മുഹമ്മ ∙ വേമ്പനാട്ടുകായലിലെ തണ്ണീർമുക്കം ബണ്ട് ഷട്ടറുകൾ തുറക്കാൻ തീരുമാനമാകാത്തതിൽ മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രതിഷേധം ശക്തം. കായലിൽനിന്നു മീൻ പിടിച്ചും കക്ക വാരിയും ഉപജീവനം നടത്തുന്ന ആയിരക്കണക്കിനു കുടുംബങ്ങൾ ഷട്ടർ അടച്ചിട്ടിരിക്കുന്നതിനാൽ 3 മാസത്തിലധികമായി പട്ടിണിയുടെ വക്കിലാണ്.
കാർഷിക കലണ്ടർ പ്രകാരം തണ്ണീർമുക്കം ഷട്ടർ ഡിസംബർ 15ന് അടയ്ക്കുകയും മാർച്ച് 15നു തുറക്കുകയുമാണ് വേണ്ടത്.
എന്നാൽ എല്ലാ വർഷവും ഇത് കൃത്യമായി പാലിക്കപ്പെടാറില്ലെന്നും കടലാസിൽ മാത്രമാണെന്നുമാണ് ആക്ഷേപം. കഴിഞ്ഞ വർഷം ഏപ്രിൽ 11ന് ഷട്ടർ തുറന്നു, എന്നാൽ ഇത്തവണ എന്നു തുറക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കലക്ടർ അധ്യക്ഷനായ ഉപദേശക സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
പാടശേഖരങ്ങളിൽ ഓരുജലഭീഷണി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകൾ അടയ്ക്കുന്നത്.
ആലപ്പുഴ ജില്ലയുടെ കുട്ടനാട്ടിലടക്കം നെൽകൃഷിയുടെ വിളവെടുപ്പ് ഏതാണ്ട് പൂർത്തിയായെങ്കിലും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ നെൽകൃഷിയുടെ വിളവെടുപ്പ് വൈകുന്നതാണ് ഷട്ടർ തുറക്കാനുള്ള തീരുമാനം ഇഴയുന്നതിന് കാരണമായി പറയുന്നത്. മലിനീകരണം മൂലം മത്സ്യങ്ങളും ചെമ്മീനുമൊക്കെ കിട്ടാത്തതിനാൽ വേമ്പനാട്ടുകായലോരങ്ങളിലെ നൂറ് കണക്കിന് ചീനവലകൾക്കും പ്രവർത്തിക്കാനാവാത്ത സ്ഥിതിയാണ്.
തണ്ണീർമുക്കം ബണ്ടിന്റെ തെക്കുഭാഗത്ത് ദേശീയപാതയുടെ നിർമാണാവശ്യത്തിനായി നടക്കുന്ന അനിയന്ത്രിതമായ മണൽ ഖനനവും മത്സ്യത്തൊഴിലാളികൾക്ക് പ്രതിസന്ധിയായിട്ട് മാസങ്ങളേറെയായി.
കഴിഞ്ഞയിടെ ഉദ്യോഗസ്ഥതല യോഗം ചേർന്നുവെങ്കിലും തീരുമാനം ഒന്നും ആയില്ല. ബണ്ടിന്റെ ഷട്ടറുകൾ ഈ മാസം തന്നെ ഘട്ടം ഘട്ടമായി തുറക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
എന്നാൽ തങ്ങൾക്ക് ഔദ്യോഗികമായി ഓർഡർ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ജലസേചന വകുപ്പ് അധികൃതർ പറയുന്നത്. തണ്ണീർമുക്കം ബണ്ടിൽ നിലവിൽ ആകെ 90 ഷട്ടറുകളും 4 നാവിഗേഷൻ ലോക്കുമാണ് യന്ത്രസഹായത്തോടെ പൂർണമായി തുറക്കേണ്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

