കാസർകോട് ∙ 1940കൾ മുതൽ വടക്കേ മലബാറിൽ ശക്തിയാർജിച്ച കർഷകസമരങ്ങളുടെ തുടർച്ചയായിരുന്നു ജില്ലയിലെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ച. ബ്രിട്ടിഷുകാരുടെ ഭൂനികുതി നയത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട
സമരം കയ്യൂരിലെ കർഷക കലാപത്തോടെ ശക്തിയാർജിച്ചു. ജന്മിമാരെ ഉപയോഗിച്ചു ബ്രിട്ടിഷുകാർ കർഷകരിൽനിന്ന് അന്യായ നികുതി പിരിക്കുന്നതിൽ വ്യാപക പ്രതിഷേധങ്ങളുണ്ടായി.
1941ലെ കയ്യൂർ കർഷക സമരത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ട
സംഭവമുണ്ടായി. ഇതേത്തുടർന്ന് 4 സമര പോരാളികളെ തൂക്കിലേറ്റി.
അന്നത്തെ അഖിലേന്ത്യാ കർഷകസംഘത്തിന്റെ പോരാട്ടങ്ങൾക്കൊപ്പമാണ് ഉത്തര മലബാറിലെ കമ്യൂണിസ്റ്റ് പാർട്ടിയും വളർന്നത്. പി.കൃഷ്ണപ്പിള്ള, കെ.എ.കേരളീയൻ, കെ.പി.ആർ.ഗോപാലൻ, ടി.എസ്.തിരുമുമ്പ്, എ.കെ.ഗോപാലൻ, എ.വി.കുഞ്ഞമ്പു, എൻ.ജി.കാമത്ത്, കെ.മാധവൻ, ഇ.കെ.നായനാർ തുടങ്ങിയവരെല്ലാം കമ്യൂണിസ്റ്റ് ആശയങ്ങൾ മേഖലയിൽ വളരാൻ സേവനം ചെയ്തു.
എൻ.ജി.കാമത്ത് ആദ്യ കമ്യൂണിസ്റ്റ് ജനപ്രതിനിധി?
കേരള സംസ്ഥാന രൂപീകരണത്തിനുമുൻപ് 1953ൽ കാസർകോട് പ്രദേശം മദ്രാസ് അസംബ്ലിയുടെ ഭാഗമായിരുന്നപ്പോൾ സൗത്ത് കാനറ ജില്ലാ ബോർഡിലേക്ക് എൻ.ജി.കാമത്ത് തിരഞ്ഞെടുക്കപ്പെട്ടതു കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയായിട്ടായിരുന്നു.
എൻ.ജി.കാമത്തായിരുന്നു കാസർകോട് മേഖലയിൽനിന്ന് ആദ്യമായി ലോക്സഭയിലേക്കല്ലാതെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടി അംഗം.
1952ൽ എകെജി ലോക്സഭാ അംഗമായതാണ് ഇതിനുമുൻപുള്ള സംഭവം.
പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും
1952ലും 1957ലും പാർലമെന്റ് തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയായി എകെജി കാസർകോട്ടുനിന്നു ജയിച്ചു ലോക്സഭയിൽ പ്രതിപക്ഷനേതാവായി. 1957ൽ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ അന്നു നിലവിലുണ്ടായിരുന്ന നീലേശ്വരം മണ്ഡലത്തിൽനിന്നു ജയിച്ച് ഇഎംഎസ് സംസ്ഥാന മുഖ്യമന്ത്രിയായി.
ഒരേസമയം ലോക്സഭാ പ്രതിപക്ഷനേതാവും കേരള മുഖ്യമന്ത്രിയും കാസർകോട്ടുനിന്നായ അപൂർവ സംഭവം.
കമ്യൂണിസ്റ്റുകാർ ജയിക്കാത്ത 1960ലെ തിരഞ്ഞെടുപ്പ്
വിമോചന സമരാനന്തരം 1960ൽ നടന്ന തിരഞ്ഞെടുപ്പിൽ ജില്ലയിൽനിന്ന് കമ്യൂണിസ്റ്റുകാർ ആരും തിരഞ്ഞെടുക്കപ്പെട്ടില്ല. ശക്തമായ എതിർവികാരമുണ്ടായിട്ടും 1960ൽ നീലേശ്വരം മണ്ഡലത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി തോറ്റത് 287 വോട്ടിനു മാത്രമാണ്.
