തൃശൂർ ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്ക് ‘സൗത്ത് ഇന്ത്യൻ ബാങ്ക്’ ശതാബ്ദി നിറവിലേക്ക് അടുക്കുകയാണ്. കേരളത്തിൽ നിന്ന് ഇന്ത്യയിലെമ്പാടും സാന്നിധ്യമറിയിച്ചു വളർന്ന സൗത്ത് ഇന്ത്യൻ ബാങ്ക്, ഇടപാടുകാർക്കിടയിലും നിക്ഷേപകർക്കിടയിലും ഒരുപോലെ ശ്രദ്ധാകേന്ദ്രമാണ്.
ഇക്കഴിഞ്ഞ ജനുവരി 29ന് ആയിരുന്നു 97-ാം സ്ഥാപകദിനാഘോഷം.
വളർച്ചയുടെ പുതിയ പടവുകളിൽ ഡിജിറ്റൽ ബാങ്കാവുക, സാന്നിധ്യം വിപുലമാക്കുക, ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട അനുഭവം ഉറപ്പാക്കുക, ഇന്ത്യയുടെ ‘വികസിത് ഭാരത്’ യാത്രയിൽ യുവാക്കൾക്ക് മികച്ച പിന്തുണ നൽകുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളും ബാങ്കിനുണ്ട്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായി നിയമിതനായ കോട്ടയം സ്വദേശി ജോസ് ജോസഫ് കാട്ടൂർ
മനസ്സുതുറക്കുന്നു:
∙ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പാർട്ട്ടൈം ചെയർമാൻ പദവി താങ്കളെത്തേടിയെത്തിയിരിക്കുന്നു. മനസ്സിൽ ആദ്യമെത്തിയ ചിന്ത എന്തായിരുന്നു?
സ്വയം വിലയിരുത്തുകയാണ് ആദ്യം ചെയ്തത്.
പാർട്ട്ടൈം ചെയർമാൻ എന്നത് വലിയൊരു ഉത്തരവാദിത്തമാണ്. ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാതെ, അതേസമയം മികച്ച ഭരണനിർവഹണം കാര്യക്ഷമമായി നടപ്പാക്കണം.
ആ ചുമതല എങ്ങനെ നിർവഹിക്കും, അതിലേക്ക് എന്റെ സംഭാവനകൾ എന്തൊക്കെയാകണം എന്നു ചിന്തിച്ചു. നിലവിൽ ബാങ്ക് പിന്തുടരുന്ന എന്തൊക്കെ കാര്യങ്ങൾ സംരക്ഷിക്കണം, നിലനിർത്തണം എന്നതിനൊപ്പം മാനേജ്മെന്റിനെ കൂടുതൽ മെച്ചപ്പെടുത്താൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്നും ആലോചിച്ചു.
പ്രവർത്തനരീതി എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താമെന്നുമാണ് ആദ്യം ചിന്തിച്ചത്.
∙ 2024 മുതൽ താങ്കൾ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറാണ്. ബാങ്കിനൊപ്പം ഇതുവരെയുള്ള യാത്രയെ എങ്ങനെ കാണുന്നു? ലക്ഷ്യങ്ങൾ എന്തൊക്കെ?
2024 ജൂലൈ മുതൽ ഞാൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറാണ്.
അതുകൊണ്ടുതന്നെ ബാങ്കിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും ചുരുങ്ങിയ കാലയളവിനുള്ളിൽ നേടിയെടുക്കേണ്ട നാഴികക്കല്ലുകളെക്കുറിച്ചും ബാങ്കിന്റെ പ്രവർത്തനക്ഷമതയെക്കുറിച്ചും എനിക്ക് പൂർണബോധ്യമുണ്ട്.
ബാങ്ക് ശതാബ്ദി ആഘോഷത്തിലേക്ക് അടുക്കുകയാണ്. ഈ വേളയിൽ, എങ്ങനെ അതിനുവേണ്ടി തയാറാകണമെന്നതുൾപ്പടെയുള്ള കാര്യങ്ങളെപ്പറ്റി ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
അതിനുള്ള പ്രവർത്തനങ്ങളിലേക്കും കടന്നുകഴിഞ്ഞു.
കോർപറേറ്റ് ഭരണത്തിന്റെ ഉയർന്ന നിലവാരം നിലനിർത്തുക, ആഗോള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് മാനേജ്മെന്റിന് പിന്തുണ നൽകുക, റിസ്ക് പരിധികൾ കൃത്യമായി നിർണയിക്കുക, ബോർഡ് അംഗങ്ങളും മാനേജ്മെന്റും തമ്മിൽ നിരന്തരമായ ആശയവിനിമയം ഉറപ്പാക്കുക എന്നിവയാണ് ഉത്തരവാദിത്തം.
പ്രവർത്തനരീതി കൂടുതൽ ശക്തമാക്കി, ഇടപാടുകാർക്ക് അതിവേഗത്തിൽ സേവനങ്ങൾ ഉറപ്പാക്കും. മികച്ച വരുമാന വളർച്ചയും ലക്ഷ്യമിട്ട്, ദക്ഷിണേന്ത്യയിലും പശ്ചിമേന്ത്യയിലും സാന്നിധ്യം വിപുലീകരിക്കും.
