കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിൽ കൽപറ്റ ഗവ.എൽപി സ്കൂൾ വിദ്യാർഥികൾ സന്ദർശനം നടത്തി. നിലവിൽ സ്കൂൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 21 സെന്റിൽ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്ന സാഹചര്യത്തിൽ, ടൗൺഷിപ്പിൽ പുതിയ സ്കൂളിനായി ഭൂമി അനുവദിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് നന്ദി പറഞ്ഞ് കുട്ടികൾ കത്തെഴുതുകയും മുഖ്യമന്ത്രി കുട്ടികൾക്ക് കത്തിലൂടെ മറുപടി നൽകുകയും ചെയ്ത സന്തോഷത്തിലാണു കുട്ടികൾ ടൗൺഷിപ്പിലെത്തിയത്. പ്രധാനാധ്യാപിക സി.ബിന്ദു, പിടിഎ പ്രസിഡന്റ് മെഹബൂബ്, മുസ്തഫ, അധ്യാപകരായ നസീമ, ഷരീഫ, മഞ്ജുഷ, നിമ്മി എന്നിവരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ഒന്നിന് നടന്ന ടൗൺഷിപ് ആദ്യഘട്ട
ഉദ്ഘാടന ചടങ്ങിനിടെയാണു സ്കൂളിന് സ്ഥലം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
ടൗൺഷിപ്പിലേക്കു സ്കൂൾ മാറുന്നതിന്റെ സന്തോഷത്തിൽ പിറ്റേദിവസം വിദ്യാർഥികൾ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. 50 വിദ്യാർഥികളാണ് കത്തെഴുതിയത്.
ഇതിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികൾക്ക് ഇങ്ങനെ മറുപടി കത്തയച്ചു–‘കൽപറ്റ ഗവ. എൽപി സ്കൂൾ പുതിയ ടൗൺഷിപ്പിലേക്ക് മാറ്റാനുള്ള സർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് അയച്ച കത്ത് കിട്ടി.
വലിയ താൽപര്യത്തോടെയാണ് ഞാനത് വായിച്ചത്. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ജനങ്ങൾ നേരിട്ട
വലിയ പ്രയാസങ്ങൾ നമുക്കറിയാം. ദുരന്തം തകർത്തെറിഞ്ഞ ജീവിതങ്ങളെയും സ്വപ്നങ്ങളെയും തിരിച്ചുപിടിക്കാനുള്ള വലിയൊരു ശ്രമത്തിലാണ് നാമെല്ലാവരും.
അതിന്റെ ഭാഗമായാണ് അവിടെ പുതിയൊരു ടൗൺഷിപ് സർക്കാർ ഒരുക്കിയത്.
ഈ ടൗൺഷിപ് നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ അടയാളമാണ്. മനോഹരമായ ഒരു അന്തരീക്ഷത്തിൽ പഠിക്കാനും കളിക്കാനും പുതിയ സ്കൂളിൽ സാധിക്കും.
സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങളെ ശ്രദ്ധിക്കുന്നതും കത്തെഴുതുന്നതും വലിയ സന്തോഷമുള്ള കാര്യമാണ്. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് പ്രതിസന്ധികളെ മറികടന്ന് മുന്നോട്ടുപോകാൻ സർക്കാരിന് കരുത്ത് നൽകുന്നത്’. കത്തിനു മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് വിദ്യാർഥികളും അധ്യാപകരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

