റാന്നി ∙ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ‘പോറ്റിയേ കേറ്റിയേ..’ എന്ന പാരഡിഗാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി റാന്നി യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവിനെതിരെ പരാതി. തിരുവാഭരണ പാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാലയാണു തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയത്.
ശബരിമല സ്വർണക്കൊള്ള വിഷയം ഇനിയും ഉന്നയിക്കുമെന്നും തന്നെ തിരഞ്ഞെടുപ്പു കേസിൽ കുടുക്കാനുള്ള ഇടതു മുന്നണിയുടെ ഗൂഢ ശ്രമമാണെന്നു പഴകുളം മധു പറഞ്ഞു. താൻ മത ചിഹ്നങ്ങൾ ഉപയോഗിച്ചില്ലെന്നും സിപിഎം റാന്നിയിൽ എൻഡിഎയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും മധു വ്യക്തമാക്കി.
യുഡിഎഫ് അധികാരത്തിൽ വന്നാൽ നാമജപഘോഷയാത്ര നടത്തിയവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുമെന്നും പഴകുളം മധു പറഞ്ഞു.
ഇതേ പാരഡി ഗാനത്തിനെതിരെ പ്രസാദ് തന്നെ മുൻപ് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബറിൽ കേസെടുത്തെങ്കിലും നടപടികൾ മുന്നോട്ടു പോയില്ല.
റാന്നിയിലെ യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവാണ് പ്രചാരണത്തിനായി ഈ പാരഡി ഗാനം ഉപയോഗിക്കുന്നതെന്നു പ്രസാദ് ചൂണ്ടിക്കാട്ടി. അയിരൂർ പഞ്ചായത്തിലെ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥി ഗാനം പാടിക്കൊടുക്കുകയും മറ്റുള്ളവരെകൊണ്ട് ഏറ്റു പാടിക്കുകയുമാണെന്നു പ്രസാദ് പറയുന്നു.
ശബരിമല സ്വർണക്കൊള്ള പുറത്തു വന്നപ്പോഴാണ് അതിലെ പ്രതികളെ കളിയാക്കി പാരഡി ഗാനം ഇറങ്ങിയത്. ഇത് തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷത്തിനു വലിയ തിരിച്ചടിയുണ്ടാകാൻ കാരണമായിരുന്നു.
അന്നു പ്രസാദ് കുഴികാല പരാതി നൽകിയെങ്കിലും സിപിഎം പിന്തുണച്ചില്ല. പാരഡി ഗാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകാൻ സിപിഎം ആലോചിച്ചിരുന്നു.
അയ്യപ്പന്റെ പേര് പ്രചാരണത്തിന് ഉപയോഗിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നുമാണു സിപിഎം ജില്ലാ സെക്രട്ടറി കഴിഞ്ഞ ഡിസംബറിൽ പറഞ്ഞത്. മതത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്നും ഇതു തെറ്റായ കീഴ്വഴക്കമാകുമെന്നും ഇനി ആവർത്തിക്കാൻ പാടില്ലെന്നും സിപിഎം നിലപാടെടുത്തു.
വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന വിധമുള്ള പ്രതികരണങ്ങൾ വരുന്നുണ്ട്. ഗാനം പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും അന്നു ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആവശ്യപ്പെട്ടു.
ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവർ പാട്ട് നിരോധിക്കണമെന്നു പറയുന്നത് വിരോധാഭാസമാണെന്നു ചൂണ്ടിക്കാട്ടി ആ സമയത്ത് വലിയ വിമർശനങ്ങളുമുണ്ടായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

