മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവള റൺവേ വികസനത്തിനായി സ്ഥലം വിട്ടുനൽകിയ ഭൂവുടമകൾക്ക് 10 ലക്ഷം രൂപയുടെ പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിച്ചതായി കെ.കെ.ശൈലജ എംഎൽഎ അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
വിമാനത്താവളത്തിന്റെ റൺവേ 4000 മീറ്ററായി വികസിപ്പിക്കുന്നതിന് കീഴല്ലൂർ വില്ലേജിലെ കാനാട്, കീഴല്ലൂർ പ്രദേശങ്ങളിലായി 245.32 ഏക്കർ ഭൂമിയേറ്റെടുക്കുന്നതിനുള്ള നടപടികൾ 2017 ലാണ് ആരംഭിച്ചത്.
2018 ൽ വിജ്ഞാപനം വന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ 42 വീടുകൾ ഉൾപ്പെടെ 25 ഏക്കർ കൂടി ഏറ്റെടുക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചു.
കുടിയൊഴിപ്പിക്കപ്പെടുന്ന 210 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് കീഴല്ലൂർ, കൂടാളി വില്ലേജുകളിലായി 36.18 ഏക്കർ ഭൂമിയും ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും 2018 ൽ ആരംഭിച്ച നടപടികൾ ഇപ്പോഴും പൂർത്തീകരിക്കാതെ നിൽക്കുകയാണ്.
മൂല്യനിർണയം അവസാനഘട്ടത്തിലാണെങ്കിലും ഏഴു വർഷത്തിലേറെയായി സ്വന്തം ഭൂമിയിൽ വാടകക്കാരെ പോലെ കഴിയേണ്ട അവസ്ഥയാണ്.
വീടുകൾക്ക് അറ്റകുറ്റപ്പണി നടത്താനോ മക്കളുടെ വിവാഹം ഉൾപ്പെടെയുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് സ്വന്തം ഭൂമി പണയപ്പെടുത്തി തുക കണ്ടെത്താനോ കഴിയാത്ത അവസ്ഥയിലാണ്. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ വീടുകൾ പലതും കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലാണ്.
ജനങ്ങൾക്ക് സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഭൂമി പണയം വയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. ഭൂമിയുടെ മൂല്യനിർണയം അടക്കം പൂർത്തീകരിച്ച് കാലങ്ങൾ ആയിട്ടും തുക വിതരണം ചെയ്തു പുനരധിവസിപ്പിക്കാൻ സാധിക്കാത്തത് ജനങ്ങളിൽ വലിയ പ്രയാസം ഉണ്ടാക്കിയിട്ടുണ്ട്.
19(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് ഗുണഭോക്താക്കൾക്ക് അടിയന്തരമായി തുക വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും 2008 ലെ പ്രത്യേക പാക്കേജ് തന്നെ ഇപ്പോൾ സ്ഥലം ഏറ്റെടുക്കുന്നവർക്കും നൽകണമെന്നും ആവശ്യപ്പെട്ട് എംഎൽഎ ബഹുമാനപ്പെട്ട
മുഖ്യമന്ത്രിയെ കാണുകയും കത്ത് നൽകുകയും ചെയ്തിരുന്നു. കെ.കെ.ശൈലജ എംഎൽഎ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

