കാക്കനാട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വരണാധികാരികളെ ഏറ്റവും കൂടുതൽ കുഴക്കിയതു ചിഹ്നപട്ടികയാണ്. ദേശീയ, സംസ്ഥാന പാർട്ടികളുടെ ചിഹ്നങ്ങളിൽ ആശയക്കുഴപ്പമില്ലെങ്കിലും സ്വതന്ത്രസ്ഥാനാർഥികളുടെ ചിഹ്ന നിർണയം വരണാധികാരിമാരെ വല്ലാതെ കുഴപ്പിച്ചു.
ഏതൊക്കെ ചിഹ്നങ്ങൾ ആർക്കൊക്കെ കൊടുക്കാമെന്ന ആശയക്കുഴപ്പം നീണ്ടതിനാൽ ചിഹ്ന നിർണയവും അതുവഴി ബാലറ്റ് പേപ്പർ തയാറാക്കലും അച്ചടിയും വരെ വൈകി.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മത്സരിക്കുന്ന പറവൂരിലും പെരുമ്പാവൂരിലും സ്വതന്ത്രർക്ക് ആദ്യം അനുവദിച്ച ചിഹ്നങ്ങൾ രാത്രി മാറ്റി നൽകേണ്ടിവന്നു. സ്വതന്ത്ര സ്ഥാനാർഥികൾ സഹകരിച്ചതിനാൽ വലിയ വാഗ്വാദങ്ങളില്ലാതെ പ്രശ്നം പരിഹരിക്കാനായെന്ന ആശ്വാസത്തിലാണ് വരണാധികാരികൾ.
പറവൂരിൽ സ്വതന്ത്ര സ്ഥാനാർഥിക്ക് ആദ്യം അനുവദിച്ച ആപ്പിൾ രാത്രിയായപ്പോൾ മാറ്റേണ്ടി വന്നു. ഈ ചിഹ്നം സ്വതന്ത്രർക്ക് അനുവദിക്കരുതെന്ന് ചീഫ് ഇലക്ടറൽ ഓഫിസിൽ നിന്നു നിർദേശമെത്തി.
ഇക്കാര്യം സ്ഥാനാർഥിയെ അറിയിച്ചപ്പോൾ പകരം ഫുട്ബോൾ ചിഹ്നമായി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതും സ്വതന്ത്ര ചിഹ്നമല്ലെന്ന അറിയിപ്പെത്തി.
ഒടുവിൽ ബാറ്റ് ചിഹ്നമായി അനുവദിച്ച് ഒത്തുതീർപ്പിലെത്തി.
പെരുമ്പാവൂരിലും ഇതു തന്നെയായിരുന്നു സ്ഥിതി. 2 സ്വതന്ത്രർക്ക് ആദ്യം പരിഗണിച്ച ചിഹ്നങ്ങൾ പിൻവലിക്കേണ്ടി വന്നു.
സ്ഥാനാർഥികളിൽ നിന്ന് സമ്മതപത്രം എഴുതി വാങ്ങിയ ശേഷം പുതിയ ചിഹ്നങ്ങൾ അനുവദിക്കുകയായിരുന്നു. മുൻകാലങ്ങളിലേതു പോലെ തിരഞ്ഞടുപ്പു കമ്മിഷൻ ചിഹ്നങ്ങളുടെ പട്ടിക മുൻകൂട്ടി വരണാധികാരിമാർക്ക് നൽകാതിരുന്നതാണ് പ്രശ്നമായത്.
കമ്മിഷന്റെ വെബ്സൈറ്റിൽ നിന്നുൾപ്പെടെ ചിഹ്നപട്ടിക നോക്കിയാണ് സ്വതന്ത്ര സ്ഥാനാർഥികൾ നാമനിർദേശ പത്രികയിൽ ചിഹ്നങ്ങൾ ചോദിച്ചിരുന്നത്. മുൻകാല തിരഞ്ഞെടുപ്പുകളിലെ സ്വതന്ത്ര ചിഹ്നങ്ങൾ ചോദിച്ചപ്പോൾ ചില വരണാധികാരികൾ ഇക്കുറി സ്വതന്ത്രർക്ക് അവ അനുവദിച്ചതാണ് പ്രശ്നമായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

