തുറവൂർ ∙ പാചകവാതക ക്ഷാമം രൂക്ഷമായതോടെ കടലിൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളും ദുരിതത്തിലായി. പുലർച്ചെ കടലിൽ പോകുന്ന വള്ളങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതിന് പാചക വാതക സിലണ്ടർ അത്യാവശ്യമാണ്.
പാചകവാതക ക്ഷാമം മൂലം തീരദേശത്തു നിന്നും പല വള്ളങ്ങളും കടലിൽ പോകുന്നില്ല. ദിവസവും പുലർച്ചെ പണിക്കു പോകുന്ന വള്ളങ്ങൾ പണി കഴിഞ്ഞ് പലപ്പോഴും വൈകിട്ടാണ് കരയിലേക്ക് വരുന്നത്.
ഈ സമയങ്ങളിൽ പ്രഭാത ഭക്ഷണവും ഉച്ചയ്ക്കുള്ള ഭക്ഷണവും വള്ളത്തിലാണ് പാകം ചെയ്യുന്നത്. പാചക വാതക ക്ഷാമം അതിരൂക്ഷമായതിനാൽ ഏതാനും ദിവസങ്ങളായി ചെല്ലാനം ഫിഷിങ് ഹാർബർ മുതലുള്ള തീരങ്ങളിൽ നിന്നും വള്ളങ്ങൾ പലതും കടലിൽ പോകാത്ത അവസ്ഥയായി.
ഇപ്പോൾ കരിഞ്ചന്തയിൽ അമിതമായ വിലകൊടുത്താണ് പല വള്ളങ്ങളും സിലണ്ടർ വാങ്ങി കടലിൽ പോകുന്നത്.
പാചക വാതക ക്ഷാമം മൂലം ഹോട്ടലുകളും തുറക്കാത്തതുകാരണം ഭക്ഷണം വാങ്ങിക്കൊണ്ടുപോവാനും കഴിയുന്നില്ല. ആഴ്ചകളായി കടലിൽ മത്സ്യക്ഷാമമുണ്ട്.
കടലിൽ പോകുന്ന മിക്ക വള്ളങ്ങൾക്കും പണി കുറവാണ്. ഇതിനിടയിലാണ് പാചകവാതക പ്രശ്നം വന്നത്.
30 തൊഴിലാളികൾ പണിയെടുക്കുന്ന ഒരു വള്ളത്തിൽ ഒരു സിലണ്ടർ വേണം. പണി കുറവായ ഈ സാഹചര്യത്തിൽ അമിത വിലയ്ക്കു പാചക വാതക സിലണ്ടർ വാങ്ങി കടലിൽ പോകാൻ സാധിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളിയും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സുരേഷ് പള്ളിപ്പറമ്പിൽ പറഞ്ഞു.
മത്സ്യമേഖല പ്രതിസന്ധിയിലാകുന്ന ഈ സാഹചര്യത്തിൽ ഹോട്ടലുകൾക്കു നൽകുന്നതുപോലെ വള്ളങ്ങളുടെ ഉടമകൾക്കും പാചകവാതകകണക്ഷനുകൾ നൽകണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല സെക്രട്ടറി ആന്റണി കുരിശിങ്കൽ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

