ചങ്ങനാശേരി ∙ ലഹരിമരുന്ന് ഉപയോഗിച്ചിട്ട് വടിവാളും വീശി വരുന്ന അക്രമിയുടെ മുന്നിൽ ലാത്തി കൊണ്ട് മാത്രം എന്തുചെയ്യാൻ? ചങ്ങനാശേരിയിലെ ഗുണ്ടാവാഴ്ചയെപ്പറ്റി യുള്ള പരമ്പര വായിച്ച് ‘മനോരമ’യിലേക്ക് വിളിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം ഇങ്ങനെ.
‘ലഹരി മരുന്നടിച്ച് കിളി പോയവന്റെ’ മുന്നിലേക്ക് ചെല്ലേണ്ടി വരുന്ന ഉദ്യോഗസ്ഥരുടെ ദുരിതം ആ പൊലീസുകാരൻ വിവരിച്ചു. കത്തിയും വടിവാളും തോട്ടയും മുളകുസ്പ്രേയും കള്ളത്തോക്കുമായി നിൽക്കുന്നവരെ നേരിടാൻ വെറുമൊരു ലാത്തിയുമായാണ് ചെല്ലുന്നത്.
വില്ലൻമാരെ സിനിമാ സ്റ്റൈലിൽ അടിച്ചിടാൻ കഴിയില്ല. കാത്തിരിക്കാൻ കുടുംബവും കുട്ടികളുമുണ്ടെങ്കിലും പലപ്പോഴും ജീവൻ പണയംവച്ചു തന്നെ അക്രമികളെ കീഴടക്കും.
അതിൽ വിട്ടുവീഴ്ച ചെയ്യാറില്ലെന്നും പറഞ്ഞു. രാത്രികളിലാണ് ഗുണ്ടാ ആക്രമണത്തെപ്പറ്റിയുള്ള ഫോൺ കോളുകൾ മിക്കപ്പോഴും ലഭിക്കുന്നത്.
രാത്രി ഡ്യൂട്ടിയിലുള്ള ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ ജീപ്പിൽ സ്ഥലത്തേക്കു പായും. സ്ഥിതി വഷളായാലും തോക്ക് ഉപയോഗിക്കാൻ കഴിയില്ല.
എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ഉത്തരവ് വാങ്ങിവേണം തോക്ക് ഉപയോഗിക്കാൻ. അനുമതി കിട്ടിവരുമ്പോഴേക്കും അക്രമികളുടെ അഴിഞ്ഞാട്ടം കഴിഞ്ഞിരിക്കും.
നടപ്പാകാത്ത ആവശ്യങ്ങൾ
∙ പൊലീസുകാർക്കു സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് പൊലീസ് അസോസിയേഷൻ പല തവണ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അമേരിക്കൻ പൊലീസിന്റെ യൂണിഫോം മാതൃകയിലുള്ള സംവിധാനങ്ങൾ വേണമെന്നും ആവശ്യമുയർന്നിരുന്നു. മനുഷ്യാവകാശ പ്രശ്നങ്ങളിൽ തട്ടി അതൊന്നും നടപ്പായില്ല.
നിർദേശങ്ങൾ
∙ പൊലീസുകാരുടെ യൂണിഫോമിൽ ലൈവ് ക്യാമറ വേണം.
∙ ആയുധങ്ങളുമായി എത്തുന്ന ആക്രമികളെ മാരകമല്ലാത്ത ഇലക്ട്രിക് ഷോക്കിലൂടെ കീഴ്പ്പെടുത്തുന്ന ടീസർ ഗൺ, പെപ്പർ സ്പ്രേ എന്നിവ യൂണിഫോമിൽ ഉൾപ്പെടുത്തണം. ∙ പൊലീസ് ജീപ്പുകളുടെ മുന്നിലും പിന്നിലും ക്യാമറ സ്ഥാപിക്കണം.
∙ ഉദ്യോഗസ്ഥർക്കെല്ലാം വയർലെസ് സെറ്റുകൾ.
