പത്തനംതിട്ട ∙ തിരഞ്ഞെടുപ്പിനു തലേന്ന് ഇടതുമുന്നണിയെ വെട്ടിലാക്കി വീണ്ടും പ്രളയ വിവാദം.
കലാശക്കൊട്ട് പോലും ഒഴിവാക്കി യുഡിഎഫ് സ്ഥാനാർഥികൾ സത്യഗ്രഹമിരുന്നതോടെ കൃത്യമായ മറുപടിയില്ലാതെ ഇടതുമുന്നണി പ്രതിസന്ധിയിലായി. റാന്നിയിലെ സ്ഥാനാർഥി പഴകുളം മധു, ആറന്മുളയിൽ അബിൻ വർക്കി, തിരുവല്ലയിൽ വർഗീസ് മാമ്മൻ എന്നിവർ ഉപവാസമിരുന്നു.
2018ൽ പ്രളയകാലത്ത് ജലസേചന മന്ത്രിയായിരുന്ന മാത്യു ടി.തോമസിനെതിരായ പരാമർശങ്ങളടങ്ങിയ നിലവിലെ മന്ത്രി കൃഷ്ണൻ കുട്ടിയുടെ ശബ്ദരേഖയാണു പുറത്തുവന്നത്. മന്ത്രി ആധികാരികത നിഷേധിച്ചെങ്കിലും ശബ്ദരേഖയിൽ പറയുന്ന പേരുകളും കാര്യങ്ങളും മുൻപ് പലപ്പോഴായി ആരോപണമായി ഉയർന്നു വന്നതാണ്.
തോട്ടപ്പിള്ളി സ്പിൽവേ തുറക്കാൻ വൈകിയതാണ് പ്രളയത്തിനുള്ള കാരണങ്ങളിലൊന്നായി ഫോൺ സംഭാഷണത്തിൽ പറയുന്നത്.
മണിയാറിലെ സ്വകാര്യ പദ്ധതിക്ക് പരമാവധി വൈദ്യുതി ഉൽപാദിപ്പിക്കാൻ ഡാം തുറക്കുന്നത് നീട്ടി. ഇതുകാരണം കൂടുതൽ വെള്ളം ഒരുമിച്ചു തുറന്നുവിടേണ്ടിവന്നതാണു പമ്പാനദിയുടെ തീരത്ത് നാശത്തിന് ഇടയാക്കിയതെന്നാണ് ആരോപണം.
ജില്ലയിലെ പമ്പ, കക്കി, ആനത്തോട്, മണിയാർ അണക്കെട്ടുകളുടെ സംഭരണശേഷി 100 % കൈവരിച്ച ശേഷമാണ് തുറന്നു വിട്ടത്.
സാധാരണയായി സംഭരണ ശേഷി 90 % എത്തുമ്പോഴേ അധികജലം തുറന്നുവിടും. സംസ്ഥാനത്തെ വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് ശബരിഗിരി.
പമ്പ, കക്കി, ആനത്തോട് എന്നീ 3 ഡാമുകളാണ് ഇതിനുള്ളത്. ഇതിൽ ആനത്തോട്, പമ്പ ഡാമുകളാണ് അന്നു തുറന്നുവിട്ടത്.
പുറമേ മൂഴിയാർ അണക്കെട്ടും തുറന്നുവിട്ടു. ഇതിലെ വെള്ളം ഒഴുകിയെത്തുന്നത് മണിയാർ ഡാമിലാണ്.
അവസാനം മണിയാർ ഡാമും തുറന്നുവിട്ടു. കൃത്യമായി മുന്നറിയിപ്പ് നൽകാതെയാണ് ഡാമുകൾ തുറന്നുവിട്ടത്.
2018 ഓഗസ്റ്റ് 14ന് രാത്രി പമ്പ, അച്ചൻകോവിൽ, മണിമല നദികൾ കരകവിഞ്ഞൊഴുകിയ പ്രളയത്തിൽ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും മുങ്ങിപ്പോയി.
5 കിലോമീറ്റർ അകലത്തിൽ ഒഴുകുന്ന പമ്പയും മണിമലയാറും ഒഴുകി ഒന്നായി. പമ്പാനദിയിലെ പ്രളയം ആദ്യം മുക്കിയത് റാന്നി ടൗണിനെയാണ്.
അത്തിക്കയം, പെരുനാട് , വടശേരിക്കര,പേട്ട, പുളിമുക്ക്, പുല്ലൂപ്രം, വരവൂർ, തോട്ടമൺ, ഇടപ്പാവൂർ, അയിരൂർ, പുതിയകാവ്, കീക്കൊഴൂർ, പുതുമൺ, ചാക്കപ്പാലം, കാട്ടൂർ, കോഴഞ്ചേരി, ആറന്മുള, മാരാമൺ, പുല്ലാട്, കുറിയന്നൂർ, ആറാട്ടുപുഴ, ഓതറ, ഇടനാട്, പൂവത്തൂർ, കോയിപ്രം, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി തുടങ്ങിയ പ്രദേശങ്ങൾ മുങ്ങി.
തോട്ടപ്പള്ളി സ്പിൽവേ തുറക്കാത്തതിനാൽ വെള്ളം ഒഴുകി കടലിൽ ചേരാൻ കഴിഞ്ഞില്ല. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ കുമ്പഴ, വെട്ടൂർ, വലഞ്ചുഴി, ഓമല്ലൂർ, വാഴമുട്ടം, വള്ളിക്കോട്, മാത്തൂർ, തുമ്പമൺ, അമ്പലക്കടവ്, കടയ്ക്കാട്, പന്തളം തുടങ്ങിയ പ്രദേശങ്ങളും വെള്ളത്തിലായി.
തിരുവല്ലയുടെ പടിഞ്ഞാറൻ മേഖലയായ നെടുമ്പ്രം, പെരിങ്ങര, ചാത്തങ്കേരി, മുട്ടാർ, മേപ്രാൽ, വേങ്ങൽ, വെൺപാല, കുറ്റൂർ തുടങ്ങിയ പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ശബരിമല പമ്പയിൽ വ്യാപകമായ നാശമാണ് പ്രളയം ഉണ്ടാക്കിയത്.
ജില്ലയിലെ 3 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്.
55,000 പേരാണ് ദുരിതാശ്വാസ ക്യാംപിൽ എത്തിയത്. 45 പഞ്ചായത്തുകളെ പ്രളയം ബാധിച്ചു.
ജില്ലയ്ക്ക് 1,488 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 33,062 വീടുകൾ തകർന്നു.
മുന്നറിയിപ്പ് നൽകാൻ കഴിയാത്തതിനാൽ രാത്രി ഉണ്ടായ വെള്ളപ്പൊക്കത്തിൽ റാന്നിയിലെ വ്യാപാര മേഖലയ്ക്കു വലിയ നഷ്ടം ഉണ്ടായി. ജില്ലയിൽ 68 കോടിയുടെ കൃഷിനാശമാണ് ഉണ്ടായത്.
1,200 കിലോമീറ്റർ റോഡ് തകർന്നതിലൂടെ മരാമത്ത് വിഭാഗത്തിന് 800 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

