കേണിച്ചിറ∙ വാകേരി മൂടക്കൊല്ലിയിൽ കാട്ടാനയുടെ വിളയാട്ടം തുടരുന്നു. പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ കൊണ്ട് കർഷകരടക്കമുള്ളവർ പൊറുതിമുട്ടുകയാണ്.
ചൊവ്വ രാത്രി വാകേരി മൂടക്കൊല്ലിയിൽ ഇറങ്ങിയ ഒറ്റയാൻ ഇന്നലെ രാവിലെ 7 മണിയോടെയാണ് ജനവാസ മേഖലയിലെ വീടുകൾക്ക് മുൻപിലൂടെ വനത്തിലേക്ക് മടങ്ങിയത്. രാത്രി മുഴുവൻ പ്രദേശത്തെ ഒട്ടേറെ കർഷകരുടെ കൃഷിയിടത്തിലെ വാഴ, തെങ്ങ്, കാപ്പി അടക്കമുള്ളവ നശിപ്പിച്ചതിന് പുറമേ പ്ലാവുകളിലെ മൂക്കാത്ത ചക്കകൾ വരെ പറിച്ച് നിലത്തിട്ട് നശിപ്പിച്ച അവസ്ഥയാണ്.
കൂടാതെ വനത്തിലേക്ക് മടങ്ങുന്നതിനിടെ പ്ലാവിൽ നിന്ന് പറിച്ച വലിയൊരു ചക്ക തുമ്പിക്കൈയിൽ തൂക്കി പിടിച്ചാണ് പോയത്. കാട്ടാനയെ കണ്ട് ജനങ്ങൾ ബഹളം വച്ചെങ്കിലും തുമ്പിക്കൈയിലുള്ള ചക്ക ഒരിടത്തും കളയാൻ കൂട്ടാക്കാതെ ചക്ക മുറുകെ പിടിച്ചാണ് ഒറ്റയാൻ വനത്തിലേക്ക് കയറിപ്പോയത്.
കഴിഞ്ഞ ഒരു മാസത്തോളമായി ഈ ഭാഗത്ത് സ്ഥിരമായി കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുകയാണ്.
വന്യമൃഗങ്ങൾ മൂലം കൃഷിനാശം ഏറിയതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് എങ്ങനെ മുന്നോട്ടു ജീവിക്കും എന്നറിയാത്ത അവസ്ഥയാണ് കർഷകർക്കുള്ളത്. കാട്ടാന അടക്കമുള്ള വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുമ്പോൾ നിസ്സഹായരായി നോക്കിനിൽക്കാനേ നാട്ടുകാർക്ക് കഴിയുന്നുള്ളു.
കാട്ടാനയുടെ ശല്യം രൂക്ഷമായിട്ടും അനങ്ങാപ്പാറനയം സ്വീകരിക്കുന്ന അധികൃതർക്കെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. ശല്യക്കാരനായ ആനയെ പിടികൂടി മാറ്റിപ്പാർപ്പിക്കുക, പൊട്ടി തകർന്നു കിടക്കുന്ന റെയിൽവേലി നന്നാക്കി ബലപ്പെടുത്തുക, മൂടക്കൊല്ലി ഭാഗത്ത് തുറന്നുകിടക്കുന്ന മൂന്നു കിലോമീറ്റർ വനാതിർത്തിയിൽ കന്മതിൽ കെട്ടി കാടും നാടും വേർതിരിക്കുക, മൂടക്കൊല്ലി വനാതിർത്തിയിൽ വനംവകുപ്പ് കാവൽ ശക്തമാക്കുക, വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകളുടെ നഷ്ടപരിഹാരത്തുക വർധിപ്പിക്കുകയും അത് വേഗത്തിൽ തന്നെ കർഷകന് നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വാർഡ് മെംബറുടെ നേതൃത്വത്തിൽ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
ബിനുവിന്റെ വീട്ടുമുറ്റം; ഒന്നരക്കൊമ്പന് ആനത്താര
ബത്തേരി∙ വടക്കനാട് മേഖലയിൽ മുട്ടിക്കൊമ്പൻ ആളെ കൊന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോൾ വാകേരി മൂടക്കൊല്ലിയിൽ ഒന്നര കൊമ്പന്റെ വിളയാട്ടം.
ജനവാസ കേന്ദ്രങ്ങളും വീട്ടുമുറ്റങ്ങളും ആനത്താരയാക്കിയ ഒന്നര കൊമ്പൻ ഇന്നലെ രാത്രിയും പകലും പല വീടുകളുടെയും മുറ്റത്തെത്തി. മൂടക്കൊല്ലി നെടിയാങ്കൽ ബിനുവിന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഒന്നര കൊമ്പൻ എത്തുന്നത്.
ഇന്നലെ രാവിലെ ബിനുവിന്റെ വീടിന്റെ അടുക്കള ഭാഗത്തെത്തിയ ഒന്നര കൊമ്പൻ പശുവിനു വെള്ളം കൊടുക്കുകയായിരുന്ന ബിനുവിന്റെ ഭാര്യ സോനുവിനെ ഓടിച്ചു.
തുടർന്ന് താഴേക്കിറങ്ങിയ കാട്ടാന കുന്നേൽ വിജയന്റെ വീടിനു പിന്നിലെത്തി ബഹളം വച്ചു. അടക്കള ഭാഗത്തുണ്ടായിരുന്ന നീതുവിനെ ഓടിച്ചു.
തുടർന്നാണ് സ്ഥിരമെത്തുന്ന വഴിയിലൂടെ ബിനുവിന്റെ വീട്ടുമുറ്റത്തു കൂടി പോയത്. ആന വരുന്നതു കണ്ട് മുറ്റത്തുണ്ടായിരുന്ന ബിനുവും ഓടിമാറി.
ദൃശ്യങ്ങൾ സിസിടിവിയിൽ പതിയുകയും ചെയ്തു.
ബിനുവിന്റെ മുറ്റത്തോടു ചേർന്നുള്ള വഴി ഇപ്പോൾ ആനത്താരയാണ്. കഴിഞ്ഞ 8ന് ഇതേ മുറ്റത്തു കൂടി ഇതേ കൊമ്പൻ എത്തിയിരുന്നു.
അതിനു മുൻപ് 22ന് ബിനുവിന്റെ മക്കളായ അനുനന്ദയും ആര്യനന്ദയും അഭിനവും നോക്കിനിൽക്കെ പുലർച്ചെ വീട്ടുമുറ്റത്തു കൂടി കാട്ടാന എത്തിയതാണ്. വീട്ടുമുറ്റത്തെ റോഡിനോടു ചേർന്ന വഴിയിൽ കൂടി താഴെ ഭാഗത്തു നിന്ന് അന്ന് കാട്ടാന മുകളിലേക്ക് കയറി വരികയാണ് ചെയ്തത്.
സ്ഥിരമായെത്തുന്ന കാട്ടാനയ്ക്കു ഒന്നര കൊമ്പാണുള്ളതെന്ന് ബിനുവും ഭാര്യ സോനുവും പറയുന്നു. നല്ല വലുപ്പമുള്ള ആനയുടെ വയറിന്റെ ഇടതു ഭാഗത്ത് മുഴയുമുണ്ട്.
നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും നടപടികളുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

