കൊരട്ടി ∙ ദേശീയപാതയിൽ ചിറങ്ങരയിലെ അടിപ്പാതയ്ക്കു മുകളിലും അനുബന്ധ റോഡിലും ടാറിങ് ജോലികൾ ആരംഭിച്ചു. അടിപ്പാതയ്ക്കു മുകളിലൂടെ മാർച്ച് 31നു മുൻപായി വാഹനങ്ങൾ കടത്തി വിടാനാകുമെന്നു ദേശീയപാത അതോറിറ്റി അധികൃതർ കലക്ടർ ശിഖ സുരേന്ദ്രനും സനീഷ്കുമാർ ജോസഫ് എംഎൽഎയ്ക്കും ഈ മാസം 9നു നടത്തിയ സന്ദർശനത്തിൽ ഉറപ്പു നൽകിയിരുന്നു.
മറ്റു തടസ്സങ്ങളില്ലെങ്കിൽ കലക്ടർക്കും ജനപ്രതിനിധികൾക്കും നൽകിയ ഉറപ്പു പാലിക്കാനാകുമെന്നു ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. 2024 സെപ്റ്റംബറിലാണു അടിപ്പാതയുടെ നിർമാണപ്രവർത്തനങ്ങൾ ചിറങ്ങരയിൽ ആരംഭിച്ചത്.
ഇരുവശത്തെയും പാർശ്വഭിത്തികൾക്കകത്തു മണ്ണിട്ടു നികത്തിയ ശേഷം മെറ്റലും മറ്റും ഇട്ടു ബലപ്പെടുത്തിയ ശേഷമാണു ടാറിങ് ജോലികൾ ആരംഭിച്ചത്.
തൃശൂരിൽ നിന്ന് എറണാകുളത്തേക്കു പോകുന്ന പാതയിലാണ് ആദ്യം ടാറിങ് ആരംഭിച്ചത്. അതിനു ശേഷം എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള പാതയിലും ടാറിങ് നടത്തും.
ക്രാഷ് ബാരിയർ സ്ഥാപിക്കൽ, മീഡിയൻ നിർമാണം, അവയുടെ പെയ്ന്റിങ്, റോഡിൽ അടയാളപ്പെടുത്തൽ, റിഫ്ലക്ടർ സ്ഥാപിക്കൽ, തെരുവു വിളക്കുകൾ സ്ഥാപിക്കൽ, സിഗ്നൽ ബോർഡുകൾ സ്ഥാപിക്കൽ എന്നിവയും നടത്തണം.
നേരത്തെ പേരാമ്പ്രയിലെ അടിപ്പാതയ്ക്കു മുകളിലും ടാറിങ് നടത്തിയിരുന്നു. ദിവസങ്ങൾക്കകം മുരിങ്ങൂരിലും ടാറിങ് ജോലികൾ പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മുരിങ്ങൂരിൽ മണ്ണു ലഭിക്കാത്ത പ്രശ്നം പരിഹരിച്ചിരുന്നു. മുരിങ്ങൂരിലും ചിറങ്ങരയിലും പേരാമ്പ്രയിലും അടിപ്പാതകൾ ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതോടെ ഈ ഭാഗത്തു ഒന്നര വർഷമായി തുടരുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമാകും.
കൊരട്ടിയിൽ മേൽപാലം നിർമാണത്തിന്റെ ഭാഗമായി തൂണുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു.
ഇരുദിശകളിലേക്കുമുള്ള രണ്ടു പാതകളിലും 4 വീതം തൂണുകളാണ് നിർമിക്കുന്നത്. ഇതിന്റെ അടിത്തറ കോൺക്രീറ്റിങ് നടത്തിയിരുന്നു.
തൂണുകളുടെ മുകളിലേക്കുള്ള ഭാഗത്തിന്റെ കോൺക്രീറ്റിങ് ജോലികൾ വൈകാതെ ആരംഭിക്കാനാണു പദ്ധതി. ഇതിന്റെ അനുബന്ധ റോഡിന്റെ പാർശ്വഭിത്തി നിർമിക്കാനായി ദേശീയപാത കുഴിച്ചതോടെ ദിവസങ്ങളായി മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ട്.
കൊരട്ടി മേൽപാലം കൂടി നിർമാണം പൂർത്തിയാക്കിയാൽ പേരാമ്പ്ര മുതൽ ചിറങ്ങര വരെ ദേശീയപാതയിൽ കുരുക്കില്ലാതെ യാത്ര ചെയ്യാനാകും. സിഗ്നൽ രഹിത പാത എന്ന പദ്ധതിയുടെ ഭാഗമായാണ് അടിപ്പാതകളും മേൽപാലവും നിർമിക്കുന്നത്.
മുരിങ്ങൂരിലെയും ചിറങ്ങരയിലെയും മേൽപാതകൾ ഗതാഗതത്തിനു തുറന്നു നൽകുകയും കൊരട്ടിയിൽ ഗതാഗതക്രമീകരണത്തിന്റെ ഭാഗമായി വാഹനങ്ങൾ കടത്തി വിടുന്ന സർവീസ് റോഡിലൂടെ ഇരുവരി ഗതാഗതം സാധ്യമാകുകയും ചെയ്താൽ ചാലക്കുടിപ്പാലം അറ്റകുറ്റപ്പണികൾക്കായി അടയ്ക്കാൻ സാധ്യതയുണ്ട്.
ഇതിന്റെ മുന്നൊരുക്കങ്ങൾ ദേശീയപാത അതോറിറ്റി ബ്രിജസ് വിഭാഗം ആരംഭിച്ചിട്ടുണ്ട്. ബെയറിങ് മാറ്റുന്ന ജോലികളാണു നടത്താനുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം ഏപ്രിൽ 10 മുതൽ പാലം അടിച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്താനാണ് അധികൃതരുടെ നീക്കം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

