ബത്തേരി∙ പാചകവാതക ക്ഷാമം രൂക്ഷമായതോടെ വിറകിനു തീവില. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകൾക്ക് ചില ഏജൻസികൾ ഈടാക്കുന്നത് ഇരട്ടി വിലയാണ്.
ജില്ലയിലെ പകുതിയോളം ഹോട്ടലുകളും താൽക്കാലികമായി പൂട്ടിയ അവസ്ഥയാണ്. വിപണിയിൽ വിറകിന് ഡിമാൻഡ് കൂടിയതോടെ 2000 മുതൽ 2200 വരെ വിലയുണ്ടായിരുന്നിടത്ത് അട്ടി ഒന്നിന് 3500 രൂപ വരെ വില വർധിച്ചതായാണ് വിവരം.
വിറകു പൊളിച്ചതിനാകട്ടെ 3550 ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 4500 മുതൽ 5000 വരെ ഈടാക്കുന്നുണ്ട്.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ (17 കിലോ) 1760 രൂപ വിലയുണ്ടായിരുന്നതിന് ഇപ്പോൾ ചില ഏജൻസികൾ 3500 രൂപയാണ് ചോദിക്കുന്നതെന്ന് ഹോട്ടലുടമകൾ പറയുന്നു. 10 പാചകവാതക സിലിണ്ടറുകൾ വേണമെങ്കിൽ 35000 രൂപ അഡ്വാൻസ് ആയി നൽകണം.
10 ദിവസത്തിനുള്ളിൽ മാത്രമേ ഡെലിവറി ഉണ്ടാവുകയുമുള്ളൂ.
വിറകിനായി ചെറിയ മരങ്ങളും പാഴ്മരങ്ങളും മുറിക്കുന്നതും വ്യാപകമായിട്ടുണ്ട്. പ്ലൈവുഡ് ഫാക്ടറികളിലേക്കും മറ്റും പോകുന്ന ഉരുളൻ കട്ട് പീസുകളും വിറകിനായി ഇപ്പോൾ തരം മാറ്റുന്നുണ്ടെന്നാണ് വിവരം.
വിറകു കീറുന്ന യന്ത്രങ്ങളുമായെത്തുന്ന വണ്ടിക്കാർക്കും ഡിമാൻഡ് കുത്തനെ കൂടി. വിറകുപൊളിക്കലിനു കൂലിയും മണിക്കൂർ നിരക്കിൽ കൂടിയിട്ടുണ്ട്.
എന്നാൽ പരമ്പരാഗതമായി വിറകു വിൽക്കുന്ന വ്യാപാരികൾ പാചകവാതക ക്ഷാമത്തിന്റെ പേരിൽ വിറകിന് ഒരു രൂപ പോലും കൂട്ടിയിട്ടില്ലെന്ന് അമ്പലവയലിലെ വ്യാപാരി ചന്ദ്രൻ പറഞ്ഞു.
വിറക് അട്ടിക്ക് 2000 രൂപ തന്നെയാണ് വിലയെന്നും വണ്ടിയിൽ എത്തിച്ച് ഇറക്കി നൽകുന്നതിന് 2600 മുതൽ 2800 വരെ മാത്രമാണ് ഈടാക്കുന്നതെന്നും പൊളിച്ച വിറക് 3200 രൂപയ്ക്കാണ് വിൽക്കുന്നതെന്നും ചന്ദ്രൻ പറഞ്ഞു. പാചകവാതക ക്ഷാമം രൂക്ഷമായപ്പോൾ രംഗത്തിറങ്ങുന്ന ചിലരാകാം വിറകിന് വില കൂട്ടുന്നതെന്നും പഴയ വ്യാപാരികൾ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

