പത്തനാപുരം ∙ പ്രണയമോതിരം ഹൃദയനൊമ്പരമായി… നഷ്ടവേദനയുടെ ആഴമറിയും മുൻപേ അവർ ഓടിയെത്തി കണ്ടെത്തി നൽകി. അഗ്നിരക്ഷാ സേനയുടെ കൊല്ലം സ്കൂബാ ടീമിനു ഹൃദയം കൊണ്ട് ആശംസ നേർന്ന് പട്ടാഴി ആറാട്ടുപുഴ ഇളംഗമംഗലം മേലേടത്ത് വീട്ടിൽ രഞ്ജിത് സി.നായർ.
ഇന്നലെ വൈകിട്ടാണ് സ്നേഹിക്കുന്ന മനസ്സുകളുടെ ഉള്ളറിഞ്ഞ് സ്കൂബാ ടീം കല്ലടയാറിന്റെ ആഴങ്ങളിൽ തിരച്ചിൽ നടത്തിയത്. വൈകിട്ട് 4.30നാണു കൊല്ലം സ്കൂബാ ടീമിന് ആ വിളിയെത്തിയത്.
മറുതലയ്ക്കലെ യുവാവു വിഷമത്തോടെ പറഞ്ഞു, ‘സാർ… ഞാൻ പ്രണയിച്ച് വിവാഹം കഴിച്ചയാളാണ്, എനിക്കു ഭാര്യ മാത്രമേയുള്ളൂ. എന്റെ വിവാഹ മോതിരം കല്ലടയാറിന്റെ ആറാട്ടുപുഴ കടവിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതെ പോയി.
കണ്ടെത്തി തരണം. മോതിരം പോയതിനു സ്കൂബാ ടീം എന്ത് ചെയ്യാനാണെന്നും, അത് വീണ്ടെടുക്കാൻ അനുവാദം ലഭിക്കില്ലെന്നുമൊക്കെ പറഞ്ഞുനോക്കിയെങ്കിലും വീണ്ടും അഭ്യർഥന തുടർന്നു. ‘എനിക്ക് ഈ മോതിരം നഷ്ടപ്പെട്ടാൽ ശ്വാസം നഷ്ടപ്പെട്ടതുപോലെയാണ്…’, എന്നു കൂടി കേട്ടതോടെ ഫയർ ആൻഡ് റസ്ക്യു ഓഫിസറായ വി.വിജേഷ് മറ്റൊന്നും ആലോചിച്ചില്ല. തന്റെ ടീമിനൊപ്പം ആറാട്ടുപുഴയിലെത്തി.
വെട്ടം പോലുമില്ലാത്ത പ്രതികൂല കാലാവസ്ഥയിലും അവർ ഒരു മണിക്കൂറോളം തിരച്ചിൽ നടത്തി മോതിരം കണ്ടെത്തി ഉടമയ്ക്കു കൈമാറി. അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരായ എസ്.ദീപക്, എസ്.ശരത്, എസ്.ജിതിൻ, അനന്ദു ശിവൻ, എസ്.വിവേക് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

