മറയൂർ ∙ ജനവാസ മേഖലയായ മറയൂര്‍ ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി വ്യാപക പരിഭ്രാന്തി സൃഷ്ടിച്ചു. പഞ്ചായത്ത് ഓഫിസിനുള്ളിലും ഹോട്ടലിലും അതിക്രമിച്ചു കയറിയ കാട്ടുപോത്ത് രണ്ടുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു.
കുമുട്ടാംകുഴി ഉന്നതി സ്വദേശികളായ കാമാക്ഷി (75) മരുമകൾ സെല്‍വി രാമു (49) എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സയ്ക്കുശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് ടൗണിലിറങ്ങിയ കാട്ടുപോത്ത് ആദ്യമായി കുമ്പിട്ടാം കുഴി ഉന്നതയിൽ എത്തിയത്. രണ്ടുമണിക്കൂറോളം പരിഭ്രാന്തിയിലാക്കി.
ഈ സമയത്ത് വീട്ടുമുറ്റത്ത് നിന്നിരുന്ന കാമാക്ഷിയെയും മരുമകൾ സെൽവിയെയും കുത്തിയെറിഞ്ഞു. തുടർന്ന് പുറകുവശത്ത് തുറന്നിരുന്ന വാതിലിലൂടെ പഞ്ചായത്ത് ഓഫിസിനുള്ളിലേക്ക് ഓടിക്കയറി.
സെക്രട്ടറിയുടെ ചേംബറിനുള്ളില്‍ കുടുങ്ങിയ കാട്ടുപോത്ത് പുറത്തിറങ്ങാന്‍ കഴിയാതെ ദീര്‍ഘനേരം പരിഭ്രാന്തി പരത്തി.
ഓഫിസിനുള്ളിലെ ഫര്‍ണിച്ചറുകളും ഉപകരണങ്ങളും കാട്ടുപോത്ത് തകര്‍ത്തു. നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് പുറത്തിറക്കിയ കാട്ടുപോത്ത് പിന്നീട് സമീപത്തെ ഒരു ഹോട്ടലിലേക്ക് ഇരച്ചുകയറി.
ഇവിടെയും വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. ഹോട്ടലില്‍ നിന്നും ഓടിച്ചപ്പോള്‍ സര്‍വീസ് സഹകരണ ബാങ്കിന് സമീപത്തെ വഴിയിലൂടെ ഉന്നതി ഭാഗത്തേക്ക് കാട്ടുപോത്ത് ഓടിപ്പോകുകയായിരുന്നു.
കാട്ടുപോത്ത് ടൗണില്‍ നിലയുറപ്പിച്ചതോടെ മറയൂര്‍ ടൗണില്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വന്യജീവി ശല്യം തടയുന്നതില്‍ അധികൃതര്‍ പരാജയപ്പെടുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനപാത ഉപരോധിച്ചു.
പഞ്ചായത്ത് ഓഫിസിൽ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ തകര്‍ന്നു.
കാട്ടുപോത്ത് നിലവില്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലായി കറങ്ങി നടക്കുന്നത് ജനങ്ങളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചു
മറയൂര്‍ ∙ ടൗണിലും പഞ്ചായത്ത് ഓഫീസ് പരിസരങ്ങളിലും കാട്ടുപോത്ത് ഇറങ്ങുന്നതും വന്യജീവി ആക്രമണത്തില്‍ രണ്ട് ആദിവാസികള്‍ക്ക് പരിക്കേറ്റതിലും പ്രതിഷേധിച്ച് എല്‍ഡിഎഫ്, ഡിഎഫ്ഒ ഓഫിസ് മാര്‍ച്ച് നടത്തി. ജനവാസ മേഖലയില്‍ വന്യജീവികള്‍ ഇറങ്ങുന്നത് തടയാന്‍ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
വനസംരക്ഷണത്തിനും വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാനുമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപ അനുവദിക്കുന്നുണ്ടെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ തുക ദുരുപയോഗം ചെയ്യുകയാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു.
സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി അനുവദിക്കുന്ന കോടികള്‍ ഉദ്യോഗസ്ഥര്‍ മുക്കുന്നതല്ലാതെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശാശ്വത പരിഹാരങ്ങള്‍ കാണുന്നില്ലെന്ന് ഓഫീസിന് മുന്പില് നടന്ന പ്രതിഷേധത്തില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഇടതുമുന്നണി നേതാക്കളായ വി.സിജിമോന്, എം. ലക്ഷ്മണന്, പി.എസ് ശശികുമാര്‍, അണ്ണാദുരൈ, എസ് ചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
അടിയന്തരമായി നഷ്ടപരിഹാരം നൽകുമെന്നും കാട്ടുപോത്തുകളെ ജനവാസ മേഖലയിൽ ഇറങ്ങാതെ വനത്തിനുള്ളിൽ തന്നെ തടയാനുള്ള നടപടി സ്വീകരിക്കുമെന്നും റേഞ്ച് ഓഫിസർ അബ്ജു കെ. അരുൺ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

