മൂവാറ്റുപുഴ ∙ ഏറ്റുമാനൂരിൽ സ്ഥാനാർഥിയാകുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി തയാറാക്കിയത് 25 ലക്ഷം രൂപയുടെ പ്രചാരണ സാമഗ്രികൾ. സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ മുൻകൂട്ടി പ്രചാരണ സാമഗ്രികൾ തയാറാക്കുകയായിരുന്നു.
എന്നാൽ, അവസാന നിമിഷം നാട്ടകം സുരേഷിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
തയാറാക്കിയ പോസ്റ്ററുകളും ബാനറുകളും ഇപ്പോൾ പ്രിന്റിങ് പ്രസിൽ കെട്ടിക്കിടക്കുകയാണ്. ഏകദേശം 3 ലക്ഷത്തോളം പോസ്റ്ററുകളാണ് അച്ചടിച്ചിരുന്നത്.
ഇതിനു പുറമേ രണ്ടായിരത്തോളം ഫ്ലക്സ് ബോർഡുകൾ, ലക്ഷക്കണക്കിന് നോട്ടിസുകൾ, പ്രത്യേകം തയാറാക്കിയ കൊടികൾ എന്നിവയുമുണ്ട്. സ്ഥാനാർഥി പട്ടികയിൽ ഒരാളുടെ പേര് മാത്രമാണുള്ളതെന്ന് നേതൃത്വം ഉറപ്പു നൽകിയതിനാലാണ് ഇത്രയും വലിയ സജ്ജീകരണങ്ങൾ നടത്തിയതെന്ന് വാഴയ്ക്കൻ പറഞ്ഞു.
അപ്രതീക്ഷിതമായി സ്ഥാനാർഥി മാറിയതോടെ പ്രിന്റിങ് സ്ഥാപനങ്ങളിലും ഗോഡൗണുകളിലുമായി കൂട്ടിയിട്ടിരിക്കുന്ന ഈ സാമഗ്രികൾ എന്ത് ചെയ്യണമെന്നറിയാതെ പ്രവർത്തകർ കുഴങ്ങുകയാണ്.
പല പോസ്റ്ററുകളിലും മണ്ഡലത്തിന്റെ പേര് സൂചിപ്പിച്ചിരുന്നില്ലെങ്കിലും സ്ഥാനാർഥിയുടെ ചിത്രവും പേരും മാറ്റാനാവില്ല. ഫ്ലെക്സ് ബോർഡുകൾ അഴിച്ചുമാറ്റി അതിന്റെ ഫ്രെയിമുകൾ മാത്രമാണ് ഇനി ഉപയോഗിക്കാൻ കഴിയുക.
‘തുടക്കം മുതല്‍ തന്റെ പേരായിരുന്നു സംസ്ഥാന നേതൃത്വം പറഞ്ഞത്.
ഇക്കാര്യം തന്നോടു സൂചിപ്പിക്കുകയും ചെയ്തു. പ്രവര്‍ത്തനം തുടങ്ങാനും പോസ്റ്റുകളും ഫ്ലക്സും പ്രിന്റ് ചെയ്യാനും പറഞ്ഞു.
അതുകൊണ്ടാണ് വന്‍ തുക ചിലവഴിച്ച് പോസ്റ്ററുകള്‍ പുറത്തിറക്കിയത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല.
എന്താണ് എന്റെ അയോഗ്യതയെന്നും അറിയില്ല. വിഷമമുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഒരക്ഷരം ഇന്നുവരെ പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. പാര്‍ട്ടി എനിക്ക് അമ്മയെപ്പോലെയാണ്’.
ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ജയത്തിനായി പ്രവര്‍ത്തിക്കുമെന്നും ജോസഫ് വാഴക്കന് മാധ്യമങ്ങളോടു പറഞ്ഞു
ജോസഫ് വാഴയ്ക്കൻ സമൂഹമാധ്യമത്തിൽ കുറിച്ചത്
വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലം വന്നിരിക്കുകയാണ്. വാർത്തകളിൽ എന്റെ പേരും നിറയുന്ന ഈ നിമിഷം ചിലത് പറയാനുണ്ട്.
ജോസഫ് വാഴയ്ക്കൻ പാർട്ടിക്കെതിരെ മത്സരിക്കാൻ പോകുന്നു എന്നാണ് വാർത്ത. കോട്ടയം ജില്ലയിലെ രാമപുരത്തെ കെ എസ് യൂ പ്രവർത്തകനായി തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം ഏതാണ്ട് അൻപത് വർഷത്തേക്ക് കടക്കുമ്പോൾ എന്റെ പേരിനൊപ്പം പറയുന്ന കോൺഗ്രസ് എന്നതാണ് എന്റെ ഐഡന്റിറ്റി.
