പശ്ചിമേഷ്യയിലെ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ രാജ്യാന്തര തലത്തിൽ വിപണികൾ കൂടുതൽ ക്ഷീണത്തിലേക്ക്. ഇറാനിൽ യുഎസ് കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത നിക്ഷേപകരെ കൂടുതൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
3,500 യുഎസ് സൈനികരെയും വഹിച്ചുകൊണ്ടുള്ള യുഎസ്എസ് ട്രിപ്പോളിയെന്ന കപ്പല്‍ പശ്ചിമേഷ്യയിൽ എത്തി. ഇത് യുഎസ് ഇറാനിൽ കരയുദ്ധം നടത്തിയേക്കുമെന്ന ആശങ്കയും ശക്തമാക്കി.
ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ‘ഗ്രൗണ്ട് ഓപറേഷന് ‘ യുഎസ് തയാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിക്കാനാണ് യുഎസിന്റെ ശ്രമമെന്നാണ് കരുതുന്നത്.
ഇതു തടയാൻ ശക്തമായ പ്രത്യാക്രമണം നടത്തുമെന്നാണ് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്. യുദ്ധത്തിലേക്ക് യെമനിലെ ഹൂതികളും കൂടി ചേർന്നത് സംഘർഷം വർധിപ്പിച്ചിട്ടുണ്ട്.
ഹോര്‍മുസിനു പുറമെ രാജ്യാന്തര വ്യാപാരത്തിൽ നിര്‍ണായകമായ ബാബൽ മൻദിബ് കൂടി അടയ്ക്കുമെന്നാണ് ഇറാന്റെ ഭീഷണി.
അതിനിടെ ഓഹരി വിപണിയിലെ നഷ്ടം തുടരുകയാണ്. തുടര്‍ച്ചയായ അഞ്ചാം ആഴ്ചയാണ് വിപണി നഷ്ടത്തിൽ അവസാനിക്കുന്നത്.
മാർച്ചിൽ മാത്രം സെൻസെക്സും നിഫ്റ്റിയും ഒമ്പത് ശതമാനം വീതം ഇടിഞ്ഞു. അവസാന വ്യാപാര ദിനമായ വെള്ളിയാഴ്ച വലിയ വിൽപന സമ്മര്‍ദമാണ് വിപണിയിൽ പ്രകടമായത്.
നിക്ഷേപകരുടെ സമ്പത്തിൽ ഒറ്റ ദിവസം മാത്രം കുറവുണ്ടായത് ഒമ്പത് ലക്ഷം കോടി രൂപ. സെൻസെക്സ് 2.25 ശതമാനം ഇടിഞ്ഞ് 73,583.22ലെത്തി.
നിഫ്റ്റി 2.09 ശതമാനം ഇടിഞ്ഞ് 22,819.60ലുമായി. ഫിനാൻഷ്യൽ, ഓട്ടോ, കൺസ്യൂമർ ഓഹരികളാണ് ഇടിവിൽ മുന്നിലുണ്ടായിരുന്നത്.
യുദ്ധം തുടങ്ങിയതിനു ശേഷം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി വിഹിതത്തിൽ 41 ലക്ഷം കോടി രൂപയുടെ കുറവുണ്ടായെന്നാണ് കണക്ക്.
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തുന്നതിനും വിപണി സാക്ഷ്യം വഹിച്ചു. 94.8125 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപകരുടെ ഓഹരി വിറ്റൊഴിക്കൽ നിർബാധം തുടരുകയാണ്. മാർച്ചിൽ മാത്രം വിറ്റത് 1.14 ലക്ഷം കോടി രൂപയാണ്.
ഇക്കൊല്ലത്തെ ആകെ വില്പന 1.27 ലക്ഷം കോടി രൂപയിലെത്തി. വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 4,367 കോടി രൂപയുടെ അറ്റവിൽപന നടത്തി.
പശ്ചിമേഷ്യയിലെ യുദ്ധം പരിഹാരമില്ലാതെ തുടരുന്നതും പണപ്പെരുപ്പ ഭീഷണിയുമാണ് വിപണിയെ പിന്നോട്ടടിക്കുന്നത്.
ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനൊപ്പം രാജ്യാന്തര ഊർജ വിതരണ ശൃംഖലയിൽ തടസം നേരിട്ടേക്കുമെന്ന റിപ്പോർട്ടുകളും ഇന്ത്യയിൽ പണപ്പെരുപ്പ ഭീഷണി ഉയർത്തിയിട്ടുണ്ട്. ഇത് കമ്പനികളുടെ പ്രവർത്തനത്തെയും ബാധിക്കുമെന്നാണ് നിക്ഷേപകരുടെ ആധി.
