തൃശൂർ ∙ വോട്ടർമാർക്ക് വിഷു ആഘോഷത്തോടനുബന്ധിച്ച് ബിജെപി സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തതായി ആരോപണം. ഒളരി ശിവരാമപുരം ഉന്നതിയിലെ താമസക്കാർക്ക് കിറ്റിനുള്ള സ്ലിപ്പുകൾ വിതരണം ചെയ്തെന്നും ഇതുപയോഗിച്ച് ഒളരി പാർഥസാരഥി ക്ഷേത്രത്തിനു സമീപത്തെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് കിറ്റുകൾ വിതരണം ചെയ്തെന്നുമാണ് ആരോപണം.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ എൽഡിഎഫ് നേതാക്കൾ പ്രതിഷേധവുമായെത്തി.
സംഭവം ആർഡിഒയെ അറിയിച്ചതിനെ തുടർന്ന് ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടപ്പിച്ചു. ഇലക്ഷൻ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ചാർജുള്ള ഡോ.ബിന്ദുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
ശേഷിക്കുന്ന കിറ്റുകൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അയ്യന്തോൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും സൂപ്പർമാർക്കറ്റിനു മുൻപിൽ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു.
സൂപ്പർ മാർക്കറ്റിനു പിറകിലെ ഗോഡൗൺ വഴിയാണ് 12 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തതെന്നാണ് ആരോപണം.
പ്രദേശവാസികൾ സൂപ്പർമാർക്കറ്റിലെത്തി കിറ്റുകൾ വാങ്ങുന്നു എന്ന വിവരത്തെ തുടർന്ന് ഉച്ചയോടെയാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എസ്.സുനിൽ കുമാർ, എൽഡിഎഫ് തൃശൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് അനൂപ് ഡേവിസ് കാട എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തിയത്.
ശിവരാമപുരം ഉന്നതിയിലെ താമസക്കാർക്ക് നൂറിലേറെ സ്ലിപ്പുകൾ വിതരണം ചെയ്തതായും ഉന്നതിയിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എത്തി അമ്പതിൽ താഴെ കിറ്റുകൾ കൈപ്പറ്റിയെന്നും ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സ്ലിപ് വിതരണമെന്നും എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
നേരത്തെ 2024 ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തു ബിജെപിക്കു വേണ്ടി ഇതേ ഉന്നതിയിൽ വോട്ടിനു പണം നൽകിയെന്ന എൽഡിഎഫിന്റെ പരാതിയിൽ വെസ്റ്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നതായും എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് കെ.ബി.സുമേഷ് പറഞ്ഞു. രാധാകൃഷ്ണൻ എന്ന ആളാണ് കിറ്റുകൾ തയാറാക്കാൻ ഏൽപ്പിച്ചതെന്നും ഇദ്ദേഹത്തിന്റെ പാർട്ടിയോ രാഷ്ട്രീയമോ അറിയില്ലെന്നും എഴുപത്തഞ്ചോളം കിറ്റുകൾക്ക് ഓർഡർ ലഭിച്ചിരുന്നതായും കഴിഞ്ഞദിവസം 10 കിറ്റുകൾ വിതരണം നടത്തിയെന്നുമാണ് സൂപ്പർമാർക്കറ്റ് ഉടമയുടെ പ്രതികരണം.
ജനങ്ങൾക്കു സൗജന്യങ്ങൾ നൽകി ജനാധിപത്യ–തിരഞ്ഞെടുപ്പു പ്രക്രിയയെ ബിജെപി അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് ഇലക്ഷൻ കമ്മിഷനും വെസ്റ്റ് പൊലീസിനും പരാതി നൽകുമെന്ന് എൽഡിഎഫ്, കോൺഗ്രസ് നേതാക്കൾ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

