കോട്ടയം∙ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് ഒാരു വെള്ളം (ഉപ്പുവെള്ളം) കയറിയപ്പോൾ കോട്ടയം കളത്തിൽകടവിലെ മീൻപിടുത്തവും തകൃതി. നാട്ടിലെ പുഴകളിലും തോടുകളിലും ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം ഉണ്ടാകുമ്പോൾ മീനുകൾ വെള്ളത്തിനു മുകളിലേയ്ക്കു പൊങ്ങിവരും.
ഇങ്ങനെ വരുമ്പോൾ മീൻ പിടിക്കാൻ വരുന്നവർക്ക് ചാകരയാണ്. തൊടുപുഴയിൽ നിന്നും വന്ന ഒരു സംഘം യുവാക്കൾക്കാണ് ഇപ്പോൾ കോളടിച്ചത്.
ഏകദേശം 300 കിലോ വാള ഇവർക്ക് ലഭിച്ചു. ജോബിഷ് ജോർജ്, ബിജു കൃഷ്ണൻ, വൈശാഖ്, കൃഷ്ണകുമാർ, ഷനൂബ്, മനീഷ്, സുനീർ, ജിജി എന്നിവരാണ് തൊടുപുഴയിൽനിന്നു വന്ന സംഘത്തിൽ ഉണ്ടായിരുന്നത്.
തണ്ണീർമുക്കം ബണ്ടിന്റെ 10 ഷട്ടറുകൾ തുറന്നു
കുമരകം ∙ കുട്ടനാട്ടിലെ തോടുകളിൽ ഇനി തെളിനീർ ഒഴുകി തുടങ്ങും.
തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകളിൽ 10 എണ്ണം തുറന്നു. 29ന് ബാക്കി ഷട്ടറുകൾ കൂടി തുറക്കും.
വെച്ചൂർ അംബിക മാർക്കറ്റ് ഭാഗത്തെ ഷട്ടറുകളാണു തുറന്നത്. അംബിക മാർക്കറ്റ് ഭാഗത്ത് ഷട്ടറുകൾ പൂർണമായും തുറന്ന ശേഷം തണ്ണീർമുക്കം ഭാഗത്തെ തുറക്കാൻ തുടങ്ങും.10 ഷട്ടറുകൾ മാത്രം തുറന്നതിനാൽ കാര്യമായ ഒഴുക്ക് ഉണ്ടായിട്ടില്ല.
കായലിന്റെ തെക്ക് ഭാഗത്തേക്ക് ശക്തമായ ഒഴുക്ക് ഉണ്ടാകണമെങ്കിൽ ഷട്ടറുകൾ പൂർണമായും തുറക്കണം. കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണു ഷട്ടറുകൾ പല ദിവസങ്ങളായി തുറക്കുന്നത്.
ഡിസംബർ 15നാണ് കുട്ടനാട്ടിലെ പുഞ്ചക്കൃഷിയെ ഉപ്പ് വെള്ളത്തിൽ നിന്ന് രക്ഷിക്കുന്നതിനായി ഷട്ടറുകൾ അടച്ചത്.
മാർച്ച് 15ന് ഷട്ടറുകൾ തുറക്കേണ്ടതാണെങ്കിലും കൊയ്ത്ത് പൂർത്തിയാകാത്തതിനാൽ നീട്ടുകയായിരുന്നു. ഈ വർഷമാണ് ഏറ്റവും വൈകി ഷട്ടറുകൾ തുറക്കുന്നത്.
പോയ വർഷങ്ങളിൽ ഏപ്രിൽ 10,11.12 തീയതികളിലാണു ഷട്ടറുകൾ തുറന്നിരുന്നെങ്കിൽ ഈ വർഷം 20 വരെ കാത്തിരിക്കേണ്ടി വന്നു.
മാസങ്ങളായി ഷട്ടറുകൾ അടഞ്ഞു കിടന്നതിനാൽ തോടുകൾ ഏറെ മലിനമായി. ഇതുമൂലം നാട്ടുകാർ ദുരിതത്തിലായിരുന്നു.
തോടുകളിലെ വെള്ളം ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. പോള ചീഞ്ഞു വെള്ളത്തിൽ കലർന്നതോടെ ദുർഗന്ധം വമിച്ചു തുടങ്ങിയിരുന്നു.
വെള്ളത്തിനു കറുപ്പ് നിറവുമായി. ഒഴുക്ക് ശക്തമാകുന്നതോടെ പോളയും മാലിന്യങ്ങളും ഒഴുകി മാറി തോടുകൾ ശുദ്ധമാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

