തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ടു ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി ഇന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിറുത്തിവയ്ക്കും. വൈകുന്നേരം നടക്കുന്ന ചടങ്ങുകൾക്കായി നാല് മണിക്കൂറോളം റൺവേ അടച്ചിടുമെന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
വൈകുന്നേരം 4.45 മുതല്‍ രാത്രി 9 വരെയായിരിക്കും വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുക. പതിറ്റാണ്ടുകളായി വിമാനത്താവളത്തിൻ്റെ റൺവേ മുറിച്ചു കടന്നുപോകാനുള്ള ആചാരപരമായ ഘോഷയാത്രയെ തടസപ്പെടുത്താതിരിക്കാന്‍ വിമാനത്താവളത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ഫ്ലൈറ്റ് ഷെഡ്യൂളുകള്‍ ക്രമീകരിക്കുകയും ചെയ്യാറുണ്ട്.
ഇത്തവണയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിവരം അതത് വിമാനകമ്പനികൾ യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ അല്പശി ആറാട്ടിനും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ പൈങ്കുനി ആറാട്ടിലുമാണ് വിമാനത്താവളം നിശ്ചിത സമയത്തേക്ക് അടച്ചിടുന്നത്.
ഉത്സവത്തിന്റെ ഭാഗമായി ശ്രീപത്മ നാഭസ്വാമിയെയും ഉപദേവന്മാരെയും ആനയിച്ച് വിമാനത്താവളം റൺവേയിലിലൂടെ എത്തിച്ച് ശംഖുമുഖം കടലില്‍ ആറാടിച്ച ശേഷം ഘോഷയാത്ര തിരികെ ക്ഷേത്രത്തില്‍ എത്തുമ്പോഴാണ് ഉത്സവത്തിന് സമാപനം. 1932ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിരതിരുനാളിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്.
അതിനുമുൻപ് തന്നെ ശ്രീപത്മനാഭന്റെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത യാത്രാമാർഗമുണ്ടായിരുന്നു. ആ പാതയുണ്ടായിരുന്നയിടത്താണ് പിന്നീട് വിമാനത്താവളത്തിൻ്റെ റൺവേ തയാറാക്കിയത്.
ശ്രീപത്മനാഭന്റെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ കേന്ദ്രസർക്കാരുമായി ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു.
ഇതാണ് ഇന്നും പിന്തുടരുന്നത്. ഇത്തവണ വിമാനത്താവളത്തിൻ്റെ സമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ ചടങ്ങിൻ്റെ തത്സമയ ദൃശ്യങ്ങളും അധികൃതർ ലഭ്യമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

