ഇരിട്ടി ∙ കരിക്കോട്ടക്കരി വലിയപറമ്പുംകരിയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ ഡീസൽ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ സമീപത്തെ പെട്രോൾ പമ്പിൽ അധികൃതർ നടത്തിയ പരിശോധനയിൽ ഡീസൽ ടാങ്കിൽ ചോർച്ച കണ്ടെത്താൻ കഴിഞ്ഞില്ല. നേരത്തേ പുറത്ത് എടുത്തുവച്ച ടാങ്കിൽ വെള്ളം നിറച്ചു 10 കെജി പ്രഷർ നിറച്ചു ലോക്ക് ചെയ്തു 2 മണിക്കൂർ കഴിഞ്ഞു പരിശോധിച്ചപ്പോഴും പ്രഷർ കുറവില്ലെന്നു കണ്ടെത്തിയതോടെയാണു ചോർച്ച ഇല്ലെന്നുറപ്പാക്കിയത്.
പഞ്ചായത്ത് ഭരണ സമിതിയുടെയും കരിക്കോട്ടക്കരി പൊലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന.
7 മാസത്തിനിടെ 2 തവണ പ്രദേശവാസികളിൽ ആശങ്ക ഉയരുന്ന സാഹചര്യം ഉണ്ടായതിനാൽ പുതിയ ടാങ്ക് എത്തിക്കാനും സ്ഥാപിക്കുന്ന സ്ഥലം 4 ചുവരുകൾ ഉൾപ്പെടെ കോൺക്രീറ്റ് ചെയ്തു സുരക്ഷിതമാക്കാനും പമ്പ് ഉടമകളോടും എണ്ണ കമ്പനി പ്രതിനിധികളോടും അയ്യൻകുന്ന് പഞ്ചായത്ത് അധികൃതർ നിർദേശിച്ചു.
പരിശോധനയ്ക്ക് എത്തിയ ഓയിൽ കമ്പനി സീനിയർ മാനേജർ ആർ.രമേഷ് കൃഷ്ണൻ ഇതിനാവശ്യമായ റിപ്പോർട്ട് കമ്പനിക്ക് നൽകാമെന്നു അറിയിച്ചു. പഞ്ചായത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിക്ക് ഈ ആവശ്യം ഉന്നയിച്ചു കത്തും നൽകും.
കഴിഞ്ഞ മഴക്കാലത്തു സമീപത്തെ ജലസ്രോതസ്സിൽ ഡീസൽ സാന്നിധ്യം കണ്ടെത്തിയപ്പോൾ നടത്തിയ പരിശോധനയിലും ടാങ്ക് ചോർച്ച കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞദിവസവും സമീപത്തെ വീട്ടുകാരുടെ കിണറ്റിൽ ഡീസൽ സാന്നിധ്യം കണ്ടതോടെ പ്രതിഷേധം വീണ്ടും ശക്തമാകുകയായിരുന്നു.
കമ്പനിയുടെ സാങ്കേതിക പ്രതിനിധി ഇല്ലെന്നു കണ്ടെത്തി മുൻപ് 2 തവണ പരിശോധനയ്ക്ക് വന്ന സംഘങ്ങളെയും നാട്ടുകാർ മടക്കി അയച്ചിരുന്നു.
ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് മുൻഗണനയെന്ന് പഞ്ചായത്ത്
∙ പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാണു പഞ്ചായത്ത് മുൻഗണന നൽകുന്നതെന്നും അതിനാലാണു പഴയ ടാങ്ക് മാറ്റി പുതിയ ടാങ്ക് കോൺക്രീറ്റ് ചെയ്ത സ്ഥലത്ത് സ്ഥാപിക്കാൻ നിർദേശിച്ചിട്ടുള്ളതെന്നും അതിനുശേഷം മാത്രമേ ഡീസൽ വിൽപന പാടുള്ളൂവെന്നു നിർദേശിച്ചിരിക്കുന്നതെന്നും പ്രസിഡന്റ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ.സി.ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ്.എം.കണ്ടത്തിൽ, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ മേഴ്സി മരിയ, അംഗങ്ങളായ ഷമീന, ടോമി സൈമൺ, ഷിബോ അഗസ്റ്റിൻ, ലൈലാമ്മ മാത്യു എന്നിവർ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

