കൊച്ചി ∙ തൊട്ടടുത്ത വീട്ടിൽ അഞ്ചു പേർ മരിച്ചു കിടക്കുന്ന വിവരം അയൽക്കാർ അറിഞ്ഞതു ചാനലുകളിൽ വാർത്ത വന്നപ്പോൾ. ഇടതിങ്ങി വീടുകളുള്ളതാണു വടുതല കർഷക റോഡ് ഗ്രീൻ ഗാർഡൻ റസിഡന്റ്സ് ഏരിയ.
എന്നാൽ, മരിച്ച അശ്വതിയും കുടുംബവും അയൽക്കാരോടു സംസാരിക്കുകയോ അടുപ്പം സൂക്ഷിക്കുകയോ ചെയ്തിരുന്നില്ല. കുട്ടികൾ പോലും കളിക്കാനായി പുറത്തേക്ക് ഇറങ്ങിയിരുന്നില്ല.
ഇതുകൊണ്ടു തന്നെ ഇവർ വരുന്നതും പോകുന്നതുമൊന്നും ആരും ശ്രദ്ധിച്ചിരുന്നുമില്ല.
വീട്ടുടമയുടെ ജ്യേഷ്ഠൻ വ്യാഴാഴ്ച അശ്വതിയെയും കുടുംബത്തെയും കണ്ടിരുന്നു. പിറ്റേന്നു വീട് ഒഴിയുമെന്നാണ് അശ്വതി അപ്പോൾ പറഞ്ഞത്.
തൊട്ടടുത്തുള്ള വീട്ടിൽ പെയ്ന്റിങ് ജോലികൾ നടക്കുന്നതിനാൽ അവരുടെ കാർ അശ്വതി താമസിക്കുന്ന വീട്ടിലേക്ക് അപ്പോൾ മാറ്റിയിടുകയും ചെയ്തു. അശ്വതിയും കുടുംബവും പോകുമ്പോൾ ഈ വീട്ടുകാർ ഇവിടേക്കു കുറച്ചു ദിവസത്തേക്കു താമസം മാറ്റാനും തീരുമാനിച്ചിരുന്നു.
ഇതിനു മുന്നോടിയായി വീടു വൃത്തിയാക്കുന്നതിനുള്ള ഒരുക്കങ്ങൾക്കാണ് വീട്ടുടമയുടെ ജ്യേഷ്ഠന്റെ മകൻ ഇന്നലെ സ്ഥലത്തെത്തിയത്.
വീട്ടിലെത്തി അശ്വതിയെ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഉള്ളിൽ എസി പ്രവർത്തിക്കുന്നതും ദുർഗന്ധം വമിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലം കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കലിനെ വിവരമറിയിച്ചു.
കൗൺസിലർ എത്തി മറ്റൊരു താക്കോൽ ഉപയോഗിച്ച് വീടു തുറന്നു നോക്കുമ്പോഴാണു ശ്രീകുമാരി, അശ്വതി എന്നിവരുടെ മൃതദേഹങ്ങൾ കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു.
തുടർന്നുള്ള പരിശോധനയിലാണു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടതെന്ന് ആൽബർട്ട് പറഞ്ഞു.
അശ്വതിയും അമ്മയും തൂങ്ങിമരിച്ച മുറിയിലെ ഫാനിൽ പകുതി മുറിച്ചു നീക്കിയ നിലയിൽ ഷാൾ കെട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇടതുവശത്തെ മുറിയിലെ കട്ടിലിൽ പുത്തൻ ഉടുപ്പുകൾ ധരിപ്പിച്ച്, ഫാൻസി സൺഗ്ലാസുകൾ വച്ചു കിടത്തിയിരിക്കുന്ന നിലയിലായിരുന്നു ഇളയ രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ.
മറ്റൊരു മുറിയിൽ താഴെ ബെഡ്ഷീറ്റ് വിരിച്ച്, ഷെർവാണി ധരിച്ചു കിടത്തിയ നിലയിലായിരുന്നു മൂത്ത കുട്ടിയുടെ മൃതദേഹം.