അത്രയേറെ സ്വാധീനം അക്കാലത്തും നീലേശ്വരം മണ്ഡലത്തിൽ പാർട്ടിക്കുണ്ടായിരുന്നുവെന്നു നീലേശ്വരം നഗരസഭാ മുൻ ചെയർമാൻ പ്രഫ.കെ.പി.ജയരാജൻ ഓർക്കുന്നു.
1964ലെ പിളർപ്പും ശേഷവും
കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ കാസർകോട് മേഖലയിൽ എകെജി അടക്കമുള്ള നേതാക്കൾക്കുള്ള സ്വാധീനത്തിൽ സിപിഐയേക്കാൾ വലിയ സ്വാധീനം സിപിഎം നേടി. 1965ലെ തിരഞ്ഞെടുപ്പിൽ നീലേശ്വരത്ത് സിപിഎം ജയിച്ചു.
ഹൊസ്ദുർഗിലും സിപിഎമ്മിനു നല്ല വോട്ട് കിട്ടി. 1967ൽ സിപിഎമ്മും സിപിഐയും ചേർന്നു സപ്ത മുന്നണിയായപ്പോൾ ഹൊസ്ദുർഗിലും നീലേശ്വരത്തും മുന്നണി നേട്ടമുണ്ടാക്കി.
1970ൽ സിപിഐ ലീഗിനും കോൺഗ്രസിനുമൊപ്പം ചേർന്നു മത്സരിച്ചപ്പോഴും നീലേശ്വരത്തെ സിപിഎം കോട്ട തകർക്കാനായില്ല.
ഹൊസ്ദുർഗിലും മികച്ച പ്രകടനം നടത്തി.
അതേസമയം മഞ്ചേശ്വരത്തു സിപിഐ പ്രതിനിധി സിപിഎം പ്രതിനിധിയെ തോൽപിച്ചു. കർണാടക സമിതിക്കു പിറകിൽ സിപിഎം മൂന്നാം സ്ഥാനത്തായി.
1973ൽ നീലേശ്വരത്തെ ഉപതിരഞ്ഞെടുപ്പിലും സിപിഎം വിജയം ആവർത്തിച്ചു.1977ൽ കാഞ്ഞങ്ങാട്ട് സിപിഐക്കെതിരെ മത്സരിച്ചു സിപിഎം തോറ്റു. 1980 മുതൽ സിപിഎമ്മും സിപിഐയും എൽഡിഎഫ് മുന്നണിയായാണു മത്സരിക്കുന്നത്.
1987ൽ സിപിഎമ്മും സിപിഐയും ഒന്നിച്ചിട്ടും…
1984ൽ ജില്ല രൂപീകരിച്ചശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് 1987ലാണ്.
സിപിഎമ്മും സിപിഐയും ഒന്നിച്ചു മത്സരിച്ചിട്ടും ജില്ലയിലെ 5 മണ്ഡലങ്ങളിൽ തൃക്കരിപ്പൂരിൽ ഇ.കെ.നായനാരുടെ വിജയം മാത്രമാണ് എൽഡിഎഫിനു ലഭിച്ചത്. മുഖ്യമന്ത്രിയ സമ്മാനിച്ചിട്ടും മറ്റു മണ്ഡലങ്ങളിൽ നിരാശയായ പ്രകടനം.
കാസർകോട്ട് നിന്ന് 2 മുഖ്യമന്ത്രിമാർ
കാസർകോട്ടുകാരല്ലെങ്കിലും ഇവിടെനിന്നു കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി മത്സരിച്ചു ജയിച്ച് 2 മുഖ്യമന്ത്രിമാരുണ്ടായി.
1957ൽ ഇഎംഎസും 1987ൽ ഇ.കെ.നായനാരും. ഇഎംഎസ് നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽനിന്നും നായനാർ തൃക്കരിപ്പൂരിൽനിന്നുമാണു മത്സരിച്ചത്.
