കോഴിക്കോട് ∙ എരവട്ടൂരിലെ പഴയൊരു പുരയുടെ മുകളിൽ കയറിനിന്ന് വിയർത്തൊലിച്ച് ഓല കെട്ടി മേയുകയാണ് നാരായണൻ. ‘മകന്റെ കൂടെ പ്രചാരണത്തിന് പോവുന്നില്ലേ?’ എന്ന് നാട്ടുകാർ ചോദിക്കുന്നുണ്ട്.
‘പക്ഷേ പണിക്ക് പോണം, ജീവിക്കണ്ടേ’ എന്നാണ് നാരായണന്റെ മറുപടി. ബാലുശ്ശേരിയുടെ ബാലനായ യുഡിഎഫ് സ്ഥാനാർഥി വി.ടി.സൂരജിന്റെ അച്ഛനാണ് എരവട്ടൂർ ചേനായി വേട്ടുവർകണ്ടി തറമ്മൽ നാരായണൻ.
‘എരിയുന്ന വയറിലെ തീയാണ് പ്രശ്നം’ എന്നത് സൂരജിനും നാരായണനും വെറുമൊരു മുദ്രാവാക്യമല്ല. ഓല കെട്ടി പുര മേയൽ, വാഴക്കൃഷി തുടങ്ങി നാട്ടിലെ പലതരം കൂലിപ്പണികൾ ചെയ്താണ് നാരായണനും കുടുംബവും കഴിയുന്നത്.
‘എല്ലാ ദിവസവും പണി ഉണ്ടാവില്ല, എല്ലാ ദിവസവും പോവാനുമാവില്ല.
പണിക്ക് പോയിട്ടില്ലെങ്കില് കുടുംബം പട്ടിണിയാവും. മനസ്സുകൊണ്ട് സൂരജിന്റെ ഒപ്പമുണ്ട്.
എല്ലാവരും മോൻ നന്നാവുമെന്ന് പറയുന്നതു കേൾക്കുമ്പോൾ…’ പറഞ്ഞ് മുഴുവനാക്കും മുൻപ് നാരായണന്റെ ശബ്ദമിടറി. 800 രൂപ ദിവസക്കൂലിക്ക് പണിയെടുക്കുന്ന നാരായണന് ഓല കെട്ടി മേയുന്നത് പോലെയുള്ള ജോലി ചെയ്താൽ നൂറു രൂപ അധികം കിട്ടും.
സൂരജിന്റെ അമ്മ പുഷ്പ നാട്ടിലെ സഹകരണസംഘത്തിന്റെ കലക്ഷൻ ഏജന്റാണ്. വി.ടി.സൂരജും വി.ടി.സായൂജുമടക്കം രണ്ടു മക്കളാണ് ഇവർക്ക്.
കുടികിടപ്പായി കിട്ടിയ പത്തു സെന്റ് ഭൂമിയിലാണ് നാരായണനും സൂരജും കുടുംബവും താമസിക്കുന്നത്.
നാട്ടിൻപുറത്തെ കൃഷിക്കാരന്റെ മകനായ സൂരജിന് സാധാരണക്കാരന്റെ പ്രശ്നങ്ങൾ കേട്ടാൽ കണ്ണുനിറയും. അതുകൊണ്ടുതന്നെ ജില്ലയിലെ വിദ്യാർഥികളുടെ പ്രശ്നങ്ങളിൽ തെരുവോരങ്ങളിൽ ഏറ്റവുമധികം ലാത്തിയടി കൊണ്ട് ചോര ചിന്തിയത് സൂരജാണ്.
നിലവിൽ കെഎസ്യു ജില്ലാ പ്രസിഡന്റാണ്. 2023ൽ ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ ഡിഡിഇ ഓഫിസ് ഉപരോധിച്ച സൂരജിനെ പൊലീസ് മർദിച്ച് അവശനാക്കിയത് വിവാദമായിരുന്നു.
നാമനിർദേശ പത്രിക സമർപ്പിക്കാൻ പോവുന്ന ദിവസം രാവിലെ എരവട്ടൂരിലെ ആയടക്കണ്ടി കാവിൽ തൊഴുത് വീട്ടിലെത്തിയ സൂരജിന്റെ കയ്യിൽ നാരായണൻ 3000 രൂപയുടെ വിയർപ്പ് മണക്കുന്ന നോട്ടുകൾ നൽകി.
അതിൽ 1000 രൂപയെടുത്ത് സൂരജ് ബാക്കി തുക തിരികെ നൽകി. ആ തുകയും സഹപ്രവർത്തകർ നൽകിയ തുകയും ചേർത്താണ് സൂരജ് നാമനിർദേശ പത്രികയ്ക്കൊപ്പം പണം കെട്ടിവച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

