തൃശൂർ ∙ ‘വീതം’ വാങ്ങി പെരിങ്ങൽക്കുത്തിലേക്കു വെള്ളം മുഴുവൻ തുറന്നുവിട്ടതാണു 2018ൽ ചാലക്കുടിപ്പുഴയിൽ മഹാപ്രളയമുണ്ടാക്കിയതെന്ന മട്ടിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ ഫോൺ സംഭാഷണം പുറത്തുവന്നതോടെ ദുരിതകാലം വീണ്ടുമോർമിച്ചു ചാലക്കുടിക്കാർ.
സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ പ്രളയദുരിതം നേരിട്ട മേഖലകളിലൊന്നു ചാലക്കുടിപ്പുഴയോരമായിരുന്നു.
ആയിരണക്കിനു വീടുകൾക്കു ഭാഗികമായോ പൂർണമായോ നാശമുണ്ടായി. 16 അടി വരെ ഉയരത്തിലെത്തിയ മലവെള്ളം വീടുകളെ മുക്കി.
പുഴയോരം തകർത്തെറിഞ്ഞു. കൃഷിയിടങ്ങൾ കടപുഴക്കി.
ചാലക്കുടിച്ചന്തയിലും പരിസരത്തുമായി എഴുന്നൂറ്റൻപതോളം കടകൾ മുങ്ങിപ്പോയി. പതിനായിരങ്ങളുടെ ജീവിതം വഴിമുട്ടി.
ആയിരങ്ങൾ കെട്ടിടങ്ങൾക്കു മുകളിൽ അഭയംതേടി.
പറമ്പിക്കുളം, ഷോളയാർ ഡാമുകളിൽ നിന്നു തുറന്നുവിട്ട വെള്ളം ഓഗസ്റ്റ് 16നു പുലർച്ചെ 4 മുതൽ പിറ്റേന്ന് ഉച്ചവരെ പെരിങ്ങൽക്കുത്ത് അണക്കെട്ടിനു മുകളിലൂടെ 2 മീറ്ററിലേറെ ഉയരത്തിലാണ് ഒഴുകിപ്പാഞ്ഞത്.
ഡാമിനു താഴെ പുഴയുടെ അടിത്തട്ട് കിലോമീറ്ററുകളോളം ഒലിച്ചുപോയി. ഡാമിനിരുവശത്തെയും മണ്ണ് വൻതോതിൽ ഒലിച്ചു പോയതോടെ ഡാമിനു ബലക്ഷയം നേരിടുമെന്ന സ്ഥിതിയായി.
അതിരപ്പിള്ളി, ഏഴാറ്റുമുഖം ഭാഗങ്ങളിൽ നാശം വിതച്ച്, ചാലക്കുടി നഗരത്തെ കടപുഴക്കി. സ്വകാര്യ ബസ് സ്റ്റാൻഡ്, ഹൗസിങ് ബോർഡ് കോളനി, മാർക്കറ്റ്, കോളജുകളും സ്കൂളുകളും, റെയിൽവേ സ്റ്റേഷൻ, റസിഡൻഷ്യൽ കോളനികൾ എന്നിവ വെള്ളത്തിൽ മുങ്ങി.
ചാലക്കുടിപ്പുഴ ഏറ്റവും വീതികുറഞ്ഞൊഴുകിയിരുന്ന ഇട്ട്യാനി വളവിൽ പ്രളയമൊഴുകിയതു 100 മീറ്ററോളം വീതിയിൽ.
മേലൂരിലെ ശാന്തിപുരം, പൂലാനി, കൊമ്പൻപാറ, കുന്നപ്പിള്ളി, വെട്ടുകടവു മേഖലകളും വെള്ളത്തിലായി. ചാലക്കുടി താലൂക്ക് ആശുപത്രി 3 ദിവസം വെള്ളത്തിൽ മുങ്ങി.
മുരിങ്ങൂർ മേൽപാലം വരെ വെള്ളത്തിലായി. പരിയാരം, കോടശേരി മേഖലകളിൽ നൂറുകണക്കിനാളുകളാണു വീടിന്റെ മേൽക്കൂരകളിലും മറ്റും കുടുങ്ങിയത്.
ആയിരക്കണക്കിനു കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കും ജീവൻ നഷ്ടമായി.
ഫോൺ സംഭാഷണത്തിൽ ചാലക്കുടിയെപ്പറ്റിയുള്ള പരാമർശം ഇങ്ങനെ: ‘ഓരോ വർഷം ഇടവിട്ടു പറമ്പിക്കുളം, തൂണക്കടവ്, ഷോളയാർ ഡാമുകളിലെ വെള്ളം തുറക്കേണ്ടതെപ്പോഴെന്നു തീരുമാനിക്കേണ്ടതു നമ്മളാണ്. 2018ൽ 1400 ക്യുസെക്സ് വെള്ളം തമിഴ്നാട്ടിലേക്കു വിടേണ്ടതിനു പകരം 800 ക്യുസെക്സ് മാത്രമേ തുറന്നു വിട്ടുള്ളൂ.
അവിടെ അറ്റകുറ്റപ്പണി നടക്കുന്നതു മുടങ്ങാതിരിക്കാൻ അവിടത്തെ കരാറുകാരൻ ഇവിടെ വന്നു ‘വീതം’ കൊടുത്തു. അതോടെ പറമ്പിക്കുളത്തെ വെള്ളം മുഴുവൻ പെരിങ്ങൽക്കുത്തിലേക്കു തുറന്നുവിട്ടു.
അതോടെ ചാലക്കുടിപ്പുഴ ‘ഭും’. അങ്ങനെയാണു ചാലക്കുടിപ്പുഴ മുഴുവൻ പോയത്.
പുണ്യവാളനാണെന്നു പറയുന്നവൻ എത്ര കോടി രൂപ ഉണ്ടാക്കിയിട്ടുണ്ടാകും?’ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

