കണ്ണൂർ ∙ ബിഡിഎസ് വിദ്യാർഥി ആർ.എൽ.നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് അനധികൃത ലോൺ ആപ് സംഘത്തെ പിടികൂടാൻ ഡൽഹിക്കു സമീപം നോയിഡയിലെത്തിയ പൊലീസ് സംഘം നേരിട്ടത് വലിയ പ്രതിസന്ധികൾ. മൂന്നുപേരെ അറസ്റ്റ് ചെയ്ത് പുറത്തിറങ്ങിയ പൊലീസ് സംഘത്തെ ഗുണ്ടകൾ തടഞ്ഞുവച്ചു.
പ്രതികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എസ്ഐ വി.മിഥുനെ പിടിച്ചുവച്ചു. ഇതെല്ലാം തരണംചെയ്താണ് പ്രതികളുമായി പൊലീസ് കേരളത്തിലെത്തിയത്.
ഇൻസ്റ്റ പേ (ഇൻസ്റ്റന്റ് ഫണ്ട്സ്) ലോൺ ആപ്പിന്റെ ആസ്ഥാനം പ്രവർത്തിച്ച കെട്ടിടത്തിൽ ബോർഡോ പേരോ ഇല്ല. അകത്തു പക്ഷേ, ഐടി സ്ഥാപനങ്ങൾക്കു സമാനമായ സൗകര്യങ്ങളാണ്.
ഓഫിസ് പ്രവർത്തിച്ച കെട്ടിടത്തിന്റെ ഉടമ തന്നെയാണ് ലോൺ ആപ്പിന്റെ ഉടമയെന്നാണു വിവരം. അനുമതിയില്ലാതെ പ്രവർത്തിച്ച സ്ഥാപനത്തെക്കുറിച്ച് നോയിഡ പൊലീസിനും ഒന്നുമറിയില്ല.
ആപ് വഴി 15,000 രൂപ ലോണെടുത്ത നിതിൻരാജിന് സംഘം നൽകിയത് 13,250 രൂപയാണ്.
തിരിച്ചടയ്ക്കേണ്ടിയിരുന്നത് 39,500 രൂപയും. വായ്പയ്ക്ക് റഫറൻസായി അമ്മ ലതയുടെ നമ്പർ നിതിൻ നൽകിയിരുന്നു.
എന്നാൽ, നിതിൻരാജിന്റെ ഫോൺ കോൺടാക്ട് കൈവശപ്പെടുത്തിയ വായ്പ ഏജൻസി അതിലുള്ള പലരെയും വിളിച്ചു. കോൺടാക്ട് ലിസ്റ്റിൽ ‘ലത മാം’ എന്ന പേരിലായിരുന്നു അധ്യാപികയുടെ നമ്പർ.
ഇത് അമ്മയുടെ നമ്പറെന്ന് ധരിച്ചായിരിക്കാം, അധ്യാപികയെ നിരന്തരം വിളിച്ചത്. നിതിന്റെ മരണശേഷം അധ്യാപികയുടെ ഫോണുമായാണ് പൊലീസ് സംഘം ബുധനാഴ്ച ഡൽഹിക്കു തിരിച്ചത്.
ലോൺ സംഘത്തിന്റെ വിളികൾ അപ്പോഴും വന്നുകൊണ്ടിരുന്നു. പണം നൽകാമെന്നും അതിനു ശ്രമിക്കുകയാണെന്നും പറഞ്ഞ് വായ്പസംഘത്തെ പൊലീസ് സജീവമാക്കി നിർത്തി.
നിതിന്റെ മരണം അവർ അറിഞ്ഞിരുന്നില്ല. വ്യാഴം വൈകിട്ട് മൂന്നോടെ വായ്പസംഘത്തിന്റെ കെട്ടിടം പൊലീസ് കണ്ടെത്തി.
നോയിഡ പൊലീസിലെ നാലുപേരും സഹായത്തിനുണ്ടായിരുന്നു.
കേരള പൊലീസ് എത്തുമ്പോൾ നാൽപതോളം ജീവനക്കാർ ഓഫിസിൽ ജോലിചെയ്യുന്നുണ്ടായിരുന്നു. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതും പണം നൽകുന്നതും തിരിച്ചടവിനായി ഭീഷണിപ്പെടുത്തുന്നതും നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം ഇവിടെനിന്നാണ്.