ഒന്നുമല്ലാതിരുന്ന ഒരു കെ എസ് യൂ പ്രവർത്തകനിൽ നിന്ന് കെ എസ് യുവിന്റെ സംസ്ഥാന അധ്യക്ഷനും, യൂത്ത് കോൺഗ്രസ് നേതൃ പദവികളും, കെപിസിസിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, രാഷ്ട്രീയ കാര്യ സമിതി അംഗം തുടങ്ങി ഒട്ടേറെ പദവികൾ എനിക്ക് നൽകിയതും അതിലൂടെ എനിക്ക് മേൽവിലാസം ഉണ്ടാക്കി തന്നതും എന്റെ കോൺഗ്രസ് പാർട്ടിയാണ്.
2004 മുതൽ 2021 വരെ പാർട്ടിയുടെ വക്താക്കളിൽ ഒരാളായി എല്ലാ പ്രതിസന്ധികളിലും ദൃശ്യ പത്ര മാധ്യമങ്ങളിലും പൊതുവേദികളിലും പാർട്ടിയെ പ്രതിരോധിക്കാൻ മുന്നിൽ നിന്നൊരാളാണ് ഞാൻ.
മുൻപ് പറഞ്ഞിട്ടുള്ളത് പോലെ ഈ പാർട്ടി എനിക്ക് എന്റെ അമ്മയെ പോലെയാണ്. ജില്ലാ പഞ്ചായത്ത് മെമ്പർ സ്ഥാനം തൊട്ട് കേരളത്തിന്റെ നിയമസഭയിൽ പ്രവർത്തിക്കാൻ അവസരം തന്നതും പാർട്ടിയാണ്.
ഇന്ന് കേരളത്തിൽ കോൺഗ്രസിന്റെ മുഖമായി നിൽക്കുന്ന നേതാക്കളോടൊപ്പം ഏതാണ്ട് അഞ്ച് പതിറ്റാണ്ടായി ചോരയും നീരും പാർട്ടിക്ക് വേണ്ടി സമർപ്പിച്ച വ്യക്തിയാണ് ഞാൻ. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഏറ്റുമാനൂർ സീറ്റ് ശ്രദ്ധിക്കണം എന്ന് നേതൃത്വമാണ് എന്നോട് ആവശ്യപെട്ടത്.
ആ വാക്ക് അനുസരിച്ചു ഏറ്റുമാനൂരിൽ ആദ്യ ഘട്ടവും രണ്ടാം ഘട്ടവും കടന്ന് പ്രവർത്തനം മുന്നോട്ട് പോയിരുന്നു.
സ്ഥാനാർഥിത്വത്തിൽ ഒറ്റപേര് മാത്രമേയുള്ളു എന്ന് നേതൃത്വം അവസാന നിമിഷവും അറിയിച്ചതിനെ തുടർന്നു തെരഞ്ഞെടുപ്പ് പ്രവർത്തനം വളരെയേറെ മുന്നോട്ട് പോയിരുന്നു.
കാരണം ഇലക്ഷന് വളരെ കുറച്ചു ദിവസം മാത്രമേയുള്ളൂ എന്നത് കൊണ്ടാണ്. അവസാന നിമിഷം തീരുമാനം മാറ്റുമ്പോൾ സ്വഭാവികമായും ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് നേതൃത്വത്തോട് പ്രകടിപ്പിച്ചു എന്നത് സത്യമാണ്.
എന്നാൽ അത് പാർട്ടിയുടെ ഏതെങ്കിലും തരത്തിലുള്ള മുന്നോട്ട് പോക്കിന് തടസമോ ബുദ്ധിമുട്ടോ സൃഷ്ടിക്കുന്ന തരത്തിലുള്ള നിലപാടല്ല. പിണറായി ഭരണത്തിൽ നിന്നും കേരളത്തെ രക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തോടെയുള്ള യാത്രയിൽ നാം ഒറ്റക്കെട്ടായി നിലകൊള്ളേണ്ട
സമയമാണ്.
എന്നെ ഞാൻ ആക്കിയ പ്രസ്ഥാനത്തിന് വേണ്ടി എന്നാൽ കഴിയുന്ന രീതിയിൽ പ്രവർത്തിക്കാൻ ഇന്നലെകളിൽ എന്ന പോലെ ഇനിയും നിലകൊള്ളുക എന്നതാണ് നിലപാട്.
യുഡിഎഫ് മുന്നണിക്കായി ജനവിധി തേടുന്ന എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ നേരുന്നു. ഏറ്റുമാനൂരിൽ ജനവിധി തേടുന്ന പ്രിയപ്പെട്ട
അനിയൻ നാട്ടകം സുരേഷിന് ആശംസകൾ നേരുന്നു. ശബരിമല കൊള്ളയടക്കം തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയ മന്ത്രിയെ ഇവിടെ പരാജയപ്പെടുത്തുക എന്നത് കേരളത്തിന്റെ ആവശ്യമാണ്.
അതിനായുള്ള പോരാട്ടത്തിന് അഭിവാദ്യങ്ങൾ. ജോസഫ് വാഴയ്ക്കൻ രാഷ്ട്രീയം തുടങ്ങിയത് കോൺഗ്രസിന്റെ പതാക പിടിച്ചാണ്.
അവസാനവും കൈയിൽ ഒരു പതാക മാത്രമേ കാണു. അത് കോൺഗ്രസിന്റെ മൂവർണ്ണ കൊടി തന്നെയായിരിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

