കൊട്ടിയം∙ നിർമാണം പൂർത്തിയായ ഉയരപ്പാതയിലുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് ഉമയനല്ലൂർ പട്ടരുമുക്ക് നിവാസികൾ. സമീപത്തെ കടയിൽ ചായ കുടിച്ചു കൊണ്ടു നിന്നവരും പട്ടരുമുക്ക് ജംക്ഷനിൽ ഉണ്ടായിരുന്നവരും വലിയ ശബ്ദം കേട്ട് ഇവിടേക്ക് ഒാടിയടുത്തപ്പോൾ കണ്ട
കാഴ്ച ഭയാനകമായിരുന്നു. പാർക്ക് ചെയ്തിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറി തകർന്നു തരിപ്പണമായ കാർ.
കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരുടെയും കാറിനും ലോറിക്കും ഇടയിലായിപ്പോയ ലോറി ഡ്രൈവറുടെയും നിലവിളി ശബ്ദങ്ങൾ. കാർ അമിത വേഗത്തിലാണ് കടന്നു പോയതെന്നു ദൃക്സാക്ഷികൾ പറയുന്നു.
നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്കു കാർ ഇടിച്ചുകയറി 2 യുവാക്കളാണ് മരിച്ചത്.
ലോറിക്കു മുന്നിൽ നിന്ന ബിഹാർ സ്വദേശിയായ ഡ്രൈവർക്കു ഗുരുതരമായി പരുക്കേറ്റു. പരവൂർ കലയ്ക്കോട് പ്ലാവിള തെക്കതിൽ ഷാജിയുടെയും ജാസ്മിന്റെയും മകൻ ചാൾസ് ഷാജി (22), പരവൂർ കലയ്ക്കോട് തൊടിയിൽ വീട്ടിൽ സിട്രിക്കിന്റെയും എലിസബത്തിന്റെയും മകൻ സാൻജോ സി.ലൂയിസ് (22) എന്നിവരാണു മരിച്ചത്.
ദേശീയപാത നിർമാണ കരാർ കമ്പനി തൊഴിലാളിയായ ഡ്രൈവർ ചന്ദേശ്വർ പ്രസാദിനാണ് (55) ഇരുകാലുകൾക്കും പരുക്കേറ്റത്.
ഞായർ വൈകിട്ട് 3നു ഉയരപ്പാതയിൽ പട്ടരുമുക്കിലാണ് അപകടം. ഒരുമാസം മുൻപു തുറന്ന പാതയാണിത്.
കൊട്ടിയം ഭാഗത്തു നിന്നു കൊല്ലത്തേക്കു പോയ കാറാണ് അപകടത്തിൽപ്പെട്ടത്. ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ടു വെള്ളം കൊണ്ടു പോകുന്ന ലോറി വഴിയിൽ നിർത്തിയിട്ടശേഷം ഗ്ലാസ് വൃത്തിയാക്കുകയായിരുന്നു ഡ്രൈവർ.
ചാൾസിനെയും സാൻജോയെയും നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്.
മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടപ്പാക്കടയിൽ നിന്ന് അഗ്നിരക്ഷാസേനാംഗങ്ങളും അപകടസ്ഥലത്ത് എത്തി.
കൊട്ടിയം പൊലീസ് കേസെടുത്തു. സനോജിന്റെ സഹോദരൻ സെബിനു.
ചാൾസിന്റെ സഹോദരങ്ങൾ: സിജിൻ, ഷിജി. ഇരുവരുടെയും മൃതദേഹം സ്വകാര്യ മെഡിക്കൽ കോളജിൽ.
ഒരുമിച്ചു മടങ്ങി ഉറ്റ സുഹൃത്തുക്കൾ
കൊട്ടിയം∙ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളുമായ യുവാക്കൾ മരണത്തിലും ഒന്നിച്ചു.
കുട്ടിക്കാലം മുതൽ ഒരുമിച്ച് കളിച്ചു വളർന്ന ചാൾസും സാൻജോയും എവിടെപ്പോയാലും ഒരുമിച്ചായിരുന്നു യാത്ര. മരണത്തിലേക്കുള്ള യാത്രയും ഇവർ ഒരുമിച്ചായി.
ദേശീയ പാതയിൽ ഉമയനല്ലൂർ പട്ടരുമുക്കിൽ ഉണ്ടായ അപകടത്തിൽ മരിച്ച ചാൾസും സാൻജോയും അയൽവാസികളും ബന്ധുക്കളും ആണ്. ആറ്റിങ്ങൽ ഗവ.പോളിടെക്നിക് കോളജിലെ അവസാന വർഷ വിദ്യാർഥിയാണ് ചാൾസ്.
ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പാസായ സാൻജോ കോവളത്തെ രാജ്യാന്തര ഹോട്ടലിൽ ജോലി ചെയ്തു വരികയാണ്. യുവാക്കളുടെ അപകടമരണം കലയ്ക്കോട് ഗ്രാമത്തെയാകെ ദുഃഖത്തിലാഴ്ത്തി.
കൊട്ടിയം പൊലീസ് നടപടികൾ സ്വീകരിച്ച ശേഷം ഇന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.
വേഗപ്പാത…. അപകടപ്പാതയാകരുത്
കൊട്ടിയം∙ തടസ്സങ്ങൾ ഒന്നുമില്ലാത്തതിനാൽ മിന്നൽ വേഗത്തിലാണ് ഉയരപ്പാതയിലൂടെ വാഹനങ്ങൾ കടന്നു പോകുന്നതെന്ന് നാട്ടുകാർ.
നിർമാണം ഭാഗികമായി പൂർത്തിയായ സിതാര ജംക്ഷൻ മുതൽ വാഴപ്പള്ളി വരെയുള്ള ഉയരപ്പാതയിലൂടെ വളരെ വേഗത്തിലാണ് വാഹനങ്ങൾ കടന്നു പോകുന്നത്. കേവലം 3 മിനിറ്റ് കൊണ്ട് വാഴപ്പള്ളിയിൽ നിന്ന് സിതാര ജംക്ഷനിൽ എത്താൻ സാധിക്കും.
ഇന്നലെ അപകടം നടന്ന പട്ടരുമുക്ക് ജംക്ഷനിൽ ഇരു ഭാഗത്തും സർവീസ് റോഡിലേക്ക് ഇറങ്ങാനായി സൗകര്യമുണ്ട്, മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ ഈ ഭാഗത്ത് എത്തുമ്പോൾ വാഹനങ്ങളുടെ വേഗം കുറയ്ക്കണം.
നിർമാണം പൂർത്തിയാകാത്തതിനാൽ ചില സമയങ്ങളിൽ ഇതുവഴി കാൽനട യാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നുണ്ട്.
ഇതേ റോഡിൽ രണ്ടാമത്തെ എക്സിറ്റ് വാഴപ്പള്ളിയിലാണ്. ഇവിടെ ഉയരപ്പാതയുടെ നിർമാണം പൂർത്തിയാകാത്തതിനാൽ കൊട്ടിയത്തു നിന്ന് വരുന്ന വാഹനങ്ങൾ നല്ല വേഗത്തിൽ സർവീസ് റോഡിലേക്ക് കയറുന്നതും അപകടം ക്ഷണിച്ചു വരുത്തും. ഒരു മാസം മുൻപാണ് വാഴപ്പള്ളി മുതൽ സിതാര ജംക്ഷൻ വരെയുള്ള ഉയരപ്പാത തുറന്നു കൊടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