കാക്കിയിട്ടവർ സ്കെച്ചിലാണ്
ലഹരിമരുന്ന് കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സ്ക്വാഡിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ ഗുണ്ടാസംഘങ്ങൾ തിരിച്ചറിയാതിരിക്കാൻ മുഖം മറച്ചാണ് ചങ്ങനാശേരി നഗരത്തിലൂടെ മകളെ സ്കൂളിലയ്ക്കാൻ പോകുന്നത്. ക്രിമിനൽ, ലഹരിസംഘങ്ങളുടെ ഭീഷണി പരസ്യമായും രഹസ്യമായും ഉദ്യോഗസ്ഥരെ തേടിയെത്തുന്നു.
സ്കെച്ച് ചെയ്യുന്ന പൊലീസുകാരുടെ ചിത്രങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും ഗുണ്ടാ സംഘങ്ങൾ ഷെയർ ചെയ്യുന്നു.
കാക്കി ഊരിയാലും അടി
ചങ്ങനാശേരി നഗരമധ്യത്തിൽ ഒരു റിട്ട. എസ്ഐയുടെ കരണത്ത് കാപ്പാ കേസ് പ്രതി അടിച്ചത് 6 മാസം മുൻപാണ്.
വാഴൂർ റോഡിലെ കടയിലെത്തിയപ്പോഴായിരുന്നു ഇത്. സ്ഥലത്തുണ്ടായിരുന്നവർ ഇടപെട്ടതിനാൽ സ്ഥിതി കൂടുതൽ വഷളായില്ല.
കാപ്പാ കേസ് പ്രതി ചങ്ങനാശേരി പൊലീസിനു സ്ഥിരം തലവേദനയാണ്. നാടുകടത്തിയാലും സമയപരിധി കഴിയുമ്പോൾ തിരികെയെത്തി അലമ്പുണ്ടാക്കും.
പിടികൂടാൻ ശ്രമിക്കുന്ന പൊലീസുകാരുടെ ദേഹത്തു കടിച്ച് പരുക്കേൽപ്പിക്കും. ചങ്ങനാശേരി ടൗണിലെ ബാറുകളിൽ കയറി തോന്നുംപോലെ മദ്യപിക്കും.
പണം കൊടുക്കില്ല. ജീവനക്കാർ തടയാൻ ശ്രമിച്ചാൽ ബാറിനുള്ളിൽ മൂത്രം ഒഴിച്ചു വയ്ക്കുമെന്ന് ഭീഷണി.
അല്ലെങ്കിൽ മദ്യക്കുപ്പി പൊട്ടിച്ച് ഷോ നടത്തും.
വയർലെസും ക്ലിയറല്ല
പൊലീസുകാരുടെ വയർലെസ് സെറ്റുകളെക്കുറിച്ചും സേനയിൽ വ്യാപക പരാതിയുണ്ട്. ‘ചക്കെന്ന് പറഞ്ഞാൽ കൊക്കെന്ന് കേൾക്കും’ എന്നാണ് ചില ഉദ്യോഗസ്ഥർ രഹസ്യമായി പറയുന്നത്.
ചിലർ നല്ല നടപ്പിലേക്ക്
വേട്ടനായ്ക്കളെ കാവൽ നിർത്തി ലഹരിമരുന്ന് വിൽപന നടത്തിയ തൃക്കൊടിത്താനം സ്വദേശി ഇപ്പോൾ നല്ലനടപ്പിലാണ്.
അടിയും ബഹളവും നടക്കുമ്പോൾ നായയെ അഴിച്ചുവിടുന്ന സിനിമാ സ്റ്റൈൽ രീതിയായിരുന്നു ഇയാളുടേത്. എതിർസംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ് മാസങ്ങളോളം ആശുപത്രിക്കിടക്കയിലായിരുന്നു.
ലഹരിയും പണവും കണ്ടു കൂടെക്കൂടിയവർ കയ്യൊഴിഞ്ഞതോടെ വീട്ടുകാർ മാത്രമായി കൂട്ടിന്. ആശുപത്രി വാസത്തിനു ശേഷം മറ്റൊരു നാട്ടിൽ ജോലി ചെയ്യുന്നു.
നാളെ : ഗുണ്ടകളുടെ സേഫ് സോൺ തിരുവല്ല; ആക്രമണ ഹബ് ചങ്ങനാശേരി … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