ഒരു ഡിജിറ്റൽ ബാങ്കായി മാറാനുള്ള യാത്രയിലുമാണ് സൗത്ത് ഇന്ത്യൻ ബാങ്ക്.
∙ റിസർവ് ബാങ്കിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ച താങ്കൾ, അത്രയും ഉയർന്ന പദവിയിലെത്തുന്ന അപൂർവം മലയാളികളിലൊരാളാണ്. ആർബിഐയിലെ അനുഭവസമ്പത്ത് കരുത്തു പകരുന്നതെങ്ങനെ?
എല്ലാ സേവനങ്ങളും നൽകുന്ന ഒരു ‘കേന്ദ്രബാങ്ക്’ എന്ന നിലയിൽ ആർബിഐയിലെ അനുഭവപരിചയം ബാങ്കിങ്ങിന്റെയും സമ്പദ്വ്യവസ്ഥയുടെയും എല്ലാ വശങ്ങളെക്കുറിച്ചുമുള്ള അറിവ് നൽകുന്നതായിരുന്നു.
ബാങ്ക് തലത്തിൽ കൃത്യവും സൂക്ഷ്മവുമായ തീരുമാനങ്ങൾ എടുക്കേണ്ടുന്ന സാഹചര്യങ്ങളിൽ ആ അറിവ് വലിയതോതിൽ പ്രയോജനപ്പെടും. തീർച്ചയായും മറ്റു വശങ്ങളുമുണ്ട്.
ഉദാഹരണത്തിന്, നിയന്ത്രണങ്ങളെക്കുറിച്ചും ഒരു പ്രത്യേക നിയന്ത്രണത്തിന് പിന്നിലെ തത്വങ്ങളെക്കുറിച്ചുമുള്ള അറിവ് നന്നായി ഉപകാരപ്പെടും. നിയന്ത്രിക്കുന്ന സ്ഥാപനത്തിലും (regulator) നിയന്ത്രിക്കപ്പെടുന്ന സ്ഥാപനത്തിലും (regulated entity) പ്രവർത്തിച്ചുള്ള ഈ ഇരട്ട
അനുഭവ പരിചയം സന്തുലിതമായ കാഴ്ചപ്പാട് സ്വീകരിക്കാൻ സഹായിക്കും.
∙ ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ ഇന്ത്യയെയും ബാധിക്കുന്നുണ്ട്. ഇന്ത്യയുടെ ബാങ്കിങ് മേഖലയെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്?
കഴിഞ്ഞ കുറച്ചു കാലമായി ബാങ്കിങ് മേഖലയ്ക്ക് നല്ല സമയമായിരുന്നു.
സമീപ വർഷങ്ങളിൽ സൗത്ത് ഇന്ത്യൻ ബാങ്കും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എന്നാൽ ആഗോളതലത്തിലുള്ള ചില അനിശ്ചിതത്വങ്ങൾ ഇപ്പോൾ ഈ മേഖലയിൽ കരിനിഴൽ വീഴ്ത്തി.
ഇത് അധികകാലം നീളില്ലെന്ന് കരുതുന്നു. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനുള്ള ആന്തരിക കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന് വിശ്വസിക്കുന്നു.
∙ ഒരു ബാങ്കിങ് വിദഗ്ദ്ധൻ എന്ന നിലയിൽ, യുവാക്കൾക്ക് എന്ത് ഉപദേശമാണ് നൽകുന്നത്?
ഇന്ത്യയുടെ പ്രയാണത്തിൽ വളരെ അനുകൂലമായ ഘട്ടത്തിലാണ് നമ്മുടെ യുവാക്കൾ ഇപ്പോഴുള്ളത്.
‘വികസിത് ഭാരത്’ എന്ന ലക്ഷ്യത്തിന്റെ ഭാഗമാകാനുള്ള അവസരം അവർക്കുണ്ട്. കഠിനാധ്വാനം ചെയ്യാനും സ്വയം നവീകരിക്കാനും അവസരങ്ങൾ സൃഷ്ടിക്കാനും ശ്രമിച്ചുകൊണ്ട് അവർ ഈ പ്രക്രിയയിൽ മുഴുകുമെന്ന് ഞാൻ കരുതുന്നു.
സംരംഭകത്വ മനോഭാവമുള്ളവരോട് സ്വന്തമായി എന്തെങ്കിലും തുടങ്ങാനും ജോലി അന്വേഷിക്കുന്നവർ എന്നതിലുപരി ജോലി നൽകുന്നവർ ആകാനും ശ്രമിക്കണമെന്ന് ഞാൻ പറയും.
എസ്ഐബി ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങൾ കഴിവുറ്റ യുവാക്കൾക്ക് മികച്ച കരിയർ സാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നത്. എസ്ഐബിയിൽ യുവ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ട്.
ഞങ്ങളുടെ ജീവനക്കാരുടെ ശരാശരി പ്രായം 33 വയസ്സാണ്. കഴിവുറ്റ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും അവരെ രാജ്യത്തിന്റെ വികസനക്കുതിപ്പിൽ സജീവ പങ്കാളികളാക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

