കോഴിക്കോട് ∙ ഇന്നലെ പുലർച്ചെ കർണാടകയിലെ ചന്നപട്ടണ പുട്ടപ്പനദുഡിയിൽ 4 കോഴിക്കോട് സ്വദേശികളുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസ് അപകടം ഡ്രൈവർ ഉറങ്ങിപ്പോയതു മൂലമെന്ന് പൊലീസ്. ഞായറാഴ്ച രാത്രി 8ന് കോഴിക്കോട്ടു നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട
പി.കെ.ട്രാവൽസിന്റെ വോൾവോ സ്ലീപ്പർ ബസാണ് ഇന്നലെ പുലർച്ചെ നാലരയോടെ ബെംഗളൂരു–മൈസൂരു അതിവേഗ പാതയിൽ അപകടത്തിൽ പെട്ടത്.
റോഡിൽനിന്നു തെന്നിമാറിയ ബസ് റോഡരികിലെ ഇരുമ്പുവേലിയിൽ ഇടിക്കുകയായിരുന്നു. എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത് എന്നായിരുന്നു ഡ്രൈവറുടെ മൊഴി.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നു കണ്ടെത്തിയത്. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
നൂറു മീറ്ററോളം ദൂരത്തിൽ ഇരുമ്പു റെയിലിങ്ങിൽ ഉരഞ്ഞുപോയ ശേഷമാണ് ബസ് നിന്നത്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത ചന്നപട്ടണ ട്രാഫിക് പൊലീസ്, ഡ്രൈവറുടെ അറസ്റ്റും രേഖപ്പെടുത്തി.
ബസ് ക്രെയിൻ ഉപയോഗിച്ച് റോഡിൽ നിന്നു മാറ്റി. എസ്പി ആർ.ശ്രീനിവാസ ഗൗഡ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അപകടസ്ഥലം സന്ദർശിച്ചു.
ഉഗാദി, ചെറിയ പെരുന്നാൾ അവധിക്കു ശേഷം ബെംഗളൂരുവിലേക്കു പോയവരാണ് ബസിലുണ്ടായിരുന്നവരിൽ ഏറെപ്പേരും.
36 യാത്രക്കാരും ഏഴു ബസ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഒട്ടേറെ യാത്രക്കാർക്കു പരുക്കേറ്റു.
ഇവരിൽ കണ്ണൂർ സ്വദേശികളായ അബ്ദുൽ, അലൈൻ എന്നിവരെ ചന്നപ്പട്ടണ ചാമുണ്ഡേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ മരിച്ച കാപ്പാട് സ്വദേശി സക്കീർ ഹുസൈൻ, കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, വടകര അഴിയൂർ സ്വദേശികളായ എ.കെ.റഷീദ് (45), ആദിത്യ സുരേഷ് (24) എന്നിവരുടെ മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. റഷീദിന്റെ ഭാര്യ: ഷബാന, മക്കൾ: ജൂബിൽ നാസിമി, ഫാത്തിമത്തുൽ നിയ, ഹസറ, സഹോദരങ്ങൾ: റഫീഖ് ഷക്കീരി, നൗഫൽ, സീനത്ത്.
സക്കീറിന്റെ ഭാര്യ: നുബീന, മാതാവ്: ഷംസിയ, സഹോദരങ്ങൾ: സജീർ, ജസാർ. മുഹമ്മദ് ഫർഹാന്റെ മാതാവ്: സൗദ, സഹോദരി: ആയിഷ.
ആദിത്യ സുരേഷിന്റെ മാതാവ്: പ്രണിത … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

