മംഗൽപാടി ∙ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ കുക്കാർ സുവർണഗിരിപ്പുഴ നാശത്തിന്റെ വക്കിൽ. കയ്യേറ്റങ്ങളും മാലിന്യവും പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നത് കർഷകർക്ക് ആധികൂട്ടുകയാണ്.
പുഴ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തുണ്ട്.
പശ്ചിമഘട്ട മലനിരകളിൽനിന്ന്, ഉയർന്ന പ്രദേശമായ ധർമത്തഡ്കയിലെ പൊസഡി ഗുംപെയിൽനിന്നു നീരുറവകൾ ചേർന്ന് ഒഴുകുന്ന പുഴ ഒരുകാലത്ത് സമൃദ്ധമായി ഒഴുകിയിരുന്നു.
ഇന്ന് പലയിടങ്ങളിലും തോടുപോലെ മെലിഞ്ഞിരിക്കുകയാണ്.
പുഴയോരങ്ങൾ കയ്യേറി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതും കൃഷിഭൂമിയാക്കി മാറ്റുന്നതും പുഴയുടെ വീതികുറയാൻ കാരണമായി. വേനൽ കടുക്കുന്നതോടെ പുഴ വറ്റിവരളുന്നത് പ്രദേശത്തെ കിണറുകളിലെ ജലനിരപ്പിനെയും ബാധിക്കുന്നുണ്ട്.
പുഴയിലേക്ക് മാലിന്യങ്ങളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും തള്ളുന്നത് പതിവാണ്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പുഴയിൽ പഴയ കോൺക്രീറ്റ് തൂണുകൾ ഉൾപ്പെടെ തള്ളി.
പുഴയുടെ അതിരുകൾ കൃത്യമായി സർവേ നടത്തി തിട്ടപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.
കൂടാതെ പുഴയുടെ ആഴംകൂട്ടി ഒഴുക്ക് സുഗമമാക്കുകയും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം.
പൊസടിഗുംപെയിൽനിന്ന് ഉദ്ഭവിക്കുന്ന പുഴ ഒട്ടേറെ പ്രദേശങ്ങളിലെ കൃഷികൾക്കും, കടുത്ത വേനലിൽ കിണറുകളിൽ ജലലഭ്യതയ്ക്കും സഹായകമായിരുന്നു. മള്ളങ്കയ് പ്രേദേശത്ത് വർഷത്തിൽ മൂന്ന് തവണ നെൽക്കൃഷി വിളവെടുപ്പ് നടത്തിയിരുന്ന കാലത്തിലേക്ക് തിരികെയെത്തണം.
അബ്ദുൽ കരീം പൂന, ചെയർമാൻ.
മംഗൽപാടി ജനകീയ വേദി
ചെറുഗോളി, പെരിങ്കടി എന്നിവിടങ്ങളിലെ കൃഷികൾക്ക് വെള്ളം നനയ്ക്കുവാൻ പണ്ടുമുതലെ ഉപയോഗിച്ചിരുന്ന സുവർണഗിരിപ്പുഴയെ ഭിത്തികെട്ടി സംരക്ഷിക്കാത്ത പക്ഷം പുഴ പതിയെ അപ്രത്യക്ഷമാകും. വശങ്ങളിൽ മുളകളും കൈതയും വച്ചുപിടിപ്പിക്കണം.
എം.എ.മുഹമ്മദ് അഷ്റഫ്, പരിസ്ഥിതി പ്രവർത്തകൻ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