ഫെബ്രുവരിയിലാണ് അശ്വതി കുഞ്ഞുങ്ങളും അമ്മയുമായി വീടിന്റെ താഴത്തെ നില വാടകയ്ക്ക് എടുത്തത്. ഇരുനില ആഡംബര വീടിന്റെ ഉടമസ്ഥർ വിദേശത്താണ്.
അടച്ചിട്ട വീട്.
ആരും താമസിക്കാതെ നശിച്ചു പോകുമെന്ന വിഷമത്താലാണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കണ്ടുമുട്ടിയ അശ്വതിക്കും കുടുംബത്തിനും താമസിക്കാനായി വാടകയ്ക്കു നൽകിയതെന്നാണു വിവരം.
അസ്വാഭാവിക മരണത്തിനു കേസെടുത്ത നോർത്ത് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അശ്വതി, ശ്രീകുമാരി എന്നിവരുടെ മൃതദേഹങ്ങൾ എറണാകുളം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്കും കുട്ടികളുടേത് എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്കും മാറ്റി.
അശ്വതിയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ എത്തിയ ശേഷം ഇന്നു രാവിലെ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും.
സിറ്റി ഡിസിപി അശ്വതി ജിജി, സെൻട്രൽ എസിപി പ്രേമാനന്ദ കൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി നടപടികൾക്കു മേൽനോട്ടം നൽകി. ടി.ജെ.വിനോദ് എംഎൽഎയും സ്ഥലത്തെത്തി.
വീടു വാടകയ്ക്ക് എടുത്തതു ചികിത്സയ്ക്കെന്ന പേരിൽ
കൊച്ചി/ തിരുവനന്തപുരം∙ കൊച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബം രണ്ടു മാസം മുൻപു വീടു വാടകയ്ക്കെടുത്തത് ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ ചികിത്സയ്ക്കെന്നു പറഞ്ഞ്.
തിരുവനന്തപുരം ചാരുപാറ വിശ്വദീപ്തി സ്കൂളിലെ വിദ്യാർഥി ആയിരുന്നു മൂത്ത മകൻ കാർണിവൻ. കൊച്ചിയിലെത്തിയ ശേഷം സ്കൂളിൽ പോയിരുന്നില്ല.
ഭർത്താവ് അക്ഷതിന്റെ മരണത്തിന് ഒരു മാസത്തിനു ശേഷം അശ്വതി പൂവച്ചലിലെ വീട്ടിൽ നിന്നു കുട്ടികളുമായി പോയതാണെന്ന് ബന്ധുക്കൾ പറയുന്നു. അശ്വതിയെയും മക്കളെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു 3 തവണ കാട്ടാക്കട
പൊലീസിൽ പരാതി നൽകിയിരുന്നു എന്നാണ് അക്ഷതിന്റെ അമ്മ ഉഷ പറയുന്നത്.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഒരു തവണ ഉഷ ഇല്ലാതിരുന്ന സമയത്ത് അശ്വതി പൂവച്ചലിലെ വീട്ടിലെത്തി മടങ്ങിയിരുന്നു. ഉള്ളി, ഉരുളക്കിഴങ്ങ് വ്യാപാരിയായിരുന്നു അക്ഷത്.
ശ്രീകുമാരി വിളപ്പിൽശാലയിലെ വീട്ടിലായിരുന്നു താമസം. എന്നാൽ, കഴിഞ്ഞവർഷം ഫെബ്രുവരി മുതൽ ഈ വീടു വാടകയ്ക്കു കൊടുത്തിരിക്കുകയാണ്.
വീട് വാടകയ്ക്ക് എടുത്തു 2 മാസത്തിനു ശേഷം അശ്വതിയും മാതാവും വന്നിരുന്നതായും ഇടയ്ക്കു ഫോൺ വിളിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും അടുത്തകാലത്തായി നിലച്ചുവെന്നും വാടകയ്ക്കു താമസിക്കുന്നവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