ഈ ആഴ്ചയിലും വിപണി സമ്മർദത്തിലാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
എന്നാൽ മൂന്ന് ദിവസം മാത്രമാണ് വിപണിയിൽ വ്യാപാരമുള്ളത്. മാർച്ച് 31 മഹാവീര്‍ ജയന്തി പ്രമാണിച്ച് അവധിയാണ്.
ഏപ്രിൽ മൂന്നിന് ദുഖവെള്ളിയുടെ അവധിയും. ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിലാണ്.
തിങ്കളാഴ്ച വിപണി നഷ്ടത്തോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
സ്വർണം വീണ്ടും സേഫ്
ഇറാൻ യുദ്ധം തുടങ്ങിയതിൽ പിന്നെ ഇടിവ് തുടരുന്ന സ്വർണവില വെള്ളിയാഴ്ച മുന്നോട്ടായിരുന്നു. രാജ്യാന്തര വിപണിയില്‍ സുരക്ഷിത നിക്ഷേപ പദവി തിരിച്ചു പിടിച്ച സ്വര്‍ണം ഔണ്‍സിന് 4,493.79 ഡോളർ എന്ന നിലയിലാണ്.
വില കുറഞ്ഞതു ‘മുതലെടുക്കാൻ’ നിക്ഷേപകർ നടത്തുന്ന ഡിപ്പ് ബയിങാണ് സ്വർണവിലയെ ഉയർത്തിയത്. ഓഹരി വിപണികളിൽ നിന്നും പിൻവലിച്ച പണം ആളുകൾ സുരക്ഷിതമായി സ്വർണത്തിൽ നിക്ഷേപിച്ചു.
സ്വർണത്തിനൊപ്പം ആളുകൾ ക്രൂഡ് ഓയിൽ പോലുള്ള അസറ്റുകളിലും നിക്ഷേപിക്കുന്നുണ്ട്.
വിലയിടിക്കാൻ കേന്ദ്രബാങ്കുകൾ
യുദ്ധം തുടങ്ങിയതിൽ പിന്നെ കേന്ദ്രബാങ്കുകൾ സ്വർണശേഖരം വിൽക്കാൻ ശ്രമിക്കുന്നതും വിപണിയിൽ കാണാൻ കഴിയും. എട്ട് ബില്യൻ ഡോളറിന് തുല്യമായ സ്വർണമാണ് കഴിഞ്ഞ ദിവസങ്ങളിൽ തുർക്കി വിറ്റത്.
പോളണ്ടിലെ കേന്ദ്രബാങ്കും സമാനമായ നീക്കം നടത്തിയിട്ടുണ്ട്. സ്വർണത്തിന്റെ ഏറ്റവും വലിയ വാങ്ങലുകാരായ റഷ്യയും 25 വർഷങ്ങൾക്ക് ശേഷം സ്വര്‍ണം വിറ്റിരുന്നു.
മറ്റ് രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളും സമാനമായ നീക്കം നടത്തിയാൽ സ്വർണവില കുത്തനെ ഇടിയും. 2023ല്‍ സ്വർണവില പിടിവിട്ടാതെ കുതിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു കേന്ദ്രബാങ്കുകളുടെ വാങ്ങൽ.
ക്രൂഡ് ഓയില്‍ കുതിക്കും
നിലവിലെ പ്രതിസന്ധിക്ക് അനുസരിച്ചല്ല നിലവിൽ വിപണി പ്രതികരിക്കുന്നതെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
ക്രൂഡ് ഓയിൽ പ്രതിസന്ധി അതിരൂക്ഷമാണ്. വലിയ ഡിമാൻഡുമുണ്ട്.
ഇതിന് അനുസരിച്ചുള്ള വില വര്‍ധന ഉണ്ടായിട്ടില്ല. പ്രശ്നങ്ങൾ അവസാനിച്ചാലും രാജ്യങ്ങൾക്ക് ക്രൂഡ് ഓയിൽ ശേഖരം വർധിപ്പിക്കേണ്ടതുണ്ട്.
അതുകൊണ്ട് വില ഇനിയും വർധിക്കാനാണ് സാധ്യതയെന്നും വിദഗ്ധർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

