ലോകവ്യാപാരത്തിന് ഭീഷണിയായി ഇറാൻ –യുഎസ്, ഇസ്രയേൽ യുദ്ധം ആറാമത്തെ ആഴ്ചയിലേക്ക് കടക്കുന്നു. പശ്ചിമേഷ്യയെ ലോകവുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് സമുദ്രപാത ഇപ്പോഴും അടഞ്ഞുതന്നെ.
ഹോർമുസ് കടലിടുക്ക് തുറക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുവദിച്ച 48 മണിക്കൂർ അന്ത്യശാസനം അവസാനിക്കുന്നു. ഏപ്രിൽ ആറിനു മുമ്പ് യുഎസ് നിർദേശം അംഗീകരിക്കണമെന്നാണ് അന്ത്യശാസനം.
പാത തുറന്നില്ലെങ്കിൽ ഇറാനു മേൽ ‘നരകമെന്നാണ്’ ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ ട്രംപിന്റെ അന്ത്യശാസനം ഇറാൻ തള്ളിയിട്ടുണ്ട്.
യുഎസിന് ‘സർപ്രൈസ്’ ഉണ്ടെന്നും കാത്തിരിക്കാനുമാണ് ഇറാന്റെ പ്രതികരണം. ഇതോടെ വരും ദിവസങ്ങളിലും വിപണികൾ സമ്മർദ്ദത്തിലാകുമെന്ന് ഉറപ്പായി.
ക്രൂഡ് കുതിപ്പിൽ
രാജ്യാന്തര ക്രൂഡ് ഓയിൽ വ്യാപാരത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് യുദ്ധം തുടങ്ങിയതിന് പിന്നാലെ അടഞ്ഞുകിടക്കുകയാണ്.
ഇതോടെ ക്രൂഡ് ഓയിൽ വിലയും ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 109 ഡോളറിലാണ് ക്ലോസ് ചെയ്തത്.
യുദ്ധം തുടങ്ങിയതിൽ പിന്നെ ക്രൂഡ് ഓയിൽ വില 50 ശതമാനത്തോളം ഉയര്‍ന്നു. നിർണായകമായ സമുദ്രപാത തുറക്കാൻ നിരവധി തവണയാണ് ഇറാനോട് ട്രംപ് ആവശ്യപ്പെട്ടത്.
പല തവണ ‘അന്ത്യശാസനങ്ങളും’ നൽകി. പാത തുറക്കാൻ ട്രംപ് സഖ്യരാജ്യങ്ങളുടെ പിന്തുണ തേടിയെങ്കിലും ആരും തയാറായിട്ടില്ല.
അടുത്തെങ്ങും ഹോർമുസ് തുറക്കാൻ ഇറാൻ തയാറാകില്ലെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്.
ഫെബ്രുവരി 28ലെ ആക്രമണത്തിന് മുമ്പുള്ള രീതിയിലേക്ക് ഹോർമുസ് പോകില്ലെന്നാണ് ഇറാന്റെ നിലപാട്. ഇസ്രയേൽ,യുഎസ് ബന്ധമുള്ള കപ്പലുകൾക്ക് മാത്രമാണ് വിലക്കെന്നും മറ്റു കപ്പലുകൾക്ക് ഇതുവഴി പോകാൻ തടസമില്ലെന്നും ഇറാൻ പറയുന്നു.
ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളുടെയും കപ്പലുകളെ ഇറാൻ അനുവദിക്കുന്നുണ്ട്. ഏതാണ്ട് എട്ട് കപ്പലുകൾ ഇന്ത്യയിലേക്ക് ഹോർമുസ് കടന്ന് എത്തിയെന്നാണ് കണക്ക്.
അതേസമയം, നിശ്ചിത സമയത്തിനുള്ളിൽ പാത തുറന്നില്ലെങ്കിൽ യുഎസ് കടുത്ത ആക്രമണത്തിലേക്ക് കടക്കുമെന്നാണ് സൂചന.
ഇതിനായി കൂടുതല്‍ യുദ്ധ വിമാനങ്ങളെ മേഖലയിലേക്ക് വിന്യസിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. മറ്റ് മേഖലകളിൽ വിന്യസിച്ചിരുന്ന ലോങ് റേഞ്ച് ക്രൂസ് മിസൈലുകളും മേഖലയിലേക്ക് കൊണ്ടുവരുന്നുണ്ട്.
വിപണി എങ്ങോട്ട്
ദുഃഖവെള്ളി അടക്കം മൂന്ന് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച വീണ്ടും വിപണി തുറക്കുന്നു.
