പനമരം ∙ വിലത്തകർച്ചയ്ക്ക് പിന്നാലെ വേനൽ ചൂടിൽ വ്യാപകമായി ഒടിഞ്ഞു വീഴുന്ന നേന്ത്രക്കായകൾ തിന്നുതീർക്കാൻ മയിലും മറ്റു പക്ഷികളും കുരങ്ങും കാട്ടുപന്നികളും മത്സരിക്കുന്നു. വേനൽച്ചൂട് ഏറിയതോടെ വൻതോതിലാണ് മൂപ്പെത്താത്ത വാഴക്കുലകൾ അടക്കം ഒടിഞ്ഞു വീണു നശിക്കുന്നത്.
ഒടിഞ്ഞു വീണു നശിക്കുന്നതിൽ ഏറെയും കരവാഴ കൃഷിയാണ്. ഉണക്കുബാധിച്ച ചില വാഴകളുടെ കുലകൾ കൊഴിഞ്ഞു നിലത്തുവീഴുന്ന അവസ്ഥയുമുണ്ട്.
മയിലും മറ്റും തിന്നു തീർക്കുന്നതിൽ അധികവും ഇത്തരത്തിൽ ഒടിഞ്ഞു വീഴുന്ന കരവാഴക്കുലകളാണ്. വാഴക്കുലകൾ ഒടിഞ്ഞു വീഴുന്നതിനു പുറമേ പക്ഷികളും മറ്റു വന്യമൃഗങ്ങളും വ്യാപകമായി കായ്കൾ തിന്നുതീർക്കുന്നത് കർഷകന് ഇരട്ടി പ്രഹരമാകുന്നു.
രാവിലത്തെ കടുത്ത മഞ്ഞിന് ശേഷമുള്ള കനത്ത വേനൽച്ചൂടിൽ ജില്ലയിൽ പലയിടങ്ങളിലും വ്യാപകമായി വാഴകൾ കരിഞ്ഞുണങ്ങി നിലംപൊത്തി തുടങ്ങിയതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്.
മൂപ്പെത്തിയ വാഴക്കായ്ക്ക് പോലും ന്യായമായ വിലയില്ലാത്ത അവസ്ഥയിൽ മൂപ്പെത്താതെ നിലംപതിക്കുന്ന വാഴക്കുലകൾ ചില കർഷകർ വളർത്തുമൃഗങ്ങൾക്ക് വെട്ടിയിട്ട് കൊടുക്കുമ്പോൾ മറ്റു ചിലർ കൃഷി പൂർണമായും ഉപേക്ഷിച്ച അവസ്ഥയാണ്. ഇത്തരത്തിൽ ഉപേക്ഷിച്ച വാഴക്കുലകൾ വാടി പഴുത്ത് തോട്ടത്തിൽക്കിടന്ന് നശിക്കുന്ന അവസ്ഥയുമുണ്ട്.
വിലയിടിവിന് പുറമേ വാഴകൾ മൂപ്പെത്താതെ ഒടിഞ്ഞു വീഴുന്നതിനാൽ കൃഷി നടത്താൻ ചെലവായതിന്റെ 5 % തുക പോലും തിരികെ കിട്ടാത്ത അവസ്ഥയാണ്. ഇതോടെ പല വാഴക്കർഷകരും വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്.
ആഴ്ച അടവിന് പണം പലിശയ്ക്ക് എടുത്ത കർഷകരാണ് വാഴക്കൃഷി നശിച്ചതോടെ കൂടുതൽ ദുരിതത്തിലായത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പനമരം, പൂതാടി, കണിയാമ്പറ്റ പഞ്ചായത്തുകളിലായി വേനൽച്ചൂടിൽ നിലംപൊത്തിയത് ആയിരക്കണക്കിനു വാഴകളാണ്. കുലച്ചു തുടങ്ങുന്ന നേന്ത്രവാഴകളടക്കം ചുടു താങ്ങാനാകാതെ നിലംപൊത്തുന്നത് കണ്ടു നിൽക്കാനേ കർഷകർക്കാകുന്നുള്ളു.
വാഴകൾ ഒടിഞ്ഞു വീഴാതെ സംരക്ഷിക്കാൻ കർഷകർ പെടാപ്പാടു പെടുന്നുണ്ടെങ്കിലും രക്ഷയില്ലാത്ത അവസ്ഥയാണ്. കനത്ത വേനലിൽ വാഴക്കൃഷി നശിക്കുന്ന കർഷകരെ സഹായിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

