ഇറാനു നേരെ സാമ്പത്തിക സമ്മർദ്ദം കടുപ്പിക്കുമ്പോഴും പ്രശ്നങ്ങൾക്ക് അതിവേഗത്തിൽ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിൽ യുഎസ്. നാവിക ഉപരോധം തുടരുന്നുണ്ടെങ്കിലും ചൈനീസ് കപ്പലുകൾക്ക് പ്രവേശന അനുമതി നൽകിയെന്ന് ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. ഹോർമുസിലൂടെയുള്ള കപ്പലുകൾക്ക് ഒമാൻ സമുദ്ര അതിർത്തിയിലൂടെ പോകാൻ അനുവദിക്കാമെന്നാണ് ഇറാന്റെ നിലപാട്.
എന്നാൽ പേർഷ്യൻ കടലിടുക്കിൽ യുഎസ് ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. സമാധാന ചർച്ചകൾക്കായി പാക് സേനാ മേധാവി അസിം മുനിർ ഇറാനിൽ എത്തിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളിൽ തന്നെ യുഎസ് – ഇറാൻ സമാധാന ചർച്ചകൾ പുനരാരംഭിക്കും. രണ്ടാഴ്ചത്തെ വെടിനിർത്തൽ നീട്ടാനുള്ള ശ്രമങ്ങളിലാണ് ഇരുവിഭാഗവും.
ഇത് രാജ്യാന്തര തലത്തിൽ വിപണികളെ ഉയർത്തിയിട്ടുണ്ട്.
ഓഹരി വിപണികൾ വലിയ നേട്ടത്തിലേക്ക് കുതിക്കുമെന്നാണ് ട്രംപിന്റെ പ്രവചനം. ഇതുശരി വക്കുന്ന രീതിയിലാണ് വിപണികളുടെ പ്രകടനം.
ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളർ ലെവലിൽ തന്നെയാണ്. സ്വർണം നേട്ടമുണ്ടാക്കുന്നത് തുടരുകയാണ്.
അതേസമയം, യുദ്ധം അവസാനിച്ചാലും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് പുറത്തുകടക്കാൻ മാസങ്ങൾ വേണ്ടി വരുമെന്നാണ് ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് മുന്നറിയിപ്പ്.
വെടിനിർത്തൽ തുടരുകയും ഹോർമുസ് തുറക്കുകയും ചെയ്താലും തിരിച്ചടി മാറാൻ സമയമെടുക്കും. ഇറാൻ യുദ്ധത്തിൽ ഊർജ മേഖലയിൽ ഏതാണ്ട് 5,800 കോടി ഡോളർ നഷ്ടമുണ്ടായെന്നാണ് കണക്കുകൂട്ടൽ.
ഫെബ്രുവരി 28ന് ശേഷം 80ലധികം ഊർജ കേന്ദ്രങ്ങളിൽ ആക്രമണം നടന്നു. ഇതിൽ പലതിനും കാര്യമായ നാശനഷ്ടമുണ്ടായി.
ഇതു പഴയ നിലയിലെത്താൻ സമയമെടുക്കുമെന്ന് വിവിധ രാജ്യാന്തര ഏജൻസികളും മുന്നറിയിപ്പ് നൽകുന്നു.
നേട്ടം തുടരാൻ ഇന്ത്യ
ഇറാൻ യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന പ്രസ്താവനകളും സമാധാന ചർച്ചകളും ഇന്ത്യൻ ഓഹരി വിപണിയെ ഇന്നലെ ഉണർത്തിയിരുന്നു. തിങ്കളാഴ്ചയുണ്ടാക്കിയ നഷ്ടം ഏതാണ്ട് നികത്തുന്നതായിരുന്നു ഇന്നലത്തെ വ്യാപാരം.
∙സെൻസെക്സ് 1,263.67 പോയിൻറ് കുതിച്ച് 78,111.24ലെത്തി.
നിഫ്റ്റി 386.65 പോയിൻറ് കയറി 24,231.30ലുമാണ് ക്ലോസ് ചെയ്തത്.
∙ക്രൂഡ് വില താഴ്ന്നു നിൽക്കുകയും സമാധാന ശ്രമങ്ങൾ തുടരുകയും ചെയ്യുന്നിടത്തോളം വിപണി മുന്നോട്ടു തന്നെ കയറുമെന്നാണ് കരുതുന്നത്.
∙ഇന്നും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് സൂചനകൾ. രാവിലെ ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവാണ്.
∙ഇന്നലെ യുഎസ് വിപണികൾ നേട്ടത്തിലായതും ഇന്ത്യൻ വിപണിയെ സ്വാധീനിക്കും.
∙ഏഷ്യൻ വിപണി ഇന്ന് രാവിലെ മികച്ച നേട്ടത്തിലാണ് മുന്നേറുന്നത്.
ജപ്പാനിലെ നിക്കെയ് സൂചിക 1.8 ശതമാനം നേട്ടമുണ്ടാക്കി.
