണ് ഈ കഥയിലെ നായികമാർ. സംഭവമിങ്ങനെ: തിങ്കളാഴ്ച രാവിലെ മാലിന്യ ശേഖരണത്തിനായി ചെർക്കാപ്പാറയിലെ സുധയുടെ വീട്ടിലെത്തിയതായിരുന്നു സുജയും സുനിതയും.
പ്ലാസ്റ്റിക്കിനൊപ്പം പഴയ ചെരിപ്പുകളും ശേഖരിക്കുന്ന ദിവസമായിരുന്നതിനാൽ സുധ സോൾ പൊട്ടിയ ചെരിപ്പ് കാൽകൊണ്ട് നീക്കിയിട്ടു നൽകുന്നതിനിടെ ചെരിപ്പിനടിയിൽ ഒട്ടിപ്പിടിച്ച ബബിൾ ഗമ്മിൽ എന്തോ വസ്തു തിളങ്ങുന്നതു പോലെ തോന്നി.
ഇരുവരും ചേർന്ന് ഉരച്ചു നോക്കിയപ്പോൾ സ്വർണത്താലി..!
ഫ്ലാഷ് ബാക്ക്: വെളുത്തോളി ചാലിൽ തനിമ സ്റ്റോർ നടത്തുന്ന രത്നാകരന്റെ മരുമകൾ എണ്ണപ്പാറ സ്വദേശിനി ജിഷയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണത്താലി ഒരാഴ്ച മുൻപ് കടയുടെ സമീപം വച്ച് നഷ്ടമായിരുന്നു. പാലക്കുന്നിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ രത്നാകരനെ കാണാൻ ജിഷയും കുടുംബവും വെളുത്തോളിയിലെ കടയിലെത്തിയിരുന്നു.
പിന്നീടാണ് ജിഷ കഴുത്തിലണിഞ്ഞിരുന്ന 5 പവൻ മാലയിലുണ്ടായിരുന്ന ഒരു പവന്റെ താലി വീണതായി അറിയുന്നത്.
ജിഷ കടയിലെത്തിയ ദിവസം സുധ സാധനം വാങ്ങാൻ രത്നാകരന്റെ കടയിലെത്തിയിരുന്നു. എന്നാൽ ചെരിപ്പിനടിയിൽ ബബിൾ ഗം ഒട്ടിയതും അതിൽ സ്വർണത്താലി പറ്റിപ്പിടിച്ചതുമൊന്നും സുധ അറിഞ്ഞില്ല.
പിന്നീട് ചെരിപ്പിന്റെ സോൾ പൊട്ടിയതിനാൽ വീട്ടുമുറ്റത്ത് ഉപേക്ഷിക്കുകയും ചെയ്തു. ഹരിത കർമസേനാംഗങ്ങളായ സുജയും സുനിയും സുധയുടെ വീട്ടിലെത്തിയപ്പോൾ ഉപയോഗശൂന്യമായ ഈ ചെരിപ്പ് എടുത്തു നൽകുകയായിരുന്നു.
ജിഷയുടെ സ്വർണം നഷ്ടപ്പെട്ടതറിഞ്ഞ് കുടുംബം ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു.
നാട്ടിലെ വാട്സാപ് ഗ്രൂപ്പുകളിലും വിവരം കൈമാറി. സംശയം തോന്നിയാണ് സുജയും സുനിയും രത്നാകരന്റെ ഭാര്യ കനകയെ ബന്ധപ്പെട്ടത്.
ചെരിപ്പിനടിയിൽ നിന്നു കിട്ടിയ താലിയുടെ ഫോട്ടോ അയച്ചു നൽകിയതോടെ ജിഷയുടെ നഷ്ടപ്പെട്ട സ്വർണമാണെന്നുറപ്പിച്ചു.
തുടർന്ന് സുധയുടെ വീട്ടിലെത്തിയ കനകയ്ക്ക് സുജയും സുനിതയും ചേർന്ന് സുധയുടെ സാന്നിധ്യത്തിൽ സ്വർണത്താലി കൈമാറി.
ബേക്കൽ പൊലീസിൽ പരാതി നൽകിയതിനാൽ ഇന്നലെ ജിഷയുടെ ഭർത്താവ് സുകുമാരൻ തിരിച്ചുകിട്ടിയ സ്വർണവുമായി സ്റ്റേഷനിലെത്തി പരാതി പിൻവലിച്ചു മടങ്ങി. അങ്ങനെ ഈ ‘സംഭവ’ത്തിന് സന്തോഷകരമായ ക്ലൈമാക്സുമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

