കഞ്ചിക്കോട് ∙ വോട്ട് ചെയ്യാൻ ‘ഭായിമാർ’ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങിയതോടെ വ്യവസായ–നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ. അതിഥിത്തൊഴിലാളികൾ കൂടുതൽ ജോലി ചെയ്യുന്ന ഇരുമ്പുരുക്ക് കമ്പനികളെയാണു വലിയ രീതിയിൽ ബാധിച്ചത്.
പാചക വാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു ഇരുമ്പുരുക്ക് കമ്പനികൾ.
ഇതു മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അതിഥിത്തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള മടക്കം. ആവശ്യത്തിനു തൊഴിലാളികളില്ലാതെ പല കമ്പനികളും പൂട്ടിയിടേണ്ട
അവസ്ഥയിലാണ്. ചില കമ്പനികൾ പ്രവർത്തന സമയം വെട്ടിക്കുറച്ചാണ് മുന്നോട്ടു പോകുന്നത്.
അസം, ബംഗാൾ സംസ്ഥാനങ്ങളിലെ അതിഥിത്തൊഴിലാളികളാണു കൂട്ടത്തോടെ മടങ്ങിയത്. അസമിൽ ഈ മാസം 9നു വോട്ടെടുപ്പ് കഴിഞ്ഞു.
ബംഗാളിൽ 23, 29 തീയതികളിലായി 2 ഘട്ടങ്ങളായാണ് വോട്ടെടുപ്പ്.
എന്നാൽ, അതിഥിത്തൊഴിലാളികൾ നാട്ടിൽ പോയാൽ രണ്ടും മൂന്നും മാസമൊക്കെ കഴിഞ്ഞേ തിരികെവരൂ എന്നതാണു രീതി. അതുകൊണ്ടുതന്നെ ഇവരെ കൂട്ടത്തോടെ നാട്ടിലേക്കു തൊഴിലുടമകൾ പലപ്പോഴും വിടാറുമില്ല.
ഇത്തവണ എസ്ഐആറിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തൊഴിലാളികളുടെ നിർബന്ധത്തിനു വഴങ്ങിയാണ് കൂട്ടത്തോടെ അവധി നൽകിയത്. എസ്ഐആറിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാൽ വോട്ട് നഷ്ടമായാൽ ഭാവിയിൽ പ്രതിസന്ധിക്കിടയാക്കുമെന്നാണ് നാട്ടിലുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഇവരെ വിളിച്ചറിയിച്ചിട്ടുള്ളത്.
ഇതോടെയാണ് പലരും വോട്ട് ചെയ്യാനായി മാത്രം നാട്ടിലേക്ക് മടങ്ങിയത്. തിരഞ്ഞെടുപ്പ് ഫലം കൂടി വന്ന ശേഷം തിരിച്ചെത്താമെന്ന് പലരും അറിയിച്ചിട്ടുണ്ടെങ്കിലും അതിൽ ഉറപ്പില്ലെന്ന് സംരംഭകർ പറയുന്നു.
ഇരുമ്പുരുക്ക്, തുണി, കയർ, നൂൽനൂൽപ്പ്, സിമന്റ് നിർമാണ കമ്പനികൾ, പ്ലാസ്റ്റിക്, ടയർ നിർമാണ കമ്പനികൾ തുടങ്ങി ഒട്ടുമിക്ക കമ്പനികളിലും അതിഥിത്തൊഴിലാളികളാണ് കൂടുതലായി ജോലി ചെയ്യുന്നത്.
ജില്ലയിൽ ഏറ്റവും കൂടുതൽ അതിഥിത്തൊഴിലാളികളുള്ളത് ബംഗാൾ, അസം, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. കഞ്ചിക്കോട്, ഷൊർണൂർ തുടങ്ങിയ പ്രധാന വ്യവസായ മേഖലകളുള്ള ജില്ലയിൽ ഒന്നര ലക്ഷത്തിലേറെ അതിഥിത്തൊഴിലാളികളാണുള്ളത്.
നിർമാണ മേഖലയിൽ മാത്രം അര ലക്ഷത്തോളം അതിഥിത്തൊഴിലാളികളുണ്ട്. നാട്ടിലെ തൊഴിലാളികളെ ഉപയോഗിച്ചാണ് പലരും മുന്നോട്ടു പോകുന്നത്.
അതിഥിത്തൊഴിലാളികളുടെ അഭാവം സർക്കാർ സ്ഥാപനങ്ങളെപ്പോലും ബാധിച്ചെന്നു കരാർ കമ്പനികൾ പറയുന്നു.
സ്പെഷൽ സർവീസുമായി റെയിൽവേ
തൊഴിലാളികൾ മടങ്ങുന്ന ട്രെയിനുകളിൽ ബസുകളിലും നിയന്ത്രിക്കാനാവാത്ത തിരക്കാണു ദിവസവും അനുഭവപ്പെടുന്നത്. അതിഥിത്തൊഴിലാളികളുടെ സൗകര്യത്തിനായി തിരുവനന്തപുരം–സാന്ദ്രാഗാച്ചി എക്സ്പ്രസ്, തിരുവനന്തപുരം–ഷാലിമാർ എക്സ്പ്രസ് തുടങ്ങിയ സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിരുന്നു.
സമ്മർ സ്പെഷൽ ട്രെയിൻ എന്ന രീതിയിലാണ് ഇവ സർവീസ് നടത്തിയത്. വിവേക് എക്സ്പ്രസിലാണ് കൂടുതൽ അതിഥിത്തൊഴിലാളികൾ യാത്ര ചെയ്യുന്നത്.
ഹോട്ടൽ മേഖലയും പ്രതിസന്ധിയിൽ
പാചകവാതക വിതരണം ലഭ്യമാകാതെ പ്രതിസന്ധിയിലായ ഹോട്ടൽ വ്യവസായ മേഖലയെ അതിഥിത്തൊഴിലാളികളുടെ മടക്കം കൂടുതൽ തകർച്ചയിലാക്കി.
വിഭവങ്ങൾ വെട്ടിക്കുറച്ചും പ്രവർത്തനസമയം ചുരുക്കിയും പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയത്. പല ഹോട്ടലുകളിലും ചൈനീസ് ഉൾപ്പെടെയുള്ള വിഭവങ്ങൾ നിർത്തിവച്ചു.
ബേക്കറികൾ, ജ്യൂസ് ഷോപ്പുകൾ, കേറ്ററിങ് സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെയും അതിഥിത്തൊഴിലാളികളുടെ അഭാവം ബാധിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

