തിരുവനന്തപുരം ∙ കവടിയാർ കൊട്ടാരത്തിലെ ആഭരണ മോഷണം അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. നിലവിൽ അന്വേഷണം പേരൂർക്കട
പൊലീസിനാണ്. അന്വേഷണത്തിന്റെ പ്രാഥമികഘട്ടം പൂർത്തിയാക്കിയതിന് ശേഷം വിവരങ്ങൾ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും.
2 കോടി രൂപയോളം വിലയുള്ള പുരാതനമായ സ്വർണാഭരണങ്ങൾ ഉൾപ്പെടെ കളവുപോയതിനാലാണു കേസ് പ്രത്യേക അന്വേഷണസംഘത്തിനു കൈമാറാൻ തീരുമാനിച്ചത്. ആദ്യഘട്ട
മൊഴിയെടുക്കലും വിവരശേഖരണവും വിരലടയാള പരിശോധനയും സിസിടിവി പരിശോധനയും പൂർത്തിയാക്കിയ ശേഷം കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തും. അതിനു ശേഷമാകും പ്രത്യേക അന്വേഷണസംഘമെത്തുക.
കവടിയാർ കൊട്ടാരം പോലെ അതീവ സുരക്ഷയുള്ള ഇടത്തു നടന്ന മോഷണത്തെ അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
മോഷണം നടന്ന് മാസങ്ങൾക്കു ശേഷമാണ് അന്വേഷണം ആരംഭിക്കുന്നത് എന്നതും പൊലീസിന് വെല്ലുവിളിയാണ്. തെളിവുശേഖരണം ബുദ്ധിമുട്ടേറിയതായി മാറും.
അസിസ്റ്റന്റ് കമ്മിഷണർക്കായിരിക്കും പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതല. ഈ ആഴ്ചയോടെ തന്നെ അന്വേഷണം പ്രത്യേകസംഘത്തിന് കൈമാറാനാണ് സാധ്യത.
അന്വേഷണം നിലവിൽ പ്രാഥമിക ഘട്ടത്തിലാണെന്നു കമ്മിഷണർ കെ.കാർത്തിക് പറഞ്ഞു.
സന്ദർശകരുടെ ഉൾപ്പെടെ വിവരം ശേഖരിക്കും
തിരുവനന്തപുരം ∙ നൂറിലേറെ മുറികളുള്ള അതിവിശാലമായ കവടിയാർ കൊട്ടാരത്തിൽ 4 രാജകുടുംബങ്ങളാണു താമസം. നാൽപതിലേറെ ജീവനക്കാരുമുണ്ട്.
ഇവർക്കൊപ്പം രാജ കുടുംബാംഗങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ഒട്ടേറെപ്പേരാണ് കൊട്ടാരത്തിൽ വന്നുപോകുന്നത്. മോഷണം നടന്നത് കഴിഞ്ഞ ഒക്ടോബർ– നവംബർ മാസങ്ങൾക്കിടയിലാണെന്നാണ് പൊലീസ് എഫ്ഐആർ.
അന്വേഷണത്തിന്റെ ഭാഗമായി ഈ കാലയളവിൽ കൊട്ടാരത്തിൽ എത്തിയ മുഴുവൻ പേരുടെയും വിവരങ്ങൾ പൊലീസ് ശേഖരിക്കും. ജീവനക്കാർ, അന്തേവാസികൾ എന്നിവരിൽനിന്നും വിവരങ്ങളെടുക്കും.
ഇതിനിടെ കൊട്ടാരത്തിൽ വന്നു പോയവരെ കണ്ടെത്തി ചോദ്യം ചെയ്യുകയും വേണം.
സന്ദർശകരിൽ വിദേശത്തുനിന്ന് എത്തിയവരുണ്ടെങ്കിൽ അവരെയും ബന്ധപ്പെടും. പ്രാഥമികഘട്ട
ചോദ്യംചെയ്യലും വിവരശേഖരണവും പൂർത്തിയായാൽ അടുത്തഘട്ടത്തിൽ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറാകും. ഈ പട്ടികയിൽ ഉൾപ്പെട്ടവരിൽനിന്നു കൂടുതൽ വ്യക്തത തേടും.