ലോണെടുത്തവരെ വിളിക്കാൻ പ്രതികൾ ഫോണിനു പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നത്. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സിം ബോക്സുകൾക്കു കഴിയും.
സിംകാർഡുകളും ബോക്സുകളും പൊലീസ് പിടിച്ചെടുത്തു.
ചോദ്യംചെയ്തു
ചക്കരക്കൽ ∙ ആർ.എൽ.നിതിൻരാജിന്റെ മരണത്തിൽ അറസ്റ്റിലായ ഇൻസ്റ്റന്റ് ഫണ്ട്സ് ലോൺ ആപ്പിലെ ജീവനക്കാരായ റിഷികേഷ് തിവാരി (32), പ്രശാന്ത് ഖേവൽ (28), പ്രകാശ് ജയ് (54) എന്നിവരെ ചക്കരക്കൽ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ചക്കരക്കൽ സിഐ കെ.എ.ഫക്രുദ്ദീൻ, എസ്ഐ ഇ.വി.വിനീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
4 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
പിന്നീട് കോടതിയിൽ ഹാജരാക്കാനായി കണ്ണൂരിലേക്ക് കൊണ്ടുപോയി.
ലോൺ ആപ് ജീവനക്കാർ റിമാൻഡിൽ
കണ്ണൂർ ∙ അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ.നിതിൻരാജിനെ മരണത്തിലേക്കു നയിക്കാൻ കാരണക്കാരെന്നു പൊലീസ് സംശയിക്കുന്ന ലോൺ ആപ് സ്ഥാപനത്തിലെ 3 ജീവനക്കാരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (3) കോടതി റിമാൻഡ് ചെയ്തു. ഇവരുടെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും.
നിതിൻരാജിനെ ഭീഷണിപ്പെടുത്തിയ ഇൻസ്റ്റന്റ് ഫണ്ട്സ് എന്ന ലോൺ ആപ്പിലെ ടെലിമാർക്കറ്റിങ് ജീവനക്കാരായ യുപി ഗാസിയാബാദ് സ്വദേശി ഋഷികേശ് തിവാരി (32), പ്രശാന്ത് ഖേവൽ(28), ഹരിയാന ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരെ കഴിഞ്ഞ ദിവസം നോയിഡയിൽനിന്ന് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോൺ ആപ് ഉടമയെ പിടികൂടാനുണ്ട്.
2026 ജനുവരി 14ന് ഇൻസ്റ്റ പേ (ഇൻസ്റ്റന്റ് ഫണ്ട്സ്) ലോൺ ആപ് വഴി നിതിൻരാജ് 15,000 രൂപ കടമെടുത്തിരുന്നു.
36% ആണു പലിശ. ഇതിൽ 1000 രൂപ തിരിച്ചടച്ചു.
പിന്നീടു തിരിച്ചടവ് മുടങ്ങിയപ്പോൾ നിതിൻരാജിന്റെയും അധ്യാപികയുടെയും ഫോണുകളിലേക്ക് നിരന്തരം കോളുകളും മെസേജുകളും വന്നു. പണം അടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇവർ, ഒരുമണിക്കൂറിൽത്തന്നെ അനേകം തവണ അധ്യാപികയെ വിളിച്ചു.
ഓരോ നമ്പറും ബ്ലോക്ക് ചെയ്തിട്ടും മറ്റു നമ്പറുകളിൽനിന്നു ശല്യം തുടർന്നു. നിതിൻരാജിനെയും അധ്യാപികയെയും വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആയെങ്കിലും സജീവമായ ഒരു നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ നോയിഡയിലുണ്ടെന്ന് അന്വേഷണസംഘം മനസ്സിലാക്കിയത്.
ഇതേസമയം, നിതിൻരാജിന്റെ മരണകാരണം ലോൺ ആപ്പിലേക്ക് ചുരുക്കുന്നതിനെതിരെ കുടുംബവും വിദ്യാർഥികളും രംഗത്തുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജിന്റെ നിർദേശപ്രകാരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്ഐ എസ്.വി.മിഥുന്റെ നേതൃത്വത്തിൽ സിപിഒമാരായ കെ.സുനിൽ, പി.കെ.ദിജിൻരാജ് എന്നിവരാണ് നോയിഡയിൽ പ്രതികളെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