നഷ്ടം തുടരുമോ? അതോ നേട്ടത്തിലേക്ക് തിരികെ എത്തുമോ? നിലവിലുള്ള സൂചനകൾ പ്രകാരം ഓഹരി വിപണികളെല്ലാം നഷ്ടത്തില്‍ വ്യാപാരം തുടങ്ങാനാണ് സാധ്യത. ഇന്ത്യൻ ഓഹരി വിപണി തുടര്‍ച്ചയായി നഷ്ടത്തിലാകുന്ന ആറാമത്തെ ആഴ്ചയാണ് കടന്നു പോയത്.
മൂന്ന് ദിവസം മാത്രം വ്യാപാരമുണ്ടായിരുന്ന കഴിഞ്ഞ ആഴ്ചയിൽ സെൻസെക്സ് 0.35 ശതമാനവും നിഫ്റ്റി 0.46 ശതമാനവും ഇടിഞ്ഞു. അവസാന വ്യാപാര ദിനം വിപണി ഗംഭീര തിരിച്ചു വരവ് നടത്തിയില്ലായിരുന്നുവെങ്കിൽ നഷ്ടം ഇനിയും കൂടിയേനെ.
സെൻസെക്സ് 73.319.55ലും നിഫ്റ്റി 22,713.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച വിപണി തുറക്കുന്നത് നഷ്ടത്തോടെയാകുമെന്നാണ് സൂചന.
ഗിഫ്റ്റ് നിഫ്റ്റിയിലെ എൻഎസ്ഇ ഫ്യൂച്ചർ വ്യാപാരം നൽകുന്ന സൂചനയും മറ്റൊന്നല്ല.
കൂടുതൽ രൂക്ഷമാകുന്ന ഇറാൻ – യുഎസ്, ഇസ്രയേൽ സംഘർഷവും ക്രൂഡ് ഓയില്‍ വില വർധനയും തന്നെയാകും അടുത്ത ദിവസങ്ങളിലും വിപണിയെ സ്വാധീനിക്കുന്നത്. അമേരിക്കയിൽ നിന്ന് പുറത്തു വരുന്ന തൊഴിൽ കണക്കുകൾ, റിസർവ് ബാങ്കിന്റെ പണനയ യോഗം എന്നിവ നിർണായകമാകും.
തിങ്കളാഴ്ച ചേരുന്ന യോഗത്തിന്റെ തീരുമാനം എട്ടിന് പുറത്തുവിടും. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പലിശ നിരക്കിൽ എന്തുമാറ്റം വരുത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കൂടാതെ യുഎസ് നോൺ മാനുഫാക്ചറിങ് കണക്കുകൾ തിങ്കളാഴ്ച പുറത്തുവരും. അമേരിക്കയിലെ സേവന മേഖലയെക്കുറിച്ച് അറിയാൻ സഹായകമാണിത്.
മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ കമ്പനികളുടെ സാമ്പത്തിക ഫലങ്ങളും അധികം വൈകാതെ പുറത്തു വരും. പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ കമ്പനികളെ എങ്ങനെ ബാധിച്ചുവെന്നതിന്റെ ആദ്യ സൂചനകൾ ഇതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്.
പോയവാരത്തിൽ യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് ഉയർന്നു തന്നെയായിരുന്നു.
തുടർച്ചയായ രണ്ടാം ആഴ്ചയിലും ഡോളർ സൂചിക 100നു മുകളിൽ തുടർന്നു. പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന യുഎസ് സാമ്പത്തിക കണക്കുകൾ പുറത്തു വന്നത് അടിസ്ഥാന പലിശ നിരക്ക് കൂടുതൽ കാലത്തേക്ക് മാറ്റില്ലെന്ന സൂചനയാണ് നൽകുന്നത്.
ഇതോടെ യുഎസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള നേട്ടവും ഉയർന്ന് തന്നെയാണ് നിൽക്കുന്നത്.
സ്വർണവും ചാഞ്ചാട്ടത്തിൽ
സ്വർണവും കടുത്ത ചാഞ്ചാട്ടത്തിലായിരുന്നു. പശ്ചിമേഷ്യയിൽ നിന്നുള്ള വാർത്തകളും ഡോളര്‍ സൂചികയുടെ കയറ്റിറക്കങ്ങളും സ്വർണവിലയെ കാര്യമായി സ്വാധീനിച്ചു.
തുടക്കത്തിൽ നിക്ഷേപകർ ജാഗ്രതയിലായിരുന്നു. എന്നാൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന തരത്തിലുള്ള വാർത്തകൾ സ്വർണവില ഉയർത്തി.
രാജ്യാന്തര വിപണിയില്‍ ഒരുവേള ഔൺസിന് 4,790 ഡോളറിലെത്തിയ സ്വർണം നിലവിൽ 4,676.54 ഡോളർ എന്ന നിലയിലാണ്. അടുത്ത ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത.
കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 1,10680 രൂപയെന്ന നിലയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

