നീലേശ്വരം ∙ നഗരത്തിൽ നടക്കുന്ന ദേശീയപാത വികസന പ്രവർത്തനങ്ങളിലെ അശാസ്ത്രീയത സംബന്ധിച്ച് തുടക്കം തൊട്ടു തന്നെ നാട്ടുകാർ പരാതി ഉന്നയിക്കുന്നുണ്ട്. ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ ജനകീയ പ്രതിഷേധം കണക്കിലെടുത്ത് പ്ലാനിലടക്കം മാറ്റം വരുത്തിയപ്പോഴും നീലേശ്വരത്ത് അതുണ്ടായില്ല; നിർമാണം തുടരുകയാണ്.
പ്രധാന കവലയായ മാർക്കറ്റ് ജംക്ഷൻ ഉൾപ്പെടുന്ന പ്രദേശം പുഴയോട് ചേർന്നുള്ള ഭാഗമായതിനാൽ ചതുപ്പ് കൂടുതലാണ്. വർഷങ്ങൾക്ക് മുൻപ് വലിയ തോതിലുള്ള വെള്ളപ്പൊക്കം ഉണ്ടായ നെടുങ്കണ്ട
ഭാഗത്ത് മണ്ണിട്ട് ഉയർത്തിയുള്ള നിർമാണത്തിനിടെ ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നത് ചർച്ചയായിരുന്നു. എന്നിട്ടും ഒരു മാറ്റവും വരുത്താതെ അവിടെയും പഴയപടി നിർമാണം തുടർന്നു.
ദേശീയപാതയ്ക്ക് സമാന്തരമായി ഇരുഭാഗത്തും ഉണ്ടായിരുന്ന ചാലുകളും നിർമാണ കമ്പനി മണ്ണിട്ട് മൂടി.
ഇതുമൂലം മഴക്കാലത്ത് പുഴയോട് ചേർന്നുള്ള ഭാഗങ്ങളിൽ വെള്ളം കയറാൻ തുടങ്ങിയിട്ടുണ്ട്. ഇവിടെ കരയിടിച്ചിലും രൂക്ഷമാണ്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് മാർക്കറ്റ് പാലത്തിന് സമീപം ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ മണ്ണുമാന്തിയന്ത്രം ചതുപ്പിൽ താഴ്ന്നത് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലാ ഭരണകൂടത്തിന് ഇത് സംബന്ധിച്ച് നാട്ടുകാർ പരാതിയും നൽകിയിരുന്നു.
എന്നിട്ടും അധികൃതർ വിഷയത്തിൽ ഇടപെട്ടില്ല.
വെള്ളം നിറഞ്ഞ ചതുപ്പിൽ കല്ലും മണ്ണും നിറച്ചുള്ള നിർമാണം ഇപ്പോൾ രാത്രി തിരക്കൊഴിഞ്ഞ സമയത്താണ് നടക്കുന്നത്. മതിയായ പരിസ്ഥിതി ആഘാതപഠനം നടത്താതെയാണ് പ്രദേശത്തെ ദേശീയപാത നിർമാണം നടക്കുന്നത് എന്ന് നേരത്തെതന്നെ ആക്ഷേപം ഉയർന്നിരുന്നു.
മാർക്കറ്റിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഇതിനകം തന്നെ പന്തൽകെട്ടി സമരം ആരംഭിച്ചിട്ടുണ്ട്. നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