1987ൽ ചീമേനിയിലെ പാർട്ടി ഓഫിസ് തകർത്ത സംഭവവും 5 പേർ രക്തസാക്ഷിയായതും പാർട്ടിയുടെ ചരിത്രത്തിലെ ഏടാണ്.
എകെജി 4 തവണ ലോക്സഭയിലേക്ക്
കാസർകോട് ലോക്സഭ മണ്ഡലം നിലവിൽവന്നതു മുതൽ 4 തവണ എകെജിയെ വിജയിപ്പിച്ച മണ്ഡലമാണ് കാസർകോട്. 1952,1957, 1962, 1967 വർഷങ്ങളിൽ.
1967ലെ തിരഞ്ഞെടുപ്പിൽ 1,18511 വോട്ട് ഭൂരിപക്ഷത്തിലായിരുന്നു വിജയം. 1971ൽ കോൺഗ്രസിലെ രാമചന്ദ്രൻ കടന്നപ്പള്ളി മത്സരിച്ചപ്പോൾ സിപിഎം നേതാവ് ഇ.കെ.നായനാർ 28404 വോട്ട് ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു.
ഒരേയൊരു അട്ടിമറി വിജയം
30 വർഷത്തോളം ലീഗ് കുത്തകയായിവച്ചിരുന്ന മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ 2006ൽ അട്ടിമറി ജയത്തോടെ സിപിഎമ്മിലെ സി.എച്ച്.കുഞ്ഞമ്പു 4829 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചു.
3 പതിറ്റാണ്ട് കാലത്തെ കുത്തക അവസാനിപ്പിച്ചു മുസ്ലിംലീഗ് ഈ തിരഞ്ഞെടുപ്പിലൂടെ മൂന്നാം സ്ഥാനത്തായി. മൂന്നാം സ്ഥാനത്തു നിന്നായിരുന്നു ഒന്നാം സ്ഥാനത്തേക്ക് സിപിഎമ്മിന്റെ അപ്രതീക്ഷിത മുന്നേറ്റം.
പിന്നീടുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം സിപിഎം വീണ്ടും മൂന്നാം സ്ഥാനത്തായി.
പാർട്ടിക്കോട്ടകളേറെ, എങ്കിലും…
പാർട്ടിക്കോട്ടകളേറെയുള്ള ജില്ലയിൽ കാസർകോട് നിയമസഭാ മണ്ഡലത്തിൽ ഇപ്പോഴും പാർട്ടി ക്ഷീണാവസ്ഥയിലാണ്. എൽഡിഎഫ് ഏറ്റവും കൂടുതൽ തവണ തുടർച്ചയായി മൂന്നാം സ്ഥാനത്തെത്തിയ മണ്ഡലമാണു കാസർകോട്.
വടക്കൻ മേഖലയിൽ മഞ്ചേശ്വരത്ത് മീഞ്ച, പുത്തിഗെ, പൊവളിഗെ തുടങ്ങിയ പ്രദേശങ്ങളും പാർട്ടിക്കു ശക്തമായ സ്വാധീനം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പ്രഭാവം മങ്ങി. കുറ്റിക്കോൽ, ബേഡഡുക്ക, കോടോം ബേളൂർ, അജാനൂർ, മടിക്കൈ, കയ്യൂർ ചീമേനി,പിലിക്കോട്, നീലേശ്വരം, ചെറുവത്തൂർ ഭാഗങ്ങളിൽ ശക്തമായ അണികളുള്ള പാർട്ടിഗ്രാമങ്ങൾ ഏറെയുണ്ട്.
1984ൽ കാസർകോട് ജില്ല രൂപീകരിച്ചപ്പോൾ പി.കരുണാകരനായിരുന്നു ആദ്യ ജില്ലാ സെക്രട്ടറി. എ.കെ.നാരായണൻ, കെ.കുഞ്ഞിരാമൻ, കെ.പി.സതീശ്ചന്ദ്രൻ, എം.വി.ബാലകൃഷ്ണൻ, എം.രാജഗോപാലൻ എന്നിവർ തുടർന്ന് ജില്ലാ സെക്രട്ടറിമാരായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

