കോഴിക്കോട് ∙ പാചകവാതകം കിട്ടുമോ എന്ന് നാടു മുഴുവൻ ആശങ്കപ്പെടുമ്പോഴും ബാലുശ്ശേരി മേഖലകളിലെ ഏഴായിരത്തോളം വീടുകളിൽ ഒരാശങ്കയുമില്ല. അവിടെ സിലിണ്ടറുകൾക്ക് കാത്തിരിക്കേണ്ട
സ്ഥിതിയില്ല. സിറ്റി ഗ്യാസ് പദ്ധതി വഴി പൈപ്പുകളിലൂടെയാണ് അടുക്കളയിൽ പാചകവാതകം എത്തുന്നത്.
ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കമ്പനിയുടെ സിറ്റി ഗ്യാസ് പദ്ധതി 2023ൽ ആണ് ജില്ലയിൽ തുടങ്ങിയത്. പൈപ്പ് ലൈൻ വഴി വീടുകളിലും സ്ഥാപനങ്ങളിലും പ്രകൃതിവാതകം നേരിട്ട് എത്തിക്കുന്ന പദ്ധതിയാണിത്.
ജില്ലയിൽ ഉണ്ണികുളം പഞ്ചായത്തിലാണ് ആദ്യം കണക്ഷൻ നൽകിയത്. ഇപ്പോൾ ഉണ്ണികുളം, പനങ്ങാട്, നന്മണ്ട, ബാലുശ്ശേരി, കിഴക്കോത്ത് പഞ്ചായത്തുകളിൽ പാചകവാതകം പൈപ്പ് ലൈൻ വഴി വീടുകളിൽ എത്തുന്നുണ്ട്.
നിലവിൽ പതിനായിരത്തോളം വീടുകളിൽ പൈപ്പ് ലൈനിലൂടെ ഗ്യാസ് എത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുപ്രകാരം ഗാർഹിക ഉപഭോക്താക്കളുടെ എണ്ണം 7000 ആണ്.
50 സ്ഥാപനങ്ങളിലും പൈപ്പ് ലൈനിലൂടെ പാചകവാതകം എത്തുന്നുണ്ട്. 1300 വീടുകളിൽ പുതുതായി കണക്ഷൻ നൽകുന്ന ജോലികൾ പുരോഗമിക്കുന്നു.
7118 രൂപയാണ് ഡിപ്പോസിറ്റ്. പിന്നീട് ഉപയോഗത്തിന് അനുസരിച്ച് ബില്ലു നൽകും.
അതേസമയം, പലയിടത്തും പൈപ്പ് ലൈനിനെക്കുറിച്ചുള്ള ആശങ്ക മൂലം കണക്ഷൻ എടുത്തിട്ടില്ല. നിലവിൽ 900 രൂപയോളം ചെലവിൽ ഗ്യാസ് സിലിണ്ടർ കിട്ടുന്നുണ്ട്.
ശരാശരി വീടുകളിൽ ഒരു സിലിണ്ടർ ഒന്നര മാസത്തേക്ക് ഉപയോഗിക്കാം. എന്നാൽ, 1200 രൂപയുടെ ബില്ലാണ് സിറ്റി ഗ്യാസ് പദ്ധതിയിൽ ലഭിക്കുന്നതെന്നാണ് കാരണം പറയുന്നത്.
സിറ്റി ഗ്യാസ് പദ്ധതിയെ യുദ്ധ ആശങ്കകൾ ബാധിച്ചിട്ടില്ല.
ഖത്തറിൽ നിന്നാണു പദ്ധതിക്കാവശ്യമായ ഗ്യാസ് കപ്പലിൽ കൊച്ചി എൽഎൻജി ടെർമിനലിൽ എത്തിക്കുന്നത്. കൊച്ചി – മംഗളൂരു ഗെയിൽ പൈപ്പ് ലൈനിൽ നിന്നാണ് അദാനി ഗ്യാസിനു വേണ്ടി പ്രകൃതിവാതകം ലഭിക്കുന്നത്.
ഇതുവരെ തടസ്സം ഉണ്ടായിട്ടില്ല.
കോർപറേഷൻ പരിധിയിൽ പൈപ്പ് ലൈൻ പ്രവൃത്തികൾ പൂർത്തിയായി വരികയാണ്. 100 കിലോമീറ്റർ പൈപ്പുകൾ ഇട്ടതായാണ് കണക്കുകൾ.
6 മാസത്തിനുള്ളിൽ പ്രകൃതി വാതക വിതരണം ചെയ്യാനാകുമെന്നാണ് സിറ്റി ഗ്യാസ് കമ്പനി അധികൃതരുടെ പ്രതീക്ഷ. ഇതിനു പുറമേ ഇരുപതോളം സിഎൻജി പമ്പുകളുമുണ്ട്.
ഇവിടെയും നിലവിൽ യുദ്ധവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