ആവശ്യമെങ്കിൽ വിദേശത്ത് ഉള്ളവരെ വിളിച്ചു വരുത്തും. കൊട്ടാരവാസികളെയും ജീവനക്കാരെയും വന്നു പോയവരെയും കണ്ടെത്തി വിവരം ശേഖരിക്കാൻ ആഴ്ചകൾ വേണ്ടി വരുമെന്നാണു പൊലീസ് പറയുന്നത്.
അതീവ സുരക്ഷയുള്ള കൊട്ടാരത്തിൽനിന്ന് കണ്ണുവെട്ടിച്ച് ആർക്കും കയറാനോ ഇറങ്ങാനോ സാധ്യമല്ലെന്നാണു പൊലീസ് നിഗമനം.
ജീവനക്കാരെ അനാവശ്യമായി തടഞ്ഞുവയ്ക്കരുതെന്നു രാജകുടുംബാംഗങ്ങൾ
തിരുവനന്തപുരം ∙ ചോദ്യം ചെയ്യലിന്റെ പേരിൽ ജീവനക്കാരെ അനാവശ്യമായി തടഞ്ഞുവയ്ക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് രാജകുടുംബാംഗങ്ങൾ പൊലീസിനോട് അഭ്യർഥിച്ചു. താമസക്കാരും സന്ദർശകരും ഉൾപ്പെടെ കൊട്ടാരവുമായി ബന്ധമുള്ള എല്ലാവരെയും വിശദമായി ചോദ്യംചെയ്യണമെന്ന നിലപാടിലാണ് പൊലീസ്.
കൊട്ടാരത്തിന്റെ രണ്ടാം നിലയിലുള്ള കിടപ്പുമുറയിൽ പ്രവേശിച്ച് ഇരുമ്പ് അലമാരയിലെ ലോക്കറിൽനിന്ന് ആഭരണങ്ങൾ മോഷ്ടിക്കണമെങ്കിൽ അത് കൊട്ടാരത്തെക്കുറിച്ചു വ്യക്തമായ ധാരണയുള്ളവർ തന്നെയാകുമെന്നാണു കരുതുന്നത്. ഇതിൽ വ്യക്തത വരുത്താനായി ജീവനക്കാരെ ചോദ്യം ചെയ്യേണ്ടിവരും.
ഇതിനു പുറമേ ഈ കാലയളവിൽ കൊട്ടാരത്തിലെത്തിയ സന്ദർശകരെയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. യൂ–ട്യൂബർമാരടക്കം ഇക്കാലത്ത് കൊട്ടാരത്തിൽ ഷൂട്ടിങ്ങിനും മറ്റുമായി എത്തിയിരുന്നു.
കൊട്ടാരത്തിന്റെ പ്രത്യേകതകൾ പരിചയപ്പെടുത്തുന്ന പല പരിപാടികളും ഇവിടെ ചിത്രീകരിച്ചിരുന്നു.
നഷ്ടമായത് പൗരാണിക മൂല്യമുള്ള ആഭരണങ്ങൾ
തിരുവനന്തപുരം ∙ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുടെ കവടിയാർ കൊട്ടാരത്തിൽനിന്നു 2 കോടിയോളം രൂപയുടെ ആഭരണങ്ങൾ മോഷണം പോയി. രത്നവും വജ്രവും സ്വർണവുമുൾപ്പെടെ പൗരാണിക മൂല്യമുള്ള ആഭരണങ്ങളാണു നഷ്ടപ്പെട്ടത്.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയുടെ കിടപ്പുമുറിയിലെ അലമാരയിൽ ലോക്കറിലാണ് ഇവ സൂക്ഷിച്ചിരുന്നത്. സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയിൽ പേരൂർക്കട
പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.
ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ഗൗരി ലക്ഷ്മിബായിക്ക് സമ്മാനമായി നൽകിയ ആഭരണങ്ങളും മൂല്യം കണക്കാക്കാനാകാത്തത്ര അതിപുരാതന ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടവയിലുണ്ട്.
