റാണിപുരം ∙ കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനം അധികൃതരുടെ അനാസ്ഥമൂലം മലയിറങ്ങുന്നു. സമുദ്രനിരപ്പിൽ നിന്നും 1048 മീറ്റർ (3438 അടി) ഉയരത്തിലാണ് റാണിപുരം വിനോദ സഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്നത്.
റാണിപുരം രാജ്യാന്തര പ്രശസ്തി കൈവരിച്ചിട്ടും വികസനമില്ലായ്മ ഭരണ നേതൃത്വത്തിന്റെ കഴിവ് കേടാണെന്നാണ് ആരോപണം. ഇത്തരം വികസനമില്ലായ്മയെ ചൂണ്ടിക്കാട്ടിയാണ് മുന്നണികൾ മലയോരത്തെ വോട്ടർമാർക്കിടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.
ഞങ്ങൾ വിജയിച്ചാൽ റാണിപുരം ഉൾപ്പെടെയുള്ള കാഞ്ഞങ്ങാട് മണ്ഡലത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിച്ച് മണ്ഡലത്തെ ടൂറിസം ഹബ്ബാക്കി മാറ്റുമെന്നും പ്രഖ്യാപനവും മുന്നണികൾ നടത്തി.
പനത്തടി പഞ്ചായത്തിലാണ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരം സ്ഥിതി ചെയ്യുന്നത്. ഡിടിപിസി ക്വാർട്ടേഴ്സ്, റാണിപുരം മാനിമല, വനാന്തരങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് റാണിപുരം വിനോദ സഞ്ചാര കേന്ദ്രം.
വികസിപ്പിച്ചാൽ സർക്കാരിനും, തദ്ദേശീയർക്കും ഉൾപ്പെടെ നല്ലൊരു വരുമാനമാർഗമാകുന്നതാണ് റാണിപുരം വിനോദ സഞ്ചാര കേന്ദ്രം. പഞ്ചായത്തിന് തനത് വരുമാനവുമാകും.
എന്നാൽ നിലവിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരിൽ ഡിടിപിസി ക്വാർട്ടേഴ്സ് പോലും വർഷങ്ങളായി അടച്ചിട്ട നിലയിലാണ്.
വനംവകുപ്പിന്റെ കീഴിലുള്ള ട്രെക്കിങ് മാത്രമാണ് സഞ്ചാരികൾക്കായുള്ളത്. കാഞ്ഞങ്ങാട്–പാണത്തൂർ സംസ്ഥാന പാതയിലെ പനത്തടിയിൽ നിന്നും റാണിപുരം വരെയുള്ള പാതയുടെ വികസനം മാത്രമാണ് എടുത്ത് പറയാനുള്ളത്.
സഞ്ചാരികൾക്ക് താമസിക്കാനുള്ള സർക്കാർ കെട്ടിടം അടച്ചിട്ടതോടെ സ്വകാര്യ വ്യക്തികളുടെ ഹോം സ്റ്റേകളിൽ തിരക്കേറി.
റാണിപുരത്ത് നിലവിലുള്ള ഡിടിപിസി ക്വാർട്ടേഴ്സും അതോടനുബന്ധിച്ച് സഞ്ചാരികളെ ആകർഷിക്കാൻ നീന്തൽ കുളം, കുട്ടികളുടെ പാർക്ക്, ആയുർവേദ സ്പാ തുടങ്ങിയവയുടെ നിർമാണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞു. ഇതുവരെ പൂർത്തിയായിട്ടില്ല.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായിട്ടും നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ ഡിടിപിസി അധികൃതരോ, പഞ്ചായത്ത് അധികൃതരോ ശ്രദ്ധിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. 2021 ഫെബ്രുവരി 21ന് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ് 99 ലക്ഷം രൂപയുടെ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ചത്.
ജില്ലാ നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല.
എന്നാൽ വർഷം 2 കഴിഞ്ഞിട്ടും നിർമാണം ആരംഭിക്കാത്തതിനാൽ നിർമിതി കേന്ദ്രത്തിന് നൽകിയ കരാർ റദ്ദ് ചെയ്ത് എസ്റ്റിമേറ്റും നവീകരണ പ്രവൃത്തികളും പുതുക്കി 96 ലക്ഷത്തിന്റെ 2 നിർമാണമായി കെൽ, സിൽക് കമ്പനികൾക്ക് ടെൻഡർ നൽകി. കുട്ടികളുടെ പാർക്ക്, നീന്തൽ കുളം, ആയുർവേദ സ്പാ എന്നിവയുടെ നിർമാണം, കോൺഫറൻസ് ഹാൾ, പവിലിയൻ, കോട്ടേജ്, ശുചിമുറി ബ്ലോക്ക് ഉൾപ്പെടെയുള്ള ഡിടിപിസി റിസോർട്ട് നവീകരണം എന്നിവയുടെ നിർമാണമാണ് റാണിപുരത്ത് വർഷങ്ങളായി നടന്നുവരുന്നത്.
റിസോർട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് താമസിക്കാനായി 2 മുറികൾ ഉള്ള 2 കോട്ടേജുകൾ, പ്രധാന കെട്ടിടത്തിൽ 8 മുറികൾ, ഒരു കോൺഫറൻസ് ഹാൾ, ഒരു പവിലിയൻ എന്നിവയാണ് ഉള്ളത്.
ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞ് നടത്തിപ്പിനായി 2 തവണ ടെൻഡർ നൽകിയതായും ആരും എടുത്തില്ലെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ നിർമാണം പൂർത്തിയാകാത്തത് ഉൾപ്പെടെയുള്ള കാരണങ്ങളാണ് ടെൻഡർ നടക്കാത്തതിന്റെ പിന്നിലെന്നും ആക്ഷേപമുണ്ട്.
നിലവിൽ സ്വകാര്യ സംരംഭങ്ങളാണ് റാണിപുരത്ത് എത്തുന്നവർക്ക് ആശ്രയം. വികസനം പൂർത്തിയാക്കാത്തതിനാൽ സർക്കാരിന് ലഭിക്കേണ്ട
ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് നഷ്ടമാകുന്നത്. ഇത് അധികാരികൾ ശ്രദ്ധിക്കുന്നില്ലെന്നും ആരോപണമുണ്ട്.
കാഞ്ഞങ്ങാട് നിന്നും റാണിപുരത്തേക്ക് കൂടുതൽ ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യവും നടപ്പിലായില്ല.
മൺസൂൺ ടൂറിസം തുടങ്ങുമ്പോഴേയ്ക്കെങ്കിലും റാണിപുരത്തെ വികസന പ്രവൃത്തികൾ പൂർത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