∙കഴിഞ്ഞ ദിവസങ്ങളിൽ മൂന്നു ശതമാനം നേട്ടമുണ്ടാക്കിയ ദക്ഷിണ കൊറിയൻ കോസ്പി സൂചിക ഇന്ന് ഏകദേശം രണ്ടു ശതമാനത്തോളം കയറി. ഹോങ്കോങ് സൂചിക 0.8 ശതമാനവും ഷാൻഹായ് സൂചിക 0.5 ശതമാനവും നേട്ടത്തിലാണ്.
∙യുഎസ് വിപണിയിലെ രണ്ട് സൂചികകൾ ഇന്നലെ റെക്കോർഡിട്ടു.
എന്നാൽ ഡോ സൂചിക നഷ്ടത്തിലായി. 11 ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷമാണിത്.
ഇറാൻ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയും കോർപറേറ്റ് കമ്പനികളുടെ പാദഫലങ്ങൾ മികച്ചതാകുമെന്ന റിപ്പോർട്ടുകളുമാണ് നാസ്ഡാക്, എസ് ആൻഡ് പി സൂചികകളെ ഉയർത്തിയത്.
∙അനുമതി നീട്ടില്ല
റഷ്യൻ എണ്ണക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഇനിയും നീട്ടില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസൻറ്. മാർച്ച് 11ന് മുമ്പ് കപ്പലുകളിൽ ലോഡ് ചെയ്ത ക്രൂഡ് ഓയിലിനാണ് അന്ന് ഇളവ് നൽകിയത്.
ഇനി അത് നീട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമൂസ് അടഞ്ഞതോടെ മാർച്ചിൽ ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങിയത് റഷ്യയിൽ നിന്നായിരുന്നു.
ഈ വഴി അടഞ്ഞെന്ന റിപ്പോർട്ടുകൾ ഇന്ന് ഓഹരി വിപണിയിലും പ്രതിഫലിക്കും. ഇതുമായി ബന്ധപ്പെട്ട
ഓഹരികളെ ബാധിക്കാൻ സാധ്യതയുണ്ട്.
∙വ്യാപാരകമ്മി കുറഞ്ഞു
രാജ്യത്തേക്കുള്ള ഇറക്കുമതി കുറഞ്ഞതോടെ മാർച്ചിലെ ഇന്ത്യൻ വ്യാപാരക്കമ്മി 9 മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 2,067 കോടി ഡോളറിലെത്തിയെന്ന് കണക്ക്. കയറ്റുമതിയിൽ 5 മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവും രേഖപ്പെടുത്തി.
7.44 ശതമാനം കുറഞ്ഞ് 3,892 കോടി ഡോളറിലെത്തി. ഇറക്കുമതി 6.51 ശതമാനം ഇടിഞ്ഞ് 5,959 കോടി ഡോളറായെന്നും കണക്ക്.
എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2025-26) ആകെ കണക്കുകൾ പരിശോധിച്ചാൽ കയറ്റുമതിയിൽ ഇന്ത്യ നേടിയത് റെക്കോർഡ് നേട്ടം. 0.93 ശതമാനം വളർച്ചയോടെ 44,178 കോടി ഡോളർ മൂല്യമുള്ള ഉൽപന്നങ്ങളും സേവനങ്ങളുമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.
∙തൊഴിലില്ലായ്മ കൂടി
രാജ്യത്ത് 15 വയസിന് മുകളിലുള്ളവർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് മാർച്ചിൽ 5.1 ശതമാനമായി ഉയർന്നു.
ഫെബ്രുവരിയിൽ ഇത് 4.9 ശതമാനമായിരുന്നു. ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായും ഉയർന്നു.
∙ക്രൂഡ് 90ന് മുകളിൽ തന്നെ
സമാധാന ശ്രമങ്ങൾ നടക്കുമ്പോഴും രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിൽ തന്നെ തുടരുകയാണ്.
ഡബ്ല്യുടിഐ ബാരലിന് 91 ഡോളറിലും ബ്രെന്റ് 95 ഡോളറിലുമാണ് വിൽപന. യുഎഇയുടെ മർബൻ ക്രൂഡ് 100 ഡോളറിലെത്തി.
അതേസമയം, ഇറാൻ യുദ്ധത്തിന് പരിഹാരമാകാതെ ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടർന്നാൽ ലോക സാമ്പത്തിക മേഖലയിൽ പ്രതിസന്ധി ബാധിക്കുമെന്നാണ് രാജ്യാന്തര നാണയ നിധിയുടെ മുന്നറിയിപ്പ്.
രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4,800 ഡോളറിന് മുകളിൽ തന്നെ തുടരുകയാണ്. കേരളത്തിൽ ഇന്നലെ പവന് 1,040 രൂപ കൂടി 1,13,920 രൂപയിലെത്തിയിരുന്നു.
ഇന്നും വില കൂടാനാണ് സാധ്യത. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