2025 ഒക്ടോബർ–നവംബർ കാലത്ത് മോഷണം നടന്നെന്നാണ് എഫ്ഐആർ. ഈമാസം 13നാണ് ഗൗരി ലക്ഷ്മിബായി രേഖാമൂലം പരാതി നൽകിയത്.
നവംബറിൽ ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കു മുൻപ് അലമാര തുറന്നപ്പോഴാണ് ആഭരണങ്ങളില്ലെന്നു കണ്ടത്. ഇതിനു 10 ദിവസം മുൻപ് അലമാര തുറന്നപ്പോൾ ആഭരണങ്ങളുണ്ടായിരുന്നു.
രാജകുടുംബം തന്നെ ആഭ്യന്തര അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിവരം ജനുവരിയിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.
പരാതിയില്ലാതെ അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ കേസെടുത്തേ അന്വേഷണം നടത്താനാകൂവെന്നു കമ്മിഷണർ അറിയിച്ചു.
തുടർന്നാണ് ഇപ്പോൾ രേഖാമൂലം പരാതി നൽകിയത്.
സുരക്ഷാ ഉദ്യോഗസ്ഥരും സിസിടിവി സംവിധാനവുമുള്ള കൊട്ടാരത്തിൽ നൂറോളം മുറികളുണ്ട്. രണ്ടാംനിലയിലെ മുറിയിൽനിന്നാണ് ആഭരണങ്ങൾ കാണാതായത്.
പുറത്തുനിന്നൊരാൾ സുരക്ഷാവലയം ഭേദിച്ച് അകത്തു കടക്കുക അസാധ്യമാണെന്നു പൊലീസ് കരുതുന്നു. കിടപ്പുമുറിയെക്കുറിച്ചും അലമാരയെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാകാമെന്നാണു പ്രാഥമിക നിഗമനം.
സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. സൈബർ സെല്ലും വിരലടയാള വിദഗ്ധരും കൊട്ടാരത്തിൽ വിശദ പരിശോധന തുടങ്ങി.
സന്ദർശകരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. നാൽപതോളം ജീവനക്കാർ കൊട്ടാരത്തിലുണ്ട്.
സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി പറഞ്ഞു.
മോഷണം പോയ ആഭരണങ്ങൾ
∙ ഓറഞ്ചു നിറത്തിലുള്ള പവിഴവും സ്വർണമുത്തും ഇടകലർന്ന അരപ്പവൻ മാല
∙ പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള 3 പവൻ പാദസരം
∙ കറുപ്പ്, സ്വർണ മുത്തുകൾ ഇടകലർന്ന 2 പവൻ പാദസരം
∙ 3 പവനുള്ള വീതി കുറഞ്ഞ പിരിവള
∙ കുഞ്ച ചുവപ്പുകല്ല് പതിപ്പിച്ച 2 വലിയ സ്വർണക്കമ്മലും തൂക്കും (വില നിശ്ചയിച്ചിട്ടില്ല)
∙ വീതിയുള്ള ഇല ഡിസൈനോടു കൂടിയ 4 പവൻ വരുന്ന 2 വളകൾ
∙ രണ്ടരപ്പവൻ സ്വർണത്തിൽ പച്ച ഇനാമൽ 2 ഇലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ പിരിമാലയും
∙ 5 പവനുള്ള കുഴിമിന്നുമാല
∙ 8 ലക്ഷം രൂപ വരുന്ന പച്ചക്കല്ലു പതിച്ച നാഗപട കമ്മലും മാലയും പതക്കവും
∙ 2 പവൻ വരുന്ന കമ്മലും ഇല ഡിസൈനോടു കൂടിയ മാട്ടിയും
∙ റൂബി കല്ലുകളും ഡയമണ്ടും പതിച്ച വീതിയുള്ള 2 ഒഴുക്കൻ വള, 6 പവൻ തൂക്കം
∙ നേർത്ത ചെയിനിൽ ശ്രീപത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപ്പതക്കവും മാലയും.
ഒരു പവൻ ∙ ഒരു പവൻ തൂക്കം വരുന്ന 5 കുതിരപ്പവൻ നാണയങ്ങൾ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

