കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെ ഫ്രീസറുകളിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഇടമില്ല; സൂക്ഷിക്കുന്നതു സ്ട്രെച്ചറിൽ കിടത്തി പുറത്ത്. കൂടുതൽ സമയമിരുന്നാൽ അഴുകുന്ന അവസ്ഥ.
ആകെ 18 ഫ്രീസറുകളാണു മോർച്ചറിയിൽ ഉള്ളത്. പതിനാറിലും അനാഥ മൃതദേഹങ്ങളാണു സൂക്ഷിച്ചിരിക്കുന്നത്.
2025 ഓഗസ്റ്റ് മുതലുള്ള മൃതദേഹങ്ങളും ഇതിലുണ്ട്. ഒരു ഫ്രീസർ നവജാതശിശുക്കളുടെ മൃതദേഹം സൂക്ഷിക്കുന്നതിനാണ്.
ഒരെണ്ണമാകട്ടെ പ്രവർത്തനരഹിതവും. അനാഥ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനു പൊലീസിന്റെ നിരാക്ഷേപ പത്രം ആവശ്യമാണ്.
ഇതു ലഭിക്കുന്നതിനുള്ള കാലതാമസമാണു മൃതദേഹങ്ങൾ നീക്കം ചെയ്യാൻ വൈകിക്കുന്നതെന്നും കേടായ ഫ്രീസർ നന്നാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ പറയുന്നു. ഇവയിൽ നാലെണ്ണം സംസ്കരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ശ്മശാനം ലഭിക്കാത്തതാണ് പ്രതിസന്ധിയുണ്ടാകാൻ കാരണം.
കോട്ടയം നഗരസഭാ ശ്മശാനം നവീകരണത്തിനായും സമീപത്തുള്ള വിജയപുരം പഞ്ചായത്ത് ശ്മശാനം ഗ്യാസ് ക്ഷാമം മൂലവും അടച്ചിട്ടിരിക്കുകയാണ്.
സംസ്കരണച്ചെലവ് കൂടുതലായതിനാൽ ഏറ്റുമാനൂർ നഗരസഭാ ശ്മശാനത്തിലേക്കും കൊണ്ടുപോകാനാകില്ല. കൂടുതൽ തുക മുടക്കുന്നത് ഓഡിറ്റ് ചട്ടങ്ങൾക്ക് എതിരാകുമെന്ന് അധികൃതർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

