പത്തനംതിട്ട ∙ മുഖ്യമന്ത്രി ഈ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രതികരണം ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്തതാണെന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് അടൂരിൽ പ്രതികരിച്ചു.
കോന്നിയിലെ തിരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിക്കുന്നതിനിടെ ‘ഒരു ചോദ്യമുണ്ട്’ എന്നു പറഞ്ഞ പ്രവർത്തകനോട് ‘അതു വീട്ടിൽ പോയി ചോദിച്ചാൽ മതി’യെന്നു കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് ഏറെ വേദനയും ദുഃഖവും ഉണ്ടാക്കി. അദ്ദേഹത്തിന്റെ സംസ്കാരത്തിനനുസരിച്ചുള്ള പ്രവർത്തനമാണ് അദ്ദേഹം വേദിയിൽ നടത്തിയത്.
മുഖ്യമന്ത്രിയുടെ സംസ്കാരം ഇത്രയ്ക്കു താഴേക്ക് പോയിട്ടുണ്ടല്ലോ എന്ന് കാണുമ്പോൾ വേദനയുണ്ടാക്കുന്നു. മുഖ്യമന്ത്രിയുടെ ഈ പരാമർശം കേട്ടപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശൈലിയെക്കുറിച്ചാണ് ഓർമവരുന്നത്.
മുൻപ് കോന്നിയിൽ ഉമ്മൻചാണ്ടി യോഗത്തിൽ പങ്കെടുക്കാൻ വന്നപ്പോൾ പ്രവർത്തകർ കോന്നിയിൽ വിമാനത്താവളം വേണമെന്ന് ആവശ്യമുന്നയിച്ചു.അപ്പോൾ അദ്ദേഹം പ്രതികരിച്ചത് നിങ്ങളുടെ എംഎൽഎയായ അടൂർ പ്രകാശിനോടു പറഞ്ഞാൽ മതിയെന്നായിരുന്നു പറഞ്ഞത്.
‘ലഹരി’യിൽ പ്രവര്ത്തകന്റെ ഒരു ചോദ്യം; ‘വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന്’ മുഖ്യമന്ത്രി
കോന്നി (പത്തനംതിട്ട) ∙ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ ആവേശം മൂത്ത പ്രവർത്തകൻ ചോദ്യമുണ്ടെന്ന് പറഞ്ഞ് എത്തിയപ്പോൾ ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്നു മുഖ്യമന്ത്രി. കോന്നി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ്കുമാറിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ് സംഭവം.
ഉദ്ഘാടനപ്രസംഗം പകുതിയായ സമയത്താണ് അൽപം ‘ലഹരി’യിലെത്തിയ പ്രവർത്തകൻ സ്റ്റേജിനരികിലെത്തി എനിക്കൊരു ചോദ്യമുണ്ടെന്നു പറഞ്ഞത്. പ്രസംഗത്തിനിടെ വലത്തേക്കു നോക്കി മുഖ്യമന്ത്രി ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’യെന്നു മറുപടി നൽകി.
അപ്പോൾത്തന്നെ പൊലീസ് എത്തി പ്രവർത്തകനെ വിളിച്ചുകൊണ്ടുപോയി.
മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് സിപിഎമ്മുകാരൻ, തെറ്റുപറ്റിയെന്ന് മറുപടി
പത്തനംതിട്ട∙ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞത് കോന്നി അട്ടച്ചാക്കൽ സ്വദേശിയും സിപിഎം പ്രവർത്തകനുമായ ദാസ് പി.ജോർജ്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റാണെന്നു ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
വിഡിയോ വൈറലായതോടെ ചോദ്യം ചോദിക്കാൻ വന്നയാൾ വിശദീകരണവുമായി എത്തി.
‘‘മുഖ്യമന്ത്രി വികസന കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. ഭരണം കിട്ടുമെന്ന് ഉറപ്പാണല്ലോ? കിഫ്ബിയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്.
20000 കോടിയുടെ വികസനം കിഫ്ബി നടത്തി. ഭരണം കിട്ടുമ്പോൾ, തുടർന്നുള്ള വികസനത്തിന് ഫണ്ട് എവിടെനിന്ന് കിട്ടുമെന്നു ചോദിക്കാനാണ് ഉദ്ദേശിച്ചത്.
അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്തിയതായി തോന്നിയിരിക്കാം. അതിനാലാകും അങ്ങനെ പറഞ്ഞത്.
വിഷമം തോന്നിയില്ല. ഞാൻ ചോദിച്ചത് തെറ്റാണ്.
ആ വേദിയിൽ ചോദിക്കാൻ പാടില്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്തുന്ന രീതിയിലാണ് ചോദ്യം ഉണ്ടായതെന്ന് എനിക്ക് ബോധ്യപ്പെട്ടു.
ബസിലാണ് ഇവിടെനിന്ന് പരിപാടിക്കായി പോയത്. പ്രസംഗം കേട്ടശേഷം ബസിൽ തിരികെ വന്നു.
പൊലീസ് ഒന്നും ചോദിച്ചില്ല. ചോദ്യം ചെയ്തിട്ടില്ല.
കസേരയിൽ ഇരുന്ന് പൂർണമായി പ്രസംഗം കേട്ടശേഷമാണ് മടങ്ങിയത്. പാർട്ടിയുടെ എല്ലാ പരിപാടിയിലും പങ്കെടുക്കാറുണ്ട്.
പ്രാദേശിക നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയെ കാണാൻ ആഗ്രഹമുണ്ട്.
ഇനിയും മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കും. അദ്ദേഹം വികസനം നടപ്പിലാക്കുന്ന വ്യക്തിയാണ്’’– ദാസ് പി.ജോർജ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

